മഞ്ചേശ്വരത്ത് കോൺഗ്രസിലെ ഒരു വിഭാഗവും ലീഗിലെ എം.സി. ഖമറുദ്ദീൻ വിഭാഗവും വോട്ട് മറിച്ചതായി സി.പി.എം
കാസർകോട്- മഞ്ചേശ്വരത്ത് കോൺഗ്രസിലെ ഒരു വിഭാഗവും മുസ്‌ലിം ലീഗിലെ എം.സി. ഖമറുദ്ദീൻ വിഭാഗവും വോട്ട് മറിച്ചതായി ആരോപിച്ച് സി.പിഎം. കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും അതിനെ പിന്തുണച്ചുള്ള ഖമറുദ്ദീന്റെയും ബി .ജെ .പി അനുകൂല പ്രസ്താവന ഇതിന് തെളിവാണെന്നും സി .പി .എം പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തിലെ വിജയത്തിൽ ആശങ്കയുണ്ടെന്നും സി പി എം ബി ജെ പിക്ക് മറിച്ചുവെന്നുമുള്ളമുല്ലപ്പള്ളിയുടെ പ്രസ്താവന മുൻകൂർ ജാമ്യമെടുക്കലെന്ന് സി .പി .എം കുമ്പള ഏരിയ സെക്രട്ടറി സി .കെ സുബൈർ പറഞ്ഞു. മണ്ഡലത്തിൽ മൂന്നു മുന്നണികളും അതിശക്തമായി മത്സരിച്ചിട്ടുണ്ട്. ലീഗും ബി .ജെ പിയും ജനങ്ങളെ മതപരമായി വിഭജിച്ച് വോട്ട് തേടിയപ്പോൾ മതേതരത്വത്തിനും വികസനത്തിനുമായിരുന്നു എൽ ഡി എഫ് വോട്ട് ചോദിച്ചിരുന്നതെന്നാണ് അവരുടെ വാദം. വോട്ടെടുപ്പ് നടക്കുന്നതിന്റെ തൊട്ടു മുമ്പ്മുല്ലപ്പള്ളിയും ഉമ്മൻ ചാണ്ടിയും വിരുദ്ധമായ കാര്യങ്ങൾ പറഞ്ഞതു കൃത്യമായ ലക്ഷ്യത്തോടെ ആണെന്നാണ് ഒരു വിഭാഗം കരുതുന്നത്. മുല്ലപ്പള്ളി ഇടതു സഹായം തേടിയപ്പോൾ ഉമ്മൻ ചാണ്ടി അതു നിരാകരിക്കുവാനാണ് തയാറായത്. എന്നാൽ മഞ്ചേശ്വരം മണ്ഡലത്തിലെ പ്രചാരണ പരിപാടികളിൽ യു ഡി എഫിന്റെ പ്രധാന നേതാക്കൾ ആരും വന്നിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമായിരുന്നു. രാഹുൽ ഗാന്ധിയുടെ റോഡ് ഷോ റദ്ദു ചെയ്തതിന്റെ പിന്നിൽ ആരായിരുന്നുവെന്നും സുബൈർ ചോദിക്കുന്നു. എന്തു കൊണ്ടാണ് ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ മണ്ഡലത്തിൽ വരാതിരുന്നതെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എത്ര പരിപാടികളിൽ പങ്കെടുത്തിട്ടുണ്ടെന്നും എം.സി ഖമറുദ്ദീൻ എന്തുകൊണ്ട് ഒളിച്ചു കളിച്ചുവെന്നും സുബൈർ ചോദിക്കുന്നു. ആരാണ് കോൺഗ്രസ് നേതാക്കളെ ആക്രമിക്കുവാൻ യൂത്ത് ലീഗുകാരെ ചട്ടം കെട്ടിയതെന്ന ചോദ്യത്തിന് മുല്ലപ്പള്ളി ഉത്തരം പറയണം. അതിനോട് ചേർന്നു ഖമറുദ്ദീൻ കൂടി പറഞ്ഞപ്പോൾ കാര്യങ്ങൾ വ്യക്തമാണ് -സുബൈർ പറഞ്ഞു. സ്വന്തം വോട്ട്ചോർത്തി ബി ജെ പി ക്കു നൽകി സുരേന്ദ്രനെ ജയിപ്പിക്കുവാൻ തീരുമാനിച്ചത് ഖമറുദ്ദീനെതിരായ ഇ.ഡി അന്വേഷണം തടയാനാണെന്നാണ് സി.പി.എമ്മിന്റെ ആരോപണം. 1991 ലും 2001 ലും പരാജയപ്പെട്ട കോ-ലീ-ബി സഖ്യത്തിന്റെ മറ്റൊരു രൂപമാണ് ഇക്കുറി മഞ്ചേശ്വരത്ത് പയറ്റിയത്. സ്വന്തം വോട്ട് നൽകി സി പി എമ്മിനെകുറ്റപ്പെടുത്തി രക്ഷപ്പെടാമെന്നത് വെറും വ്യാമോഹം മാത്രമാണ്. ആരൊക്കെ വോട്ട് മറിച്ചാലും മഞ്ചേശ്വരം ബി ജെ പിയെ തടയുമെന്നും അതു ഇടതുപക്ഷത്തിന്റെ ഉറപ്പാണെന്നും സുബൈർ പറയുന്നു. മഞ്ചേശ്വരത്ത് ബി ജെ പിക്ക്ജയസാധ്യതയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചത് വിവാദമായിരുന്നു. മണ്ഡലത്തിന്റെ ചുമതലയുള്ള രാജ്മോഹൻ ഉണ്ണിത്താൻ മുല്ലപ്പള്ളിയെ തള്ളി രംഗത്തു വന്നെങ്കിലുംഎം .സി ഖമറുദ്ദീൻ എം എൽ എ മുല്ലപ്പള്ളിയെപിന്തുണച്ചു രംഗത്തു വന്നത്കാസർകോട് ജില്ലയിലെ യു ഡി എഫിൽ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. 2019 ലെ ഉപതെരഞ്ഞെടുപ്പിൽ ഖമറുദ്ദീൻ സ്ഥാനാർത്ഥിയാകുന്നത് തടയാൻ പാണക്കാട്ട് പോയി ചരടുവലി നടത്തിയ ആളാണ് മണ്ഡലത്തിൽ ഇത്തവണ സ്ഥാനാർഥിയായ എ. കെ. എം അഷ്റഫ്. അന്നത്തെ സംഭവത്തിന് വോട്ട് മറിച്ചു പ്രതികാരം ചെയ്യാൻ ഖമറുദ്ദീൻ ഇടപെട്ടിരുന്നോ എന്നാണ് ഇപ്പോൾ യു ഡി എഫ് കേന്ദ്രങ്ങൾ സംശയം ഉന്നയിക്കുന്നത്.