Sorry, you need to enable JavaScript to visit this website.

സംശയമില്ല, ഇത് ചരിത്രപരമായ വൻ വിഡ്ഢിത്തം തന്നെ

ഇന്ത്യയിലെ ജനാധിപത്യ മതേതര രാഷ്ട്രീയ സംവിധാനം നാളിതു വരെയില്ലാത്ത വിധം നിലനിൽപിനെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വെല്ലുവിളികളെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അനവധി ഭാഷകളും വൈവിധ്യമാർന്ന  സംസ്‌കാരങ്ങളും മതങ്ങളും ജാതികളും വംശീയതകളും രാഷ്ട്രീയ സംഘടനകളും കൊണ്ട് അങ്ങേയറ്റം ബഹുസ്വരതയാർന്നതും ബൃഹത്തുമായ നമ്മുടെ മതേതര ജനാധിപത്യ സമൂഹം ഏഴു പതിറ്റാണ്ടായി വലിയ വിള്ളലുകളൊന്നുമില്ലാതെ ഐക്യത്തോടെ, രാഷ്ട്രീയവും സാമൂഹ്യവുമായി ചലനാത്മകമായിരിക്കുന്നത് ലോകശ്രദ്ധയാകർഷിച്ചു കഴിഞ്ഞ കാര്യമാണ്. 
പക്വതയാർജിച്ചുകൊണ്ടിരിക്കുന്ന ഈ ബഹുസ്വര ജനാധിപത്യ ക്രമത്തിനു നേരെയാണ് അതിനുള്ളിൽനിന്നു തന്നെ ഭൂരിപക്ഷ ഹിന്ദു സമൂഹത്തിന്റെ മറവിൽ, 30-35 ശതമാനം വോട്ടിന്റെ ബലത്തിൽ അധികാരം കൈയടക്കി ആധിപത്യത്തിന് ശ്രമിച്ചുകൊണ്ടിരിക്കുന്ന സവർണ ഫാസിസ്റ്റു ശക്തികൾ വല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ വോട്ടർമാരിൽ 60 ശതമാനത്തിലധികവും ഈ ശക്തികൾക്കെതിരാണെങ്കിലും പൊതുവിൽ ജനാധിപത്യ ശക്തികൾക്കിടയിൽ നിലവിലുള്ള അനൈക്യത്തെ ഉപയോഗപ്പെടുത്തി 2019 ൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വീണ്ടും കേവല ഭൂരിപക്ഷം നേടി അധികാരമുറപ്പിക്കാനും ഭരണഘടനാ ഭേദഗതികൾ ഉൾപ്പെടെയുള്ള നടപടികളിലൂടെ ഇന്ത്യൻ മതേതര ജനാധിപത്യത്തെ ഹിന്ദുത്വ മതാധിഷ്ഠിത ഫാസിസ്റ്റു സമ്പ്രദായത്തിലേക്ക് പരിവർത്തനപ്പെടുത്താനും ലക്ഷ്യമിട്ടുകൊണ്ടുള്ള കരുനീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്.
ഈ അവസ്ഥയുടെ ഗുരുതര സ്വഭാവം മനസ്സിലാക്കിക്കൊണ്ട് ഇന്ത്യയിലെ മുഴുവൻ ജനാധിപത്യ ശക്തികളും ഉണർന്നു പ്രവർത്തിക്കേണ്ട സന്ദർഭമാണിത്. അഖിലേന്ത്യാതലത്തിൽ ജനാധിപത്യ ശക്തികൾ ഐക്യനിര കെട്ടിപ്പടുക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഈ ഐക്യത്തിന്റെ രാഷ്ട്രീയ സ്വഭാവത്തെ പറ്റി ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്നുണ്ട്. കോൺഗ്രസൊഴികെയുള്ള മറ്റു പാർട്ടികൾ മിക്കവാറും ഇന്ന് ഏറെക്കുറെ പ്രാദേശിക പാർട്ടികളാണെന്നു പറയാവുന്ന അവസ്ഥയാണ്. കോൺഗ്രസിന്റെ അവസ്ഥയും വലിയ മെച്ചമല്ല. എങ്കിലും ജനാധിപത്യ സംവിധാനം ഏറ്റവും വലിയ വെല്ലുവിളി നേരിടുന്ന ഈ ചരിത്ര ഘട്ടത്തിൽ മറ്റെല്ലാ ഭിന്നതകളും മാറ്റിവെച്ച് ഐക്യപ്പെടുക എന്ന കടമയാണ് എല്ലാ പ്രസ്ഥാനങ്ങൾക്കുമുള്ളത്. അതിന്റെ വളരെ ചെറിയ ഒരു പതിപ്പാണ് ഗുജറാത്തിൽ നാം കാണുന്നത്. 
