മലപ്പുറം - ഇടതുമുന്നണിയുടെ സിറ്റിംഗ് സീറ്റായ പൊന്നാനിയിൽ ഇത്തവണ വോട്ടിംഗ് ശതമാനത്തിൽ വലിയ കുറവുണ്ടായത് മുന്നണി നേതൃത്വത്തെ ആശയക്കുഴപ്പത്തിലാക്കുന്നു. മണ്ഡലത്തിലെ സി.പി.എമ്മിന്റെ ശക്തികേന്ദ്രങ്ങളിൽ വോട്ടുകൾ പോൾ ചെയ്യപ്പെടാതിരുന്നതായുള്ള സംശയങ്ങളാണ് ഉയരുന്നത്. സി.പി.എമ്മിന്റെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി തുടക്കത്തിലുണ്ടായ തർക്കങ്ങൾ പോളിംഗിൽ പ്രതിഫലിച്ചെന്ന ആശങ്കയും പാർട്ടി നേതൃത്വത്തിനുണ്ട്.
മലപ്പുറം ജില്ലയിൽ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് പൊന്നാനിയിലാണ്. 69.58 ശതമാനം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 74.31 ശതമാനം പോളിംഗ് ഇവിടെ നടന്നിരുന്നു. അഞ്ചു ശതമാനത്തിനടുത്ത് വോട്ടുകളുടെ കുറവാണ് ഇത്തവണയുണ്ടായത്. ഇത്തവണ വോട്ട് ചെയ്യാനെത്തിയ പുരുഷൻമാരുടെ എണ്ണം പൊന്നാനിയിൽ കുറഞ്ഞിട്ടുണ്ട്. മൊത്തം പുരുഷ വോട്ടർമാരിൽ 65.31 ശതമാനം വോട്ടുകളാണ് പോൾ ചെയ്തത്. സ്ത്രീവോട്ടർമാരിൽ 73.59 പേർ പോളിംഗ് ബൂത്തിലെത്തി. മണ്ഡലത്തിലെ വോട്ടിംഗ് ശതമാനത്തിലുണ്ടായ കുറവ് ഇടതുപക്ഷത്തെയാണ് കൂടുതൽ ആശങ്കയിലാക്കുന്നത്.
സി.ഐ.ടി.യു നേതാവ് പി.നന്ദകുമാറിനെ സ്ഥാനാർഥിയാക്കിയത് പൊന്നാനിയിലെ പ്രാദേശിക സി.പി.എം.നേതാക്കളിൽ എതിർപ്പിന് കാരണമായിരുന്നു. പ്രാദേശിക നേതാവ് സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് നേരത്തെ പൊന്നാനിയിൽ ഒരു വിഭാഗം പ്രവർത്തകർ പ്രകടനം നടത്തിയിരുന്നു. എന്നാൽ എതിർപ്പുകളെ വകവെക്കാതെയാണ് പൊന്നാനിയിൽ നന്ദകുമാറിനെ തന്നെ ഇടതുപക്ഷം സ്ഥാനാർഥിയാക്കിയത്. പ്രാദേശിക പ്രവർത്തകരുടെ വികാരം ജില്ലാനേതൃത്വം മാനിച്ചില്ലെന്ന പരാതി പൊന്നാനിയിൽ നിലനിന്നിരുന്നു. നന്ദകുമാറിനോട് എതിർപ്പുള്ള ഒരു വിഭാഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നതായി സംശയിക്കുന്നുണ്ട്. പൊന്നാനിയിലെ സിറ്റിംഗ് എം.എൽ.എ ആയ പി.ശ്രീരാമകൃഷ്ണന് സീറ്റ് നിഷേധിച്ചതും പൊന്നാനിയിൽ ഇടതുപ്രവർത്തകർക്കിടയിൽ എതിർപ്പിനിടയാക്കിയിരുന്നു.
മലപ്പുറം ജില്ലയിൽ ഏറ്റവും കൂടുതൽ പോളിംഗ് നടന്ന തിരൂരങ്ങാടി മണ്ഡലത്തിൽ ഇരുപക്ഷവും ശുഭപ്രതീക്ഷയിലാണ്. കടുത്ത മൽസരമാണ് ഇവിടെ നടന്നത്. പൊന്നാനിയിലേതു പോലെ തിരൂരങ്ങാടിയിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലി യു.ഡി.എഫിലാണ് പ്രശ്‌നങ്ങൾ നിലനിന്നിരുന്നത്. മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദിനെ ഇവിടെ സ്ഥാനാർഥിയാക്കിയതിനെതിരെ മുസ്‌ലിം ലീഗ് പ്രവർത്തകർ പരസ്യമായി അതൃപ്തി അറിയിച്ചിരുന്നു. പാണക്കാട് ഹൈദരലി തങ്ങളെ നേരിട്ട് കണ്ടാണ് പ്രവർത്തകർ പരാതി ഉന്നയിച്ചത്. എന്നാൽ തീരുമാനം മാറ്റാൻ മുസ്‌ലിം ലീഗ് നേതൃത്വം തയ്യാറായില്ല. നേരത്തെ സീറ്റിനായി രംഗത്തുണ്ടായിരുന്ന മുൻ എം.എൽ.എ പി.എം.എ സലാം വിമതനായി മൽസരിക്കുമെന്ന് അഭ്യൂഹങ്ങളും ആദ്യം ഉയർന്നിരുന്നു. ഇതോടെ സലാമിന് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ചുമതല നൽകിയ ശേഷമാണ് മുസ്‌ലിം ലീഗ് തിരൂരങ്ങാടിയിൽ പ്രചാരണം ഉർജിതമാക്കിയത്.
പോളിംഗ് ശതമാനത്തിലുള്ള വർധനവ് യു.ഡി.എഫിന്റെ മികച്ച പ്രചാരണപ്രവർത്തനങ്ങളുടെ ഫലമാണെന്നാണ് മുസ്‌ലിം ലീഗ് നേതൃത്വം കണക്കുകൂട്ടുന്നത്. എന്നാൽ ഇടതുസ്വതന്ത്രനായ നിയാസ് പുളിക്കലകത്തിന്റെ ശക്തമായ പ്രചാരണമാണ് പോളിംഗ് വർധനവിന് കാരണമെന്നും ഇത്തവണ തിരൂരങ്ങാടിയിൽ അട്ടിമറി വിജയം നേടുമെന്നുമാണ് ഇടതുപക്ഷം അവകാശപ്പെടുന്നത്.