ദരിദ്ര നാരായണന്മാരുടെ നാടെന്ന് ഇന്ത്യയെ ഇപ്പോൾ ആരും വിശേഷിപ്പിക്കാറില്ല. വൈവിധ്യങ്ങളുടെ സംഗമ ഭൂമിയാണ് 125 കോടിയിലേറെ ജനങ്ങൾ അധിവസിക്കുന്ന മഹത്തായ രാജ്യം.
ഇന്ത്യക്ക് മഹത്തായ പാരമ്പര്യമുണ്ട്. നൂറ്റാണ്ടുകളായി പിന്തുടരുന്ന ഈ പൈതൃകം ഇരുട്ടിന്റെ ശക്തികൾക്ക് തകർക്കാനാവില്ല.
അതേ പോലെ പ്രധാനമാണ് ഭാരതത്തിന്റെ ആതിഥേയ ബോധവും. ഇന്ത്യയുടെ ഏത് ഭാഗത്ത് ചെന്നാലും വിരുന്നുകാരെ സൽക്കരിക്കുന്ന കാര്യത്തിൽ മത്സരമാണ്. ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികൾക്കൊരുക്കിയ സൗകര്യത്തിന്റെ കാര്യം പറയാനുമില്ല.
കശ്മീർ മുതൽ കന്യാകുമാരി വരെയോ, മുംബൈ മുതൽ കൊൽക്കത്ത വരെയോ സഞ്ചരിച്ചാൽ ഒരു കാര്യം ബോധ്യപ്പെടും. വിസ്തൃതമായ രാജ്യത്ത് പഞ്ചനക്ഷത്ര ഹോട്ടലുകളുടെ ശൃംഖല തന്നെയുണ്ട്. ആഗോള പ്രശസ്ത മാധ്യമ സ്ഥാപനമായ സിഎൻഎന്നിന്റെ കണക്കിൽ ഇരുപത്തിയഞ്ച് അത്യാഡംബര ഹോട്ടലുകൾ വിസ്തൃതമായ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്.
ആഗ്രയിലെ താജ് മഹൽ വിശ്വ പ്രസിദ്ധ പ്രണയ സ്മാരകമാണ്. ലോക ജനതയുടെ ദൃഷ്ടിയിൽ ഇന്ത്യയുടെ അഭിമാന സ്തംഭമാണ്. ആഗ്ര-ദൽഹി-ജയ്പൂർ എന്നതാണ് ഇന്ത്യയുടെ പ്രധാന ടൂറിസം ട്രയാംഗിൾ. ആഗ്രയിൽ ഒബറോയ് ഗ്രൂപ്പിന്റെ അമർ വിലാസ് താജ് മഹലിൽ നിന്ന് 600 മീറ്റർ അകലെ സ്ഥിതി ചെയ്യുന്ന അതിഥി മന്ദിരമാണ്. ഈ ഹോട്ടലിലെ ഏത് മുറിയിലിരുന്നും താജ് മഹൽ വീക്ഷിക്കാനാവുമെന്നതാണ് ഹൈലൈറ്റ്.
ഷിംലയിലെ ഒബറോയ് ഗ്രൂപ്പിന്റെ വൈൽഡ് ഫഌവർ ഹാൾ
രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായ മുംബൈയിലുമുണ്ട് ഒരു താജ് മഹൽ പാലസ്. രാജ്യത്തെ അത്യാഡംബര ഹോട്ടലുകളുടെ പട്ടികയിലുൾപ്പെടുന്ന മുബൈയിലെ താജ് മഹൽ പാലസ് ഏതാനും വർഷങ്ങൾക്കപ്പുറം ഭീകരാക്രമണമുണ്ടായ വേളയിലാണ് വാർത്തകളിൽ സ്ഥാനം പിടിച്ചത്. ഇന്ത്യൻ വ്യവസായ മേഖലയുടെ പിതാവെന്നറിയപ്പെടുന്ന ജംഷെഡ്ജി ടാറ്റ 1903 ൽ സ്ഥാപിച്ചതാണ് ഈ മനോഹര മന്ദിരം. തെക്കൻ മുംബൈയിൽ സ്ഥിതി ചെയ്യുന്ന ഈ ഹോട്ടൽ ആഡംബരത്തിന്റെ പര്യായ പദമാണ്. 285 മുറികളാണ് താജ് മഹൽ ഹോട്ടലിലുള്ളത്. ഭീകരാക്രമണത്തിന്റെ മുറിവുകളിൽ നിന്ന് ഉയിർത്തെഴുന്നേറ്റ ഈ ഹോട്ടലിൽ 1500 പരിചാരകരാണ് അതിഥികളെ കാത്ത് തയാറെടുത്ത് നിൽക്കുന്നത്.
