ആലപ്പുഴ-കണ്ണൂരിലെ പാനൂരിൽ മുസ്ലിം ലീഗ് പ്രവർത്തകൻ മൻസൂറിനെ നീചമായാണ് സി.പി.എം കൊലയാളികൾ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. രാത്രി വീട്ടിനടുത്ത് ഒളിച്ചിരുന്ന സി.പി.എം കൊലയാളികൾ മൻസൂർ വെളിയിലിറങ്ങിയപ്പോൾ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. കൊലയാളികളുടെ പാർട്ടിയായ സി.പി.എം. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ അതിന്റെ ശൗര്യം മുഴുവൻ പുറത്തെടുക്കുകയാണ്. എത്ര ചോര കുടിച്ചാലും കൊതി തീരാത്ത പാർട്ടിയായി സി.പി.എം. മാറിയിരിക്കുന്നു.
മൻസൂറിന്റെ കൊലപാതകം ആസൂത്രിതമായിരുന്നു. കണ്ണൂരിലെ സി.പി.എമ്മിന്റെ ഉന്നത നേതാക്കൾക്കും ഈ അരുംകൊലയിൽ പങ്കുണ്ട്. ഇതിന്റെ പ്രതികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരണം. ഒരു ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കേണ്ട രീതിയിലല്ല സി.പി.എം പ്രവർത്തിക്കുന്നത്. എതിരാളികളെ വകവരുത്തി മുന്നോട്ട് പോകാമെന്ന കാട്ടാള ശൈലിയാണ് സി.പി.എം അനുവർത്തിക്കുന്നത്. ഇത് കേരള സമൂഹം വെച്ചു പൊറുപ്പിക്കില്ലെന്ന് ചെന്നിത്തല പറഞ്ഞു. വ്യാപകമായ അക്രമമാണ് സി.പി.എം സംസ്ഥാനത്തുടനീളം അഴിച്ചുവിട്ടത്. കണ്ണൂരിൽ പാർട്ടി ഗ്രാമങ്ങളിൽ എതിർകക്ഷികളുടെ ബൂത്ത് ഏജന്റുമാരെപ്പോലും പോളിംഗ് ബൂത്തികളിലിരിക്കാൻ സി.പി.എം അനുവദിച്ചില്ല. സി.പി.എം ഏകാധിപത്യത്തിന് കുപ്രസിദ്ധിയാർജിച്ച അന്തൂരിൽ 35 ബൂത്തുകളിൽ ഒരു ബൂത്ത് ഒഴികെ മറ്റെല്ലാ ബുത്തൂകളിലും എതിർകക്ഷികളുടെ ബൂത്ത് ഏജന്റുമാരെ അടിച്ചോടിച്ചു. ഇങ്ങനെയാണോ ഉത്തരവാദിത്തമുള്ള, സംസ്ഥാനം ഭരിക്കുന്ന ഒരു പാർട്ടി പെരുമാറേണ്ടത്? ഉദുമയിൽ യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് നേരെ കല്ലെറിഞ്ഞു. തെിരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന് ഭയപ്പെട്ട് ജനങ്ങളെ ആക്രമിക്കുന്നത് ഒരു പാർട്ടിക്കും നല്ലതല്ല. സമാധാനം നിലനിർത്താൻ യു.ഡി.എഫ് പ്രവർത്തകർ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.






