ന്യൂദല്‍ഹി- നിയുക്ത ചീഫ് ജസ്റ്റിസ് എന്‍.വി. രമണ വ്യാഴാഴ്ച അവധിയെടുത്തതോടെ ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ വിളിച്ചു ചേര്‍ത്ത സുപ്രീം കോടതി കൊളീജിയം യോഗം അനിശ്ചിതത്വത്തിലായി. പുതിയ ജഡ്ജിമാരെ നിയമക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കൊളീജിയം യോഗം വിളിച്ചു ചേര്‍ത്ത ചീഫ് ജസ്റ്റിസ് ബോബ്‌ഡെയുടെ നീക്കത്തില്‍ രണ്ടു മുതിര്‍ന്ന ജഡ്ജിമാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെന്ന റിപോര്‍ട്ടിനു പിന്നാലെയാണ് ജസ്റ്റിസ് രമണ ഇന്ന് അവധിയെടുത്തത്.
സുപ്രീം കോടതിയില്‍ പുതിയ ചീഫ് ജസ്റ്റിസിനെ രാഷ്ട്രപതി നിയമിച്ച് ഉത്തരവിറക്കിയ പശ്ചാത്തലത്തില്‍ വിരമിക്കാനിരിക്കുന്ന ചീഫ് ജസ്റ്റിസ് കൊളീജിയം യോഗം വിളിച്ചു ചേര്‍ത്ത് പുതിയ ജഡ്ജിമാരുടെ നിയമനകാര്യത്തില്‍ തീരുമാനമെടുക്കുന്നത് കീഴ്‌വഴക്കത്തിന് വിരുദ്ധമാണ് എന്നതാണ് അനിശ്ചിതത്വത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു.
ജസ്റ്റിസ് രമണ പുതിയ ചീഫ് ജസ്റ്റിസായി ഈ മാസം 24ന് സ്ഥാനമേല്‍ക്കും. കൊളീജിയം യോഗം നേരത്തെ നിശ്ചയിച്ചതായിരുന്നെങ്കിലും പുതിയ ചീഫ് ജസ്റ്റിസിനെ ഏപ്രില്‍ ആറിന് നിയമിച്ച് ഉത്തരവിറങ്ങിയ പശ്ചാത്തലത്തില്‍ എതിര്‍പ്പ് ഉന്നയിക്കപ്പെട്ടെങ്കിലും ജസ്റ്റിസ് ബോബ്‌ഡെ ഈ യോഗം മാറ്റിവയ്ക്കാന്‍ തയാറായില്ല.