ഇതൊരു മുംബൈ നഗരത്തിന്റെ മാത്രം കാര്യമല്ല. ഓൾഡ് ദൽഹി, മുംബൈ, രാജസ്ഥാൻ എന്നു വേണ്ട ഹിമാചൽ പ്രദേശിലും കേരളത്തിലുമെല്ലാം അത്യാധുനിക സൗകര്യങ്ങളോടെയാണ് പഞ്ചനക്ഷത്ര ഹോട്ടലുകൾ തലയുയർത്തി നിൽക്കുന്നത്.
താജ് ലേക്ക് പാലസ്, ഉദയ്പൂർ
രാജസ്ഥാനിലെ കൊട്ടാര സദൃശമായ ഹോട്ടലുകളിൽ സീസണായാൽ അതിഥികളുടെ റെക്കോർഡ് തിരക്കാണ് അനുഭവപ്പെടുന്നതെന്ന് സിഎൻഎൻ രേഖപ്പെടുത്തുന്നു. ഉദയ്പൂരിലെ ലേക്ക് പാലസ് ഹോട്ടലിൽ രാപ്പാർത്തവർക്ക് ജീവിതത്തിൽ ഒരിക്കലും വിസ്മരിക്കാനവാത്ത അനുഭവമായിരിക്കും. ജയ്പൂരിലെ രാംബാഗ് ഹോട്ടലും അതിഥികളെ നൂറ്റാണ്ടുകളുടെ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. സഞ്ചാരം ഹിമാലയ സാനുക്കളിലേക്കാണെങ്കിൽ ഒബറോയ് ഗ്രൂപ്പിന്റെ അതിമനോഹരമായ അതിഥി മന്ദിരമായ വൈൽഡ് ഫഌവർ ഹാൾ ഷിംലയിൽ കാത്തുനിൽപുണ്ട്.
ദക്ഷിണേന്ത്യയിലേക്കെത്തിയാൽ ഹൈദരാബാദ് നഗരത്തിൽ തല ഉയർത്തി നിൽപുണ്ട് കൊട്ടാര സദൃശമായ വസതി. താജ് ഫലക്നുമ പാലസ് 19 ാം നൂറ്റാണ്ടിൽ ഹൈദരാബാദ് ഭരിച്ച നിസാമിന്റെ കൊട്ടാരമാണ്. നഗര ഭംഗിക്ക് മാറ്റു കൂട്ടാൻ രത്നം പോല പരിലസിക്കുന്ന താജ് ഹോട്ടൽ സ്ഥിതി ചെയ്യുന്ന 32 ഏക്കറിൽ നിറഞ്ഞു നിൽക്കുന്നത് ഉദ്യാനങ്ങളും മ്യൂസിയങ്ങളുമാണ്.
ജയ്സാൽമറിൽ രത്തംബോർ ദേശീയ ഉദ്യാനത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന ഒബ്റോയ് വന്യവിലാസ്, ജയ്പൂരിൽ ആരാവല്ലി പർവത നിരകളോട് ചേർന്ന് സ്ഥിതി ചെയ്യുന്ന അമൻബാഗ് എന്നീ വസതികൾ സൗകര്യത്തിനൊപ്പം സന്ദർശകർക്ക് കുളിർമയേകുന്ന പ്രകൃതി ദൃശ്യങ്ങളും സമ്മാനിക്കുന്നു.