മുംബൈ- പ്രശസ്തമായ ബാന്ദ്ര-വോര്‍ളി സീ ലിങ്ക് കടല്‍പ്പാലത്തിന്റെ ഉയരമേറിയ കേബിളില്‍ അള്ളിപ്പിടിച്ചു കയറി സ്റ്റണ്ട് കാണിച്ച രണ്ട് റഷ്യന്‍ സര്‍ക്കസുകാരെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. അപകടംപിടിച്ച കേബിളില്‍ സുരക്ഷാമുന്‍കരുതലുമില്ലാതെ ഉയരത്തില്‍ കയറി സ്റ്റണ്ട് നടത്തുകയും ഫോട്ടോ എടുക്കുകയും ചെയ്ത മാക്‌സിം ഷ്‌കര്‍ബകോവ് (24), വസിലി കൊലസ്‌നികോവ് (30) എന്നിവരാണ് പിടിയിലായത്.
ഈ പാലത്തില്‍ കാല്‍നട നിരോധിച്ചതാണ്. ബാന്ദ്രയില്‍ നിന്നും ടാക്‌സിയിലെത്തിയ ഇവര്‍ വാഹനം നിര്‍ത്തിച്ച് പാലത്തിലിറങ്ങുകയായിരുന്നു. പാലത്തെ താങ്ങിനിര്‍ത്തുന്ന കേബിളുകള്‍ ബന്ധിപ്പിച്ച ഉയരമേറിയ തൂണിലേക്ക് മാക്‌സിം ആണ് കയറിയത്. കൂടെയുള്ളയാള്‍ ഇത് ഫോട്ടോ എടുക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. ഇതു കണ്ടവരാണ് പോലീസിനെ വിവരമറിയിച്ചത്. ഉടന്‍ വോര്‍ളി പോലീസെത്തി ഇരുവരേയും ഇവിടെ വച്ചു തന്നെ കസ്റ്റഡിയിലെടുത്തു.
ഭീകരാക്രമണ സാധ്യത സംശയിച്ചാണ് പോലീസ് അന്വേഷണം ആരംഭിച്ചതെങ്കിലും ഇവരുടെ ഇന്‍സ്റ്റഗ്രാമും യാത്രാ രേഖകളും പരിശോധിച്ചതോടെ ഇവര്‍ സര്‍ക്കസുകാരാണെന്ന് വ്യക്തമായി. ഇന്ത്യയിലേയും വിദേശത്തേയും നിരവധി ഉയരമേറിയ കെട്ടിടങ്ങളിലും മറ്റും കയറി സാഹസിക പ്രകടനം നടത്തുകയാണ് ഇവരുടെ പതിവ്. ഒരു വര്‍ഷത്തോളമായി ഇവര്‍ ടൂറിസ്റ്റ് വിസയിലാണ് ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ചുറ്റിക്കറങ്ങുന്നത്. ബാന്ദ്രയിലെ മെഹ്ബൂബ് സ്റ്റുഡിയോയില്‍ ഒരു സര്‍ക്കസ് പ്രകടനത്തിനായി മുംബൈയില്‍ എത്തിയതാണിവരെന്നും പോലീസ് പറഞ്ഞു.