കണ്ണൂർ- മുംബൈ അധോലോകത്തിലെ ഡി കമ്പനിക്ക് സമാനമായി കേരളത്തിൽ പി (പിണറായി) കമ്പനി പ്രവർത്തിച്ചു വരികയാണെന്നും, മുഴുവൻ അധോലോക പ്രവർത്തനങ്ങളും ഈ കമ്പനിയാണ് നടപ്പാക്കുന്നതെന്നും കെ.എം.ഷാജി എം.എൽ.എ ആരോപിച്ചു. കണ്ണൂരിൽ യു.ഡി.എഫ് സത്യഗ്രഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഷാജി.
കൊല്ലാൻ ഗുണ്ടാ സംഘങ്ങളും രക്ഷപ്പെടുത്താൻ മനഃസാക്ഷിക്കുത്തില്ലാത്ത നേതാക്കളും ഉള്ള പാർട്ടിയിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല.
ഇക്കഴിഞ്ഞ അഞ്ചു വർഷം സി.പി.എം ഭരണാധികാരികൾ നയതന്ത്രപരമായ നിശബ്ദതയാണ് പാലിച്ചത്. ആട്ടിൻതോലിട്ട ചെന്നായയാണ് അഞ്ചു വർഷം ഭരിച്ചത്. പ്രബുദ്ധ കേരളമെന്ന് കേൾവി കേട്ട ഈ മണ്ണിൽ ഇത്തരമൊരു വൃത്തികെട്ട രാഷ്ട്രീയം എങ്ങനെയുണ്ടാവുന്നുവെന്നത് ആധുനിക കാലത്ത് അത്ഭുതമാണ്. കൊലയാളികളെ സംബന്ധിച്ച് കൊല ആസൂത്രിതമല്ലെന്ന് പറയുന്നതോടെ ഈ കേസ് കഴിഞ്ഞു. പ്രതികളെ രക്ഷിക്കാനുള്ള നീക്കുപോക്കുകളാവും ഇതിന് പിന്നാലെ ഇവർ നടത്തുക. -ഷാജി പറഞ്ഞു.
കൊല്ലാൻ നടക്കുന്ന പ്രവർത്തകരിൽ ബഹുഭൂരിപക്ഷവും അന്നന്നത്തെ അന്നത്തിന് വക തേടുന്ന സാധാരണക്കാരാണ്. നേതാക്കളുടെ മക്കളോ ബന്ധുക്കളോ ഒന്നും ഇതിലുണ്ടാവില്ല. അവർ ഉന്നത ജോലിയും ബിസിനസും ഐ.ടി കമ്പനിയുമൊക്കെയായി ജീവിതം സുരക്ഷിതമാക്കിയവരാവും. ജീവിത പ്രയാസമുള്ള ആളുകളെ വിലക്കെടുത്ത് നിത്യ ചെലവിന് കൊടുത്ത് അക്രമി സംഘങ്ങളാക്കി നിർത്തുന്ന നേതൃത്വം കണ്ണൂർ സി.പി.എമ്മിൽ മാത്രമാണുള്ളത് -ഷാജി പറഞ്ഞു.
കാരുണ്യത്തെക്കുറിച്ചും മാനവ സ്‌നേഹത്തേക്കുറിച്ചും സി.പി.എം വേദികളിൽ പ്രസംഗിക്കുന്ന സാംസ്‌കാരിക നായകരൊന്നും ഇത്തരം നിഷ്ഠൂര കൊലപാതകങ്ങൾ കാണുകയോ പ്രതികരിക്കുകയോ ചെയ്യില്ല. കൊല്ലുന്ന ഗുണ്ടകളേക്കാൾ തരം താണവരാണിവരെന്നും ഷാജി പറഞ്ഞു.