ആരേയും അദ്ഭുതപ്പെടുത്തിക്കൊണ്ട് അവസരത്തിനൊത്തുയർന്നിരിക്കുന്ന രാഹുൽ ഗാന്ധി തീർച്ചയായും പ്രതീക്ഷ നൽകുന്നുണ്ട്. ഔദ്യോഗികമായി കോൺഗ്രസ് പ്രസിഡന്റാകുന്നതോടെ 2019 ലെ തെരഞ്ഞെടുപ്പിൽ ഫാസിസത്തിനെതിരായ കവചം സൃഷ്ടിക്കാൻ രാഹുലിന്റെ നേതൃത്വത്തിനു കഴിയുമെന്നാണ് ജനാധിപത്യ വിശ്വാസികൾ പ്രതീക്ഷിക്കുന്നത്.
ഇത്തരമൊരു വിശാല സഖ്യത്തിൽ സിപിഎം എടുക്കുന്ന നിലപാടാണ് മലയാളികൾക്ക് ഏറ്റവും താൽപര്യം. സ്വാഭാവികമായും ബി ജെ പിക്കെതിരെ കേരളത്തിൽ സി പി എമ്മും കോൺഗ്രസും ഒന്നിക്കേണ്ടതില്ല. ഇരുപാർട്ടികളും നേതൃത്വം നൽകുന്ന മുന്നണികളുടെ സാന്നിധ്യമാണ് മൂന്നാമത്തെ പാർട്ടിയായിട്ടും ബിജെപിക്ക് അധികാര മേഖലയിൽ എത്താനാകാത്തത്. അതങ്ങനെ തുടരുക തന്നെയാണ് വേണ്ടത്. 
അതേസമയം മറ്റു സംസ്ഥാനങ്ങളിലെ നിലപാട് പ്രധാനമാണ്. കാര്യമായ ശക്തിയൊന്നുമില്ലെങ്കിലും അഖിലേന്ത്യാതലത്തിൽ സി പി എം എടുക്കുന്ന നിലപാടിനു ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇന്നും പ്രസക്തിയുണ്ട്. എന്നാൽ ജനാധിപത്യ വിശ്വാസികളെ നിരാശപ്പെടുത്തുന്ന സമീപനമാണ് സി പി എമ്മിൽ നിന്നുണ്ടാകുന്നത് എന്നത് ഖേദകരമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ പോലും ബി ജെ പിക്കെതിരെ ശക്തമായ ഒരു നിലപാട് പാർട്ടി എടുത്തില്ല. ഇപ്പോഴിതാ കോൺഗ്രസുമായി ഒരു ധാരണയും വേണ്ട എന്ന അവസ്ഥയിലേക്ക് പാർട്ടി എത്തുന്നതായാണ് റിപ്പോർട്ട്. 
ബി ജെ പിയെ ചെറുക്കാൻ വേണ്ടിയാണെങ്കിൽ പോലും കോൺഗ്രസുമായി യാതൊരു ബന്ധവും വേണ്ടെന്നാണ് പോളിറ്റ് ബ്യൂറോ തീരുമാനം. 
നേരത്തെ ബംഗാളിൽ മമതക്കെതിരെ കോൺഗ്രസുമായി ഐക്യപ്പെട്ട രീതിയിൽ സാഹചര്യങ്ങൾക്കനുസരിച്ച് തെരഞ്ഞെടുപ്പിൽ അടവുനയങ്ങൾ ആകാമെന്ന ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിൽ പി.ബിയിലെ ഭൂരിപക്ഷം അംഗങ്ങളും തള്ളിക്കളഞ്ഞിരിക്കുകയാണ്. കോൺഗ്രസുമായി സഖ്യമെന്നല്ല, ധാരണ പോലും വേണ്ടെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. 
