Sorry, you need to enable JavaScript to visit this website.

മനുഷ്യക്കടത്ത് സംഘം കേരള തീരത്ത്;  കൊച്ചിയിൽ വ്യാപക തെരച്ചിൽ

കൊച്ചി - കേരള തീരത്ത് നിന്ന് വിദേശ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് കടലും കരയും അരിച്ചു പെറുക്കി പോലീസ്. നാവിക സേന, കോസ്റ്റ് ഗാർഡ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, എന്നീ വിഭാഗങ്ങളും പോലീസിനൊപ്പം തീരദേശങ്ങളിലും കരയിലും ഒരേ സമയം പരിശോധന നടത്തുന്നു.
മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ സ്വദേശികളായ രണ്ട് പേർ തമിഴ്‌നാട് പോലീസിന്റെ പിടിയിലായിരുന്നു. രാമേശ്വരം മണ്ഡപത്ത് നിന്നാണ് ഇവരെ തൂത്തുക്കുടി കോസ്റ്റൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ തമിഴ്‌നാട് പോലീസും കേന്ദ്ര അന്വേഷണ ഏജൻസികളായ ഐ.ബിയും റോയും ചോദ്യം ചെയ്തതിനെ തുടർന്നാണ് കൊച്ചി തീരം വഴി വിദേശത്തേക്ക് ശ്രീലങ്കൻ അഭയാർഥികളെ കടത്തുന്നതിനുള്ള രഹസ്യ പദ്ധതിയെക്കുറിച്ച് വിവരം ലഭിച്ചത്. 


മുൻ എൽ.ടി.ടി.ഇക്കാരൻ ശ്രീലങ്കയിലെ മുല്ലൈത്തീവ് സ്വദേശി റോഡ്‌നിയുടെ നേതൃത്വത്തിൽ വിദേശത്തേക്ക് പോകാനായി 45 അംഗ സംഘം കേരള തീരത്ത് എത്തിയിട്ടുണ്ടെന്നാണ് വിവരം. ചൊവ്വാഴ്ച രാത്രിയാണ് അറിയിപ്പ് സംസ്ഥാന പോലീസിന് ലഭിക്കുന്നത്. തുടർന്ന് കാസർകോട് മുതൽ തിരുവനന്തപുരം വരെ 18 തീരദേശ പോലീസ് സ്റ്റേഷനുകളുടെ നേതൃത്വത്തിൽ കടലിൽ രാത്രിയും പകലും ബോട്ടുമായി പട്രോളിംഗ് നടത്തി. സംശയമുള്ള മീൻപിടിത്ത ബോട്ടുകളും വള്ളങ്ങളും പരിശോധിച്ചു. 
ബുധനാഴ്ച രാത്രി കൊച്ചി തീരത്ത് എത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള മീൻപിടിത്ത ബോട്ട് കോസ്റ്റൽ പോലീസ് പരിശോധിച്ചു. ബോട്ടിന്റെ ഉടമകൾ യഥാർഥ രേഖകൾ ഹാജരാക്കിയതിനെത്തുടർന്ന് വിട്ടയച്ചു.


എറണാകുളത്ത് ചെറായി, മുനമ്പം, പള്ളിപ്പുറം, എടവനക്കാട് മേഖലകളിലെ ബീച്ചുകൾ, റിസോർട്ടുകൾ, ഹോം സ്റ്റേകൾ എന്നിവിടങ്ങളിൽ പോലീസ് പരിശോധന നടത്തി. ശ്രീലങ്കക്കാർ, ശ്രീലങ്കൻ തമിഴ് വംശജർ എന്നിവരെത്തിയാൽ അറിയിക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
2019 ജനുവരി 11നും 12നുമായി മുനമ്പത്തു നിന്ന് 243 പേർ വിദേശത്തേക്ക് കടന്ന പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്. കേസിൽ പത്ത് പേരെ അറസ്റ്റ് ചെയ്തിരുന്നു. ദേശീയ അന്വേഷണ ഏജൻസികൾ അന്വേഷിച്ചിട്ടും വിദേശത്തേക്ക് കടന്നവരെക്കുറിച്ച് കൂടുതൽ വിവരം ലഭിച്ചിരുന്നില്ല.

 

Latest News