Sorry, you need to enable JavaScript to visit this website.

ബംഗാളില്‍ പോളിങിനിടെ സംഘര്‍ഷം, കേന്ദ്ര സേനയുടെ വെടിയേറ്റ് 4 മരണം; പോളിങ് നിര്‍ത്തി

കൊല്‍ക്കത്ത- പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 44 മണ്ഡലങ്ങളില്‍ നാലാംഘട്ട പോളിങ് നടക്കുന്നതിനിടെ കൂച് ബെഹര്‍ ജില്ലയില്‍ ഒരു പോളിങ് ബൂത്തില്‍ സംഘര്‍ഷം. വെടിയേറ്റ് നാലു പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന കേന്ദ്ര സേനയും വോട്ടര്‍മാരും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. സംഭവത്തെ തുടര്‍ന്ന് സിതാല്‍കുര്‍ചിയിലെ പോളിങ് ബൂത്തില്‍ വോട്ടെടുപ്പ് നിര്‍ത്തിവച്ചതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. വൈകീട്ട് അഞ്ചിനു മുമ്പായി വിശദമായ റിപോര്‍ട്ടും കമ്മീഷന്‍ തേടിയിട്ടുണ്ട്. സംഘര്‍ഷത്തിനു പിന്നില്‍ ബിജെപി ആണെന്നും തങ്ങളുടെ അഞ്ച് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. പത്താന്‍തുളി മണ്ഡലത്തിലെ ഒരു പോളിങ് ബൂത്തില്‍ ഒരു 18കാരനും ശനിയാഴ്ച രാവിലെ വെടിയേറ്റ് കൊല്ലപ്പെട്ടിരുന്നു.

ഈ സംഘര്‍ഷം തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള കടുത്ത വാക്ക്‌പോരിനിടിയാക്കി. മുഖ്യമന്ത്രി മമത ബാനര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പരസ്പരം പഴിചാരി രംഗത്തെത്തി. ബിജെപിക്ക് അനുകൂലമായി തരംഗമുണ്ടാകുന്നതില്‍ മമത ദീദിക്കും അവരുടെ ഗുണ്ടകള്‍ക്കുമുള്ള പരിഭ്രാന്തിയിലാണെന്ന് മോഡി പറഞ്ഞു. ഇതിനെതിരെ മമത ശക്തമായി തിരിച്ചടിച്ചു. ബോംബും സംഘര്‍ഷവുമില്ലാതെ ജയിക്കാനാകില്ലെന്ന് ബിജെപിക്ക് അറിയാമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കണമെന്നും മമത പറഞ്ഞു.

കേന്ദ്ര സേനകളായ ബിഎസ്എഫും സിഐഎസ്എഫും ഗ്രാമങ്ങളില്‍ ആളുകളെ പീഡിപ്പിക്കുകയാണ്. ബിജെപിക്ക് വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് സ്ത്രീകളേയും കുട്ടികളേയും പെണ്‍കുട്ടികളേയും ഭീഷണിപ്പെടുത്തുകയാണ്. വോട്ടു ചെയ്യാന്‍ വരിനില്‍ക്കുകയായിരുന്ന ആളുകളെയാണ് അവര്‍ വെടിവച്ചു കൊന്നത്. ആരാണ് ഇവര്‍ക്ക് ഈ ധൈര്യം നല്‍കിയത്? പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് ഇത്രയധികം ആളുകള്‍ കൊല്ലപ്പെട്ടിട്ടില്ല. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് കൊല്ലപ്പെട്ടത് 20 പേരാണ്. ഇവരില്‍ 13 പേരും ഞങ്ങളുടെ പാര്‍ട്ടിക്കാരാണ്- മമത പറഞ്ഞു.

വോട്ടര്‍മാരെ വെടിവച്ചത് കേന്ദ്ര സേന തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സിഐഎസ്എഫ് ജവാന്‍മാര്‍ ആളുകളോട് ബിജെപിക്ക് വോട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടുവെന്നും നിരസിച്ചവരെ വെടിവയ്ക്കുകയുമായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു.
 

Latest News