ഇനി തർക്കം കേന്ദ്ര കമ്മിറ്റിയിലേക്ക് വരാൻ പോകുകയാണ്. കേരള ഘടകം തന്നെയാണ് അടിയുറച്ച് കാരാട്ടിനു പിന്നിൽ അണിനിരന്നിരിക്കുന്നത്. പി.ബി. തള്ളിയ രാഷ്ട്രീയ രേഖ ജനറൽ സെക്രട്ടറി വീണ്ടും അവതരിപ്പിക്കുകയെന്ന അപൂർവ സാഹചര്യത്തിനാകും കൊൽക്കത്തയിൽ ജനുവരി 19 മുതൽ 21 വരെ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗം വേദിയാകുക. ബി ജെ പിയെ താഴെയിറക്കാൻ ദേശീയ തലത്തിൽ കോൺഗ്രസുമായി സഖ്യമാകാമെന്ന യെച്ചൂരിയുടെ നിലപാട് അംഗീകരിക്കപ്പെട്ടില്ലെങ്കിലും കഴിഞ്ഞ കേന്ദ്ര കമ്മിറ്റിയിൽ കാര്യമായ പിന്തുണ ലഭിച്ചിരുന്നു. സഖ്യം വേണമെന്ന നിലപാട് അൽപം മയപ്പെടുത്തിയാണ് യെച്ചൂരി ഇക്കുറി പി.ബിയിലെത്തിയത്. പക്ഷേ സമയവും സാഹചര്യവും പരിഗണിച്ച് അടവുനയം സ്വീകരിക്കുന്നതു പോലും കോൺഗ്രസുമായി സഖ്യമോ ധാരണയോ ഉണ്ടാക്കാനുള്ള കുറുക്കുവഴിയാകുമെന്നാണ് കാരാട്ട് പക്ഷം പറയുന്നത്. 
ഇതേ നിലപാടോടെയായിരുന്നു നേരത്ത രാജ്യസഭാ തെരഞ്ഞെടുപ്പിൽ യെച്ചൂരിക്ക് നിരുപാധികം കോൺഗ്രസ് നൽകിയ പിന്തുണ പാർട്ടി വേണ്ടെന്നുവെച്ചത്. സാമ്പത്തിക നയങ്ങളിൽ കോൺഗ്രസും ബി ജെ പിയും വലിയ വ്യത്യാസമില്ല എന്നതാണ് ഈ ചരിത്രപരമായ വിഡ്ഢിത്തത്തിന് സി പി എം കാരണമായി പറയുന്നത്. കൂടാതെ ബി ജെ പി ഇപ്പോഴും ഫാസിസ്റ്റ് പാർട്ടിയല്ലെന്നും ഫാസിസത്തിന്റെ ലക്ഷണങ്ങൾ കാണിക്കുന്നു എന്നേയുള്ളൂ എന്നും കാരാട്ട് വാദിക്കുന്നു.  കേരളത്തിൽ കോൺഗ്രസ് പ്രധാന എതിരാളിയായതിനാൽ ഇവിടെ ഇത്തരമൊരു സഖ്യം പ്രതികൂലമായി ബാധിക്കുമെന്ന ചിന്ത മാത്രമാണ് രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിക്കെതിരെ ഒന്നിക്കുക എന്ന ശരിയായ രാഷ്ട്രീയത്തിനു ഇവർ തുരങ്കം വെക്കുന്നത് എന്നതാണ് സത്യം. എന്തായാലും അടുത്ത വർഷം ഏപ്രിൽ 18 മുതൽ ഹൈദരാബാദിൽ നടക്കുന്ന പാർട്ടി കോൺഗ്രസിലായിരിക്കും ഇതുമായി ബന്ധപ്പെട്ട അവസാന തീരുമാനം എടുക്കുക. 
വാസ്തവത്തിൽ വർത്തമാന കാലത്തെ മെയ്വഴക്കത്തോടെ അഭിമുഖീകരിക്കാൻ സി പി എമ്മിനു കഴിയുന്നില്ല എന്നതാണ് വ്യക്തമാകുന്നത്. ഇപ്പോഴും കാലഹരണപ്പെട്ട സിദ്ധാന്തങ്ങളിൽ കടിച്ചുതൂങ്ങുന്നതു തന്നെയാണ് ഇതിനു കാരണം. 
