Sorry, you need to enable JavaScript to visit this website.

തിരുത്തപ്പെടാത്ത തെരഞ്ഞെടുപ്പ് റെക്കോർഡ്

കേരളം, തമിഴ്‌നാട് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ആകെ മുപ്പത് സീറ്റിലാണ് മുസ്‌ലിം ലീഗ് ജനവിധി തേടുന്നത്. കേരളത്തിൽ നിന്ന് ഇരുപത്തിഏഴും തമിഴ്‌നാട്ടിൽ നിന്ന് മൂന്നും. എന്നാൽ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു തെരഞ്ഞെടുപ്പിൽ ഇതുപോലെ മുപ്പത് സീറ്റിൽ മത്സരിക്കുകയും മുഴുവൻ സീറ്റിലും വിജയിക്കുകയും ചെയ്ത ഒരു ചരിത്രം കൂടി മുസ്‌ലിം ലീഗിന് പറയാനുണ്ട്. 1946 ലെ മദ്രാസ് പ്രവിശ്യാ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ഇതുവരെ ഭേദിക്കാൻ കഴിയാത്ത ആ റെക്കോർഡ് നിലനിൽക്കുന്നത്. ചില രേഖകളിൽ അത് 29 സീറ്റ് എന്നും 28 സീറ്റ് എന്നും ഉണ്ട്. എന്നാലും മത്സരിച്ച മുഴുവൻ സീറ്റിലും വിജയിച്ചു എന്നത് അഭിപ്രായ വ്യത്യാസമില്ലാത്ത കാര്യമാണ്.
1935 ലാണ് ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് നിലവിൽ വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ 1937 ൽ പ്രവിശ്യാ അസംബ്ലികളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു. മദ്രാസ് പ്രവിശ്യയിൽ വിജയിച്ചത് കോൺഗ്രസായിരുന്നു. 1939 ൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഗവൺമെന്റ് രാജിവെച്ചതിനു ശേഷം 1946 വരെ ഗവർണർ ഭരണത്തിന് കീഴിലായിരുന്നു മദ്രാസ്. 
മദ്രാസ് പ്രസിഡൻസിയിലേക്കു നടന്ന രണ്ടാമത്തെ നിയമസഭാ തെരഞ്ഞെടുപ്പായിരുന്നു 1946 ലേത്.  കാസർകോട് മുതൽ പാലക്കാട് വരെയുള്ള മലബാറും ഇന്നത്തെ തമിഴ്‌നാടും തെലങ്കാനയും ആന്ധ്രപ്രദേശും മൈസൂരും മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ആകെയുള്ള 215 നിയമസഭാ സീറ്റുകളിൽ 163 എണ്ണം വിജയിച്ച കോൺഗ്രസ് രണ്ടാമതും ഭരണം നേടി. ഇന്ത്യക്കാർക്ക് സ്വന്തമായി ഭരണഘടന നിർമിക്കാനുള്ള നിർദേശം സ്വീകരിക്കപ്പെട്ടതിനെ തുടർന്നാണ് 1946 ലെ തെരഞ്ഞെടുപ്പ് നടക്കുന്നത്.
1937 ലെ കേന്ദ്ര അസംബ്ലി തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിനെ തുടർന്ന് മദ്രാസ് പ്രവിശ്യയിലെ പ്രമുഖ പാർട്ടിയും കോൺഗ്രസിന്റെ പ്രധാന രാഷ്ട്രീയ ബദലുമായിരുന്ന ജസ്റ്റിസ് പാർട്ടി രാഷ്ട്രീയത്തിൽ നിന്ന് ഏറെക്കുറെ നിഷ്‌കാസിതരായിരുന്നു. 1937-40 ലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയിൽ ജസ്റ്റിസ് പാർട്ടി പെരിയാർ ഇ.വി രാമസ്വാമിയുമായും അദ്ദേഹത്തിന്റെ പ്രസ്ഥാനവുമായും സഖ്യം ചേർന്നു. ജസ്റ്റിസ് പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്ത പെരിയാർ രാമസ്വാമി ദ്രാവിഡാർ കഴകം എന്ന പുതിയ പാർട്ടി രൂപീകരിച്ച് ജസ്റ്റിസ് പാർട്ടിയെ അതിൽ ലയിപ്പിച്ചു. 1946 ലെ തെരഞ്ഞെടുപ്പ് പക്ഷേ ദ്രാവിഡാർ കഴകം ബഹിഷ്‌കരിക്കുകയായിരുന്നു. ദ്രാവിഡാർ കഴകം ഭിന്നിച്ചാണ് പിന്നീട് ദ്രാവിഡ മുന്നേറ്റ കഴകം (ഡി.എം.കെ) ഉണ്ടാകുന്നത്. അതിൽ നിന്ന് ഉണ്ടായതാണ് ആൾ ഇന്ത്യാ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം (എ.ഐ.എ.ഡി.എം.കെ)
