ന്യൂദല്‍ഹി- മതപരിവര്‍ത്തനവും മന്ത്രവാദവും തടയാൻ ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിക്കെതിരെ രൂക്ഷപ്രതികരണവുമായി സുപ്രീം കോടതി. ഇത് അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജി തള്ളി. പ്രായം 18 തികഞ്ഞ വ്യക്തികള്‍ക്ക് അവര്‍ക്കിഷ്ടമുള്ള മതം സ്വീകരിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും ജസ്റ്റിസുമാരായ ആര് എഫ് നരിമാന്, ബി ആര് ഗവായ്, ഋഷികേഷ് റോയ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകനായ അശ്വിനി ഉപാധ്യയ ആണ് ഈ ആവശ്യവുമായി ഹര്‍ജി സമര്‍പ്പിച്ചത്. അശ്വിനിക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ ശങ്കരനാരായണ കോടതിയില്‍ ഹാജരായി. ആര്‍ട്ടിക്ക്ള്‍ 32നു കീഴിലുള്ള എന്തുതരം റിട്ട് ഹര്‍ജിയാണിത്? ഇതിനു കനത്ത പിഴ ഈടാക്കും. സ്വന്തം ഉത്തരവാദിത്തത്തില്‍ വാദിക്കാം- ബെഞ്ച് ശക്തമായ ഭാഷയില്‍ അഭിഷാകന് ശങ്കരനാരായണയോട് പറഞ്ഞു.
18 വയസ്സിനു മുകളില്‍ പ്രായമുള്ളവരുടെ മതംമാറ്റം തടയാന്‍ ഒരു കാരണവും ഇല്ലെന്നും ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയില്‍ പ്രചരിപ്പിക്കുക എന്നൊരു വാക്ക് എന്തുകൊണ്ട് ഉള്‍പ്പെടുത്തി എന്നതിന് ഒരു കാരണമുണ്ടെന്നും അഭിഭാഷകനോട് കോടതി പറഞ്ഞു. നിയമ കമ്മീഷനു മുമ്പില്‍ ഈ ആവശ്യം സമര്‍പ്പിക്കാന്‍ അനുമതി നല്‍കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യവും കോടതി തള്ളി.






