സൗദിയില്‍ വ്യാപാര സ്ഥാപനങ്ങളിലെ മേളകള്‍ വിലക്കി; 12 പള്ളികള്‍ കൂടി അടച്ചു

റിയാദ് - വ്യാപാര സ്ഥാപനങ്ങള്‍ക്കകത്തും പുറത്തും ഉപയോക്താക്കളുടെ തിക്കിനും തിരക്കിനും ഇടയാക്കുന്ന തരത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിന് വിലക്കുള്ളതായി വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.

 

ഉപയോക്താക്കളുടെ തിക്കിനും തിരക്കിനും ഇടയാക്കുന്ന ഏതു തരം പരിപാടികള്‍ക്കും വിലക്കുണ്ട്. കൊറോണ വൈറസില്‍ നിന്ന് സമൂഹത്തിന്റെ ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാനാണ് വ്യാപാര സ്ഥാപനങ്ങളില്‍ തിക്കിനും തിരക്കിനും ഇടയാക്കുന്ന പരിപാടികള്‍ വിലക്കിയിരിക്കുന്നത്.


ഉപയോക്താക്കളുടെ സാന്നിധ്യം ആവശ്യപ്പെടുന്ന വാണിജ്യ മത്സരങ്ങള്‍ സംഘടിപ്പിക്കല്‍, വ്യാപാര സ്ഥാപനങ്ങളുടെയും ഷോപ്പിംഗ് മാളുകളുടെയും മറ്റും ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കല്‍, വ്യാപാര സ്ഥാപനങ്ങളിലേക്ക് സെലിബ്രിറ്റികളെ ക്ഷണിക്കല്‍, പുതിയ ഉല്‍പന്നങ്ങളും സേവനങ്ങളും പുറത്തിറക്കുന്നതോടനുബന്ധിച്ച ചടങ്ങുകള്‍ സംഘടിപ്പിക്കല്‍ എന്നിവക്കെല്ലാം വിലക്കുണ്ട്. ഇത് ലംഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയും ആറു മാസത്തേക്ക് അടപ്പിക്കുകയും ചെയ്യും. കൂടാതെ സ്ഥാപന അധികൃതര്‍ക്കെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ വഴി നിയമ നടപടികളും സ്വീകരിക്കുമെന്ന് വാണിജ്യ മന്ത്രാലയം പറഞ്ഞു.

അതിനിടെ, വിശ്വാസികള്‍ക്കിടയില്‍ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അണുനശീകരണ ജോലികള്‍ക്കു വേണ്ടി പന്ത്രണ്ടു മസ്ജിദുകള്‍ കൂടി ഇസ്‌ലാമികകാര്യ മന്ത്രാലയം  താല്‍ക്കാലികമായി അടച്ചു. ഇതോടെ 59 ദിവസത്തിനിടെ താല്‍ക്കാലികമായി അടച്ച മസ്ജിദുകളുടെ എണ്ണം 502 ആയി. ഇതില്‍ 475 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു.
റിയാദ് പ്രവിശ്യയില്‍ നാലു മസ്ജിദുകളും മക്ക, അസീര്‍ പ്രവിശ്യകളില്‍ മൂന്നു പള്ളികള്‍ വീതവും അല്‍ഖസീം, അല്‍ബാഹ പ്രവിശ്യകളില്‍ ഓരോ മസ്ജിദുകളുമാണ് താല്‍ക്കാലികമായി അടച്ചത്. അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി പതിനാലു മസ്ജിദുകള്‍ ഇസ്‌ലാമികകാര്യ മന്ത്രാലയം  വീണ്ടും തുറന്നു. റിയാദ് പ്രവിശ്യയില്‍ ആറു മസ്ജിദുകളും മക്ക, അല്‍ഖസീം പ്രവിശ്യകളില്‍ മൂന്നു മസ്ജിദുകള്‍ വീതവും കിഴക്കന്‍ പ്രവിശ്യയില്‍ രണ്ടു പള്ളികളുമാണ് വീണ്ടും തുറന്നതെന്ന് ഇസ്‌ലാമികകാര്യ മന്ത്രാലയം അറിയിച്ചു.

 

 

Latest News