Sorry, you need to enable JavaScript to visit this website.

പേരുദോഷം ഒഴിവാക്കാൻ യൂട്യൂബ്‌

ചട്ടങ്ങൾ ലംഘിക്കുന്ന വീഡിയോകൾ  വളരെ  കുറച്ച് ആളുകൾ മാത്രമേ കാണുന്നുള്ളൂവെന്ന് അവകാശപ്പെട്ട് യൂട്യൂബ്. ത്രൈമാസ സുതാര്യതാ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് ഇത്തരം വീഡിയോകൾ നീക്കം ചെയ്യപ്പെടുന്നതിനു മുമ്പ് കുറച്ച് മാത്രമേ കാണപ്പെടുന്നുള്ളൂവെന്ന് ഗൂഗിൾ ഉടമസ്ഥതയിലുള്ള യൂട്യൂബ് വ്യക്തമാക്കിയത്. ഹാനികരമാകുന്ന വീഡിയോകൾ ലഭ്യമാക്കി യൂട്യൂബും ഇന്റർനെറ്റിനെ സുരക്ഷിതമല്ലാതാക്കുന്നുവെന്ന വിമർശനങ്ങൾ തുടരുന്നതിനിടെയാണ് യൂട്യൂബിന്റേയും മാതൃ കമ്പനിയായ ഗൂഗിളിന്റേയും അവകാശവാദം. 
കഴിഞ്ഞ വർഷത്തെ അവസാന മൂന്ന് മാസങ്ങളിൽ ഈ കണക്ക് ഒരു ശതമാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്ന് യൂട്യൂബ് ട്രസ്റ്റ് ആൻഡ് സേഫ്റ്റി ഡയറക്ടർ ജെന്നിഫർ ഓ കൊന്നർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.


ഇത് ഇനിയും കുറയണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനായാണ് തങ്ങൾ രാവും പകലും ശ്രമിക്കുന്നതെന്നും  അവർ പറഞ്ഞു.
10,000 കാഴ്ചകളിൽ 16 മുതൽ 18 വരെ മാത്രമാണ് ചട്ടങ്ങൾ ലംഘിച്ച വീഡിയോകൾ. യൂട്യൂബ് ഉള്ളടക്കം പരിശോധിക്കുന്നതിലൂടെ ലഭിക്കുന്ന സൂചനയാണിത്. 
യൂട്യൂബ് പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതലുള്ള ചട്ടലംഘനം  സ്പാം വിഭാഗത്തിലാണ്. ഏതൊക്കെ ചട്ടങ്ങളാണ് കൂടുതലായി ലംഘിക്കപ്പെടുന്നതെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 
സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലെ യാന്ത്രിക സംവിധാനങ്ങൾ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തുന്ന  94 ശതമാനം വീഡിയോകളിൽ 10 കാഴ്ചകൾ ലഭിക്കുന്നതിന് മുമ്പ് 75 ശതമാനവും നീക്കംചെയ്യപ്പെടുന്നുണ്ട്. 


യൂട്യൂബിലെ ആഭ്യന്തര ടീമുകൾ 2017 മുതൽ തെറ്റായ ഉള്ളടക്കം കണ്ടെത്തുന്നതിന് സാങ്കേതിക വിദ്യകൾ ആശ്രയിക്കുന്നുണ്ട്. ഇതിനായി വലിയ തോതിലാണ് കമ്പനി മുതൽമുടക്കിയത്. അനാവശ്യ വീഡിയോകൾ കണ്ടെത്തുന്നതിന് സാങ്കേതികവിദ്യകൾ ഉപയോഗിച്ചതിനു പുറമെ ജീവനക്കാർക്ക് മികച്ച പരിശീലനം നൽകിയെന്നും ജെനിഫർ ഓ  കോണർ പറഞ്ഞു.
ഗൂഗിളിലെ 20,000 ത്തിലധികം ജീവനക്കാർ യുട്യൂബ് പ്ലാറ്റ്‌ഫോം സുരക്ഷിതമാക്കുന്നതിന് പ്രതിബദ്ധത പുലർത്തുന്നുണ്ട്. 
യഥാർത്ഥ ലോകത്തിന് ഹാനികരമാകുന്ന തെറ്റായ വിവരങ്ങളുടെയും മറ്റും ദുരുപയോഗം തുടയുന്നതിനും ഇൻറർനെറ്റ് സുതാര്യമാക്കുന്നതിനും  വേണ്ടത്ര കാര്യങ്ങൾ ചെയ്തിട്ടില്ലെന്ന വിമർശനം നേരിടുന്ന കമ്പനികളിൽ ഗൂഗിളും യൂട്യൂബും ഉൾപ്പെടുന്നുണ്ട്. 


2018 ൽ കമ്മ്യൂണിറ്റി മാർഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതു സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തിറക്കാൻ തുടങ്ങിയതുമുതൽ, 83 ദശലക്ഷത്തിലധികം വീഡിയോകളും   എഴുനൂറ് കോടി കമൻറുകളും യൂട്യൂബ് നീക്കം ചെയ്തിട്ടുണ്ട്. 
തങ്ങൾ പുറത്തുവിടുന്ന കണക്കുകൾ എല്ലാവർക്കും വിശ്വസിക്കാമെന്നും ശാസ്ത്രീയമായാണ് പരിശോധനക്ക് അയക്കുന്ന ഉള്ളടക്കങ്ങൾ കണ്ടെത്തുന്നതെന്നും  ഓ കോണർ പറഞ്ഞു. നയങ്ങൾ ലംഘിക്കുന്നുണ്ടോയെന്ന് നിർണ്ണയിക്കാൻ വിവിആർ ടെക്‌നിക്കാണ് ഉപയോഗിക്കുന്നത്. 
ദോഷകരമായ ഉള്ളടക്കം കാഴ്ചക്കാരെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസിലാക്കുന്നതിനും എവിടെയാണ് മാറ്റങ്ങൾ വരുത്തേണ്ടതെന്ന് ബോധ്യപ്പെടുന്നതിനും സാങ്കേതിക വിദ്യ സഹായകമാകുന്നുണ്ടെന്ന് അവർ വിശദീകരിച്ചു.

 

Latest News