വർഗ സമര സിദ്ധാന്തം അതേപടി നടക്കിലല്ലെന്നു ബോധ്യപ്പെടുകയും ലോകത്തെ സോഷ്യലിസ്റ്റ് എന്നു വിശേഷിക്കപ്പെട്ടിരുന്ന പല രാജ്യങ്ങളിലും ജനാധിപത്യത്തിനായുള്ള വിപ്ലവങ്ങൾ വിജയിക്കുകയും ചെയ്തപ്പോൾ ലോകത്തെ പല കമ്യൂണിസ്റ്റ് പാർട്ടികളും തങ്ങൾ ജനാധിപത്യ പാർട്ടികളാവുകയാണന്നു എന്നേ പ്രഖ്യാപിച്ചു കഴിഞ്ഞു. എന്നാൽ നമ്മുടെ കമ്യൂണിസ്റ്റ് പാർട്ടികൾ അതിനു തയ്യാറായിട്ടില്ല. സോഷ്യൽ ഡെമോക്രസിയെന്നാൽ എന്തോ പാപമാണെന്ന നിലപാടാണ് പാർട്ടിയുടേത്. എന്നാൽ സോഷ്യൽ ഡെമോക്രസിയിൽ പാർട്ടികൾക്കുണ്ടാകാവുന്ന ജീർണതയെല്ലാം സി പി എമ്മിനുണ്ട്. ഗുണങ്ങളൊന്നും ലഭിച്ചതുമില്ല. 
ഈ ചിന്തയാണ് വാസ്തവത്തിൽ സി.പി.എമ്മിന്റെ ഇത്തരത്തിലള്ള ജനാധിപത്യ വിരുദ്ധമെന്നു പറയാവുന്ന നിലപാടിനു കാരണം.  ഇത്തരത്തിൽ യാഥാർത്ഥ്യ ബോധമില്ലാത്ത നിലപാടു കാരണം വൻ നഷ്ടം നേരിട്ട അനുഭവം പോലും ഇവർ ഓർക്കുന്നില്ല. 
സ്വന്തമായി ഭൂരിപക്ഷമില്ലെന്ന കാരണം പറഞ്ഞ്, ജ്യോതിബസുവിന്റെ കൈയിലെത്തിയ പ്രധാനമന്ത്രി പദം നിരസിച്ച ചരിത്രപരമായ വിഡ്ഢിത്തമില്ലായിരുന്നെങ്കിൽ ഒരുപക്ഷേ പാർട്ടിക്ക് രാജ്യത്ത് ഈ അവസ്ഥ വരുമായിരുന്നില്ല. നേതൃത്വം കൈയിലുണ്ടെങ്കിൽ മാത്രം ഐക്യമുന്നണി എന്ന നയം തന്നെ ജനാധിപത്യ വിരുദ്ധമാണ്. 
വൈവിധ്യങ്ങളുടെ പര്യായമായ  ഇന്ത്യയിലെ വ്യത്യസ്ത പ്രദേശങ്ങളിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നതിൽ എന്തു തെറ്റാണുള്ളത്? കേരളത്തിൽ കോൺഗ്രസുമായി പരസ്പരം മത്സരിച്ചും മറ്റു സംസ്ഥാനങ്ങളിൽ ഐക്യപ്പെടുന്നതിൽ എന്തു തെറ്റാണുള്ളത്? രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണിയുടെ പുതിയ സാഹചര്യത്തിലെങ്കിലും നയങ്ങളിൽ ആവശ്യമായ മാറ്റം വരുത്താനും സ്വയം ജനാധിപത്യവൽക്കരിക്കാനും പാർട്ടി തയ്യാറാകണം. അല്ലെങ്കിൽ ബംഗാളിന്റെ അവസ്ഥയായിരിക്കും കേരളത്തിലും സംഭവിക്കാൻ പോകുന്നത്. അതെ, ചരിത്രപരമായ അടുത്ത വിഡ്ഢിത്തം.
 

Latest News