മുസ്ലിം സംവരണ മണ്ഡലങ്ങളിലാണ് മുസ്‌ലിം ലീഗ് മത്സരിച്ചത്. മത്സരിച്ച എല്ലാ സീറ്റുകളിലും പാർട്ടി വിജയിക്കുകയും ഇന്ത്യൻ നാഷനൽ കോൺഗ്രസിന് പിന്നിൽ നിയമസഭയിലെ രണ്ടാമത്തെ വലിയ കക്ഷിയായി ഉയരുകയും ചെയ്തു. ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ് പ്രതിപക്ഷ നേതാവായും മുസ്‌ലിം ലീഗിലെ തന്നെ ബീഗം അമീറ പ്രതിപക്ഷ ഉപനേതാവായും തെരഞ്ഞെടുക്കപ്പെട്ടു. പ്രഗൽഭരും പ്രശസ്തരുമായ നേതാക്കന്മാരുടെ വലിയ നിര തന്നെ ഉണ്ടായിരുന്നിട്ടും ഒരു വനിതാ അംഗത്തെ പ്രതിപക്ഷ ഉപനേതാവായി തെരഞ്ഞെടുത്തത് രാഷ്ട്രീയത്തിൽ ഇന്നും ഒരു വിസ്മയമായി നിലനിൽക്കുകയാണ്.  
1942 മുതൽ പ്രവർത്തന സ്വാതന്ത്ര്യം അനുവദിക്കപ്പെട്ട കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയും (സി.പി.ഐ) 1946 ലെ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചു. കമ്യൂണിസ്റ്റ് പാർട്ടി സ്വന്തം നയപ്രഖ്യാപന രേഖയോടു കൂടി ആദ്യമായി ഒരു തെരഞ്ഞെടുപ്പിനെ നേരിട്ടത് 1946 ലെ പ്രവിശ്യാ തെരഞ്ഞെടുപ്പിലാണ്. 103 മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും രണ്ട് സീറ്റിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞത്. വിവിധ രാഷ്ട്രീയ പാർട്ടികൾക്കായി വ്യത്യസ്ത നിറത്തിലുള്ള പ്രത്യേക ബാലറ്റ് പെട്ടികളാണ് സജ്ജീകരിച്ചിരുന്നത്. കോൺഗ്രസിന് മഞ്ഞയും മുസ്‌ലിം ലീഗിന് പച്ചയും സി.പി.ഐക്ക് ചുവപ്പും നിറത്തിലുള്ള ബോക്‌സുകളായിരുന്നു. മത്സരിച്ച മുസ്ലിം സംവരണ മണ്ഡലങ്ങളിലെല്ലാം കമ്യൂണിസ്റ്റ് പാർട്ടിക്ക് കെട്ടിവെച്ച കാശ് നഷ്ടപ്പെട്ടു എന്നത് ശ്രദ്ധേയമായിരുന്നു.
ഇന്ത്യയിലെ വ്യത്യസ്ത പ്രവിശ്യാ നിയമസഭകളിലേക്ക് വിജയിച്ച അംഗങ്ങളിൽ നിന്നാണ് ഇന്ത്യൻ ഭരണഘടനാ അസംബ്ലിയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുത്തത്. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ഭരണഘടനാ നിർമാണമായിരുന്നു അവരുടെ പ്രധാന ചുമതല. ഇന്ത്യയുടെ പ്രഥമ പാർലമെന്റായി പ്രവർത്തിച്ചതും ഭരണഘടനാ നിർമാണ സഭയായിരുന്നു. ഖാഇദെ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബ്, കെ.ടി.എം അഹമ്മദ് ഇബ്രാഹിം, മെഹബൂബ് അലിബേഗ്, ബി.പോക്കർ സാഹിബ് എന്നിവരാണ് മദ്രാസ് പ്രവിശ്യയിൽ നിന്ന് ഭരണഘടനാ നിർമാണ സഭയിൽ എത്തിയ മുസ്‌ലിം ലീഗ് അംഗങ്ങൾ.
 

Latest News