Sorry, you need to enable JavaScript to visit this website.

സൗദി അറേബ്യ കൂടുതൽ ഉയർന്ന വളർച്ച കൈവരിക്കുമെന്ന് ഐ.എം.എഫ്

റിയാദ് - ഈ വർഷം സൗദി അറേബ്യ പ്രതീക്ഷിച്ചതിലും ഉയർന്ന സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയനിധി പറഞ്ഞു. ഈ വർഷം 2.9 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്ന് ഐ.എം.എഫ് പറഞ്ഞു. ഈ കൊല്ലം സൗദി അറേബ്യ 2.6 ശതമാനം സാമ്പത്തിക വളർച്ച നേടുമെന്നാണ് ഐ.എം.എഫ് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. അടുത്ത കൊല്ലം സൗദി അറേബ്യ നാലു ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നും അന്താരാഷ്ട്ര നാണയനിധി പറഞ്ഞു. അടുത്ത കൊല്ലം രാജ്യം നാലു ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് ഐ.എം.എഫ് നേരത്തെയും പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നത്. 
കൊറോണ പ്രത്യാഘാതങ്ങളിൽ നിന്ന് സൗദി അറേബ്യ വേഗത്തിൽ കരകയറുമെന്നാണ് ഐ.എം.എഫിന്റെ ശുഭപ്രതീക്ഷ പ്രതിഫലിപ്പിക്കുന്നത്. അടുത്ത വർഷം സൗദി അറേബ്യ 3.4 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് ധനമന്ത്രാലയം നേരത്തെ കണക്കാക്കിയിരുന്നത്. ഇതിലും ഉയർന്ന സാമ്പത്തിക വളർച്ച നേടുമെന്നാണ് ഐ.എം.എഫ് പ്രതീക്ഷിക്കുന്നത്. ഈ വർഷം 3.2 ശതമാനവും അടുത്ത കൊല്ലം 3.4 ശതമാനവും 2023 ൽ 3.5 ശതമാനവും സാമ്പത്തിക വളർച്ച കൈവരിക്കുമെന്നാണ് ധനമന്ത്രാലയം നേരത്തെ കണക്കാക്കിയിരുന്നത്. 
സൗദിയിൽ സാമ്പത്തിക മേഖല വീണ്ടെടുപ്പ് കൈവരിക്കുന്നതും ലോക്ഡൗൺ ലഘൂകരിച്ചതിന്റെ ഫലമായി പ്രധാന പങ്കാളികളുമായുള്ള വ്യാപാര സന്തുലിതാവസ്ഥ മെച്ചപ്പെടുന്നതും ആഗോള വിതരണ ശൃംഖലകൾ മെച്ചപ്പെടുന്നതും പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ ഗുണപരമായി സ്വാധീനിക്കും. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി ധനസ്ഥിരതക്ക് പിന്തുണ നൽകാൻ സർക്കാർ പ്രഖ്യാപിച്ച പദ്ധതികളും സാമ്പത്തിക വൈവിധ്യവൽക്കരണവും ധനസുസ്ഥിരതയും ലക്ഷ്യമിട്ട് നടപ്പാക്കുന്ന ഘടനാപരമായ പരിഷ്‌കാരങ്ങളും സ്വകാര്യ മേഖലയുടെ വളർച്ചക്ക് ഊന്നൽ നൽകുന്നതും ഈ വർഷം മികച്ച സാമ്പത്തിക വളർച്ചക്ക് സഹായിക്കും. പ്രധാന വികസന പദ്ധതികൾ നടപ്പാക്കുന്നതിൽ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും മറ്റു വികസന ഫണ്ടുകളും വഹിക്കുന്ന പ്രധാന പങ്കും സ്വകാര്യ മേഖലക്ക് കൂടുതൽ നിക്ഷേപാവസരങ്ങളും പശ്ചാത്തല വികസന പദ്ധതികളിൽ പങ്കാളിത്തവും ലഭ്യമാക്കുന്നതും മെച്ചപ്പെട്ട വളർച്ച കൈവരിക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
 

Tags

Latest News