Sorry, you need to enable JavaScript to visit this website.
Thursday , March   30, 2023
Thursday , March   30, 2023

മാലിക്ദിനാര്‍ പള്ളിയില്‍ നേർച്ചയായി ലഭിച്ച കുതിര ഇനി ജബ്ബാറിന് സ്വന്തം; ലേലത്തില്‍ ലഭിച്ചത് 74,100 രൂപ

കാസര്‍കോട്- തളങ്കര മാലിക്ദിനാര്‍ മസ്ജിദിലെ ആണ്‍കുതിര ഇനി ജബ്ബാറിന് സ്വന്തം. മാലിക് ദീനാറിൽ കുതിരയെ ലേലത്തിന് വെച്ചപ്പോൾ ഹിദായത്ത് നഗര്‍ മുട്ടത്തൊടിയിലെ ജബ്ബാര്‍ മണങ്കള 74,100 രൂപയ്ക്കാണ് കുതിരയെ സ്വന്തമാക്കിയത്.

വെള്ളിയാഴ്ച ജുമുഅ നമസ്‌ക്കാരത്തിന് ശേഷമായിരുന്നു തളങ്കര ദേശക്കാരുടെ പ്രിയപ്പെട്ടവൻ ആയിരുന്ന കുതിരയുടെ ലേലം. ഹിദായത്ത് നഗറിലെ പ്രമുഖനായ കര്‍ഷകനാണ് ജബ്ബാര്‍. പശു, ആട്, കോഴി എന്നിവയും ഇദ്ദേഹത്തിന്റെ വളര്‍ത്തു ശേഖരത്തിലുണ്ട്.

മാലിക് ദീനാര്‍ പള്ളിയോടുള്ള സ്‌നേഹത്തിന്റെ പേരിലാണ് കുതിരയെ സ്വന്തമാക്കിയതെന്ന് ജബ്ബാര്‍ പറഞ്ഞു. കര്‍ണാടക തുംകൂര്‍ സ്വദേശി മുഹമ്മദ് ശംസീറാണ് കുതിരയെ മാലിക്ദീനാര്‍ പള്ളിക്ക് നേര്‍ച്ചയായി നല്‍കിയത്. ഇവിടേയ്ക്ക് സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ നേര്‍ച്ചയായി ലഭിക്കാറുണ്ടെങ്കിലും ആദ്യമായാണ് കുതിരയെ ലഭിക്കുന്നത്. അതിനാല്‍ തന്നെ ഏറെ കൗതുകത്തോടെയാണ് പള്ളിയിലെത്തുന്നവര്‍ കുതിരയെ നോക്കിക്കണ്ടത്. കഴിഞ്ഞ ആഴ്ച്ചയാണ് കുതിരയെ ലേലത്തില്‍ വയ്ക്കുന്ന കാര്യം വിളംബരം ചെയ്തത്.

കുതിരയുടെ ലേലംവിളി കാണാന്‍ നിരവധി പേരെത്തിയിരുന്നു. മാലിക്ദീനാര്‍ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് യഹ് യ തളങ്കര, ജനറല്‍ സെക്രട്ടറി എ.അബ്ദുല്‍റഹ്മാൻ, ട്രഷറര്‍ മുക്രി ഇബ്രാഹിം ഹാജി തുടങ്ങിയ ഭാരവാഹികളും സന്നിഹിതരായിരുന്നു.

Latest News