കോവിഡിനെ തുരത്താന്‍ എയര്‍പോര്‍ട്ടില്‍ ബിജെപി മന്ത്രിയുടെ പൂജ

ഭോപാല്‍- കോവിഡ് രണ്ടാമതും രൂക്ഷമായിത്തുടങ്ങിയതോടെ മഹാമാരിയെ തുരത്താന്‍ പലവഴികളും തേടിക്കൊണ്ടിരിക്കുകയാണ് മധ്യപ്രദേശിലെ ബിജെപി സര്‍ക്കാര്‍. ബിജെപി നേതാവും ടൂറിസം, സാംസ്‌കാരിക മന്ത്രിയുമായ ഉഷ ഠാക്കൂര്‍ ഇന്ദോറിലെ വിമാനത്താവളത്തില്‍ പ്രത്യേക പൂജ നടത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മാസ്‌ക് പോലും ധരിക്കാതെയാണ് ഇന്ദോറിലെ മൊവു എംഎല്‍എ കൂടിയായ മന്ത്രി പൂജാ കര്‍മങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. എയര്‍പോര്‍ട്ട് ഡയറക്ടറും മറ്റു ജീവനക്കാരും ഉള്‍പ്പെടെ മന്ത്രിക്കൊപ്പം പൂജാ കര്‍മത്തില്‍ പങ്കെടുത്തു. കയ്യടിച്ചും പാട്ടുപാടിയും ഹോമം ചെയ്യുന്ന മന്ത്രിയുടെ ദൃശ്യങ്ങളും പ്രചരിച്ചു. 

മന്ത്രി ഉഷ പല്ലപോഴും മാസ്‌ക് ധരിക്കാതെയാണ് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇത് പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. നിയമസഭാ സമ്മേളനത്തിലും മാസ്‌ക് ധരിക്കാത്തത് എന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താന്‍ ദിവസവും പൂജയും ഹനുമാന്‍ ചാലിസയും ചൊല്ലാറുള്ളത് കൊണ്ട് അതിന്റെ ആവശ്യമില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി. പശുവിന്റെ ചാണം കൊണ്ട് ഹോമം നടത്തിയാല്‍ വീട് 12 മണിക്കൂര്‍ നേരത്തേക്ക് അണുവിമുക്തമാകുമെന്നും നേരത്തെ മന്ത്രി ഉഷ പറഞ്ഞിരുന്നു.

Latest News