Sorry, you need to enable JavaScript to visit this website.

നവോദയ ജിദ്ദ പ്രതിനിധി സംഘം  സി.ജിയുമായി കൂടിക്കാഴ്ച നടത്തി

ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിനെ നവോദയ ഭാരവാഹികൾ സന്ദർശിക്കുന്നു.

ജിദ്ദ - പുതുതായി നിയമിതനായ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലമിനെ ജിദ്ദ നവോദയ പ്രതിനിധി സംഘം സന്ദർശിച്ച് ചർച്ച നടത്തി. പ്രവാസി ഇന്ത്യൻ സമൂഹത്തിന് ഗുണകരവും ഫലപ്രദവുമായ കാഴ്ച്ചപ്പാടും നടപടികളുമുണ്ടാവണമെന്ന് കൂടിക്കാഴ്ച്ചയിൽ നിവേദകസംഘം നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ജിദ്ദയിൽ തൊഴിൽ നഷ്ടം സംഭവിച്ചവർക്കും രോഗബാധിതരായവർക്കും ഭക്ഷണം, മെഡിക്കൽ സഹായം എന്നിവ എത്തിച്ചു നൽകിയതും ഇന്ത്യയിലേക്ക് മടങ്ങാനായി ചാർട്ടേഡ് ഫ്‌ളൈറ്റ് സേവനം ഏർപ്പെടുത്തിയതും ഉൾപ്പടെ നവോദയ നടത്തിയ സേവനപ്രവർത്തനങ്ങളും സി.ജിയോട് സംഘം വിശദീകരിച്ചു.
എംബസിയുടെ നിർദേശപ്രകാരം രജിസ്റ്റർ ചെയ്ത താമസപത്രം പുതുക്കാൻ കാലതാമസം നേരിട്ടവർക്കും ഹുറൂബ് കുരുക്കിൽ അകപ്പെട്ടവർക്കും നാട്ടിലേക്ക് മടങ്ങാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുക, തൊഴിൽ പ്രശ്‌നങ്ങൾ നേരിടുന്ന ഉൾപ്രദേശങ്ങളിൽ വസിക്കുന്ന ഇന്ത്യക്കാർക്ക് നിയമസഹായം ലഭ്യമാക്കാൻ സന്നദ്ധപ്രവർത്തകരെ നിയോഗിക്കുക, ഈ കോവിഡ് സമയത്ത് ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ ഈടാക്കുന്ന ട്രാൻസ്‌പോർട്ടേഷൻ ഫീസ് ഒഴിവാക്കുക, സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന രക്ഷിതാക്കൾക്ക് ഫീസ് ഇളവ് നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. 


കോൺസുലേറ്റ് സേവനങ്ങൾ അനായാസേന പ്രാപ്യമാക്കുന്നതിനും അറിയിപ്പുകൾ ആധുനിക വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ ലഭ്യമാക്കുന്നതിനും പദ്ധതി ആവിഷ്‌കരിച്ചതായി സി.ജി വിശദമാക്കി. 
സാമൂഹ്യ സന്നദ്ധ പ്രവർത്തകരുടെ പങ്കാളിത്തത്തോടെ പ്രയാസങ്ങളനുഭവിക്കുന്ന പ്രവാസികൾക്ക് ആശ്വാസമേകുന്ന നടപടികൾ കൈകൊള്ളാനും തീരുമാനിച്ചിട്ടുണ്ട്. 
നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, ജിദ്ദ നവോദയ പ്രസിഡന്റ് കിസ്മത്ത്, കേന്ദ്ര ട്രഷറർ സി.എം അബ്ദുൽറഹിമാൻ, ജീവകാരുണ്യ കൺവീനർ ബഷീർ മമ്പാട് എന്നിവരാണ് സി.ജിയെ സന്ദർശിച്ച് നിവേദനം നൽകിയത്. 

 

 

Latest News