മലപ്പുറം- ബന്ധു നിയമനത്തിൽ അധികാര ദുർവിനിയോഗം നടത്തിയെന്ന ലോകായുക്ത വിധി മന്ത്രി ജലീലിന് ലഭിച്ചത് ഇരുട്ടടി. തെരഞ്ഞെടുപ്പ് അവസാനിച്ച് ഫലം കാത്തിരിക്കുന്നതിനിടെയാണ് ജലീലിനെ തേടി ലോകായുക്തയുടെ വിധി എത്തിയത്. മന്ത്രി സ്ഥാനത്ത് തുടരാൻ ജലീലിന് അർഹതയില്ലെന്ന വാചകം കൂടി ലോകായുക്ത പ്രയോഗിച്ചതോടെ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരുമോ എന്ന കാര്യവും സംശയമാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽനിന്ന് ജലീൽ മുക്തനായി വരുന്ന വേളയിലാണ് ലോകായുക്തയുടെ നിർണായക വിധി എത്തിയത്. ബന്ധു അദീബിനെ ന്യൂനപക്ഷ കോർപ്പറേഷനിൽ നിയമിക്കാൻ വഴിവിട്ടു പ്രവർത്തിച്ചുവെന്നാണ് ലോകായുക്ത വിധിയുള്ളത്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി നടപടി എടുക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടു.
ബന്ധു നിയമനത്തിൽ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ജലീൽ പറഞ്ഞിരുന്നത്. ഹൈക്കോടതിയിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി നൽകിയ പരാതി പിൻവലിച്ചതോടെ ജലീൽ പരിഹാസവുമായി രംഗത്തെത്തിയിരുന്നു. ഇതാണോ കമ്പനി നടത്തിയ യുദ്ധം എന്ന രീതിയിലായിരുന്നു ജലീലിന്റെ പരാമർശം. എന്നാൽ, ജലീൽ ഉടൻ രാജിവെക്കണമെന്നും കേരളത്തെ വഞ്ചിച്ചതിന് മാപ്പുപറയണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു. സത്യം എത്ര കാലം കഴിഞ്ഞാലും പുറത്തുവരുമെന്ന് മന്ത്രി ജലീലിനെതിരെ പരാതി നൽകിയ വി.കെ ശാഫി അഭിപ്രായപ്പെട്ടു.
അതേസമയം, നിയമസഭ തെരഞ്ഞെടുപ്പു കഴിഞ്ഞ് മന്ത്രിസഭയുടെ കാലാവധി തീർന്നതിനാൽ ജലീൽ രാജിവെക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. കോവിഡ് ബാധിച്ച് മുഖ്യമന്ത്രി ആശുപത്രിയിലായതിനാൽ ഉടൻ നടപടി സ്വീകരിക്കാനും വഴിയില്ല. ഇതോടെ പുതിയ നിയമസഭ നിലവിൽ വരുന്നത് വരെ ജലീൽ മന്ത്രി സ്ഥാനത്ത് തന്നെ തുടരാനാണ് സാധ്യത. ലോകായുക്ത വിധി സംബന്ധിച്ച് ജലീലിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
തവനൂരിൽ കടുത്ത മത്സരമാണ് ഈ തെരഞ്ഞെടുപ്പിൽ ജലീൽ നേരിട്ടത്. ഫിറോസ് കുന്നുംപറമ്പിലിനെ രംഗത്തിറക്കി യു.ഡി.എഫ് ജലീലിനെതിരെ മികച്ച പോരാട്ടം നടത്തിയിരുന്നു. മലപ്പുറം ജില്ലയിൽ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളിലൊന്നാണ് തവനൂർ.






