Sorry, you need to enable JavaScript to visit this website.

സൂര്യനാരായണൻ ആശുപത്രി വിട്ടു: അരവിന്ദിനെ ഹൃദയത്തിലേറ്റി

കൊച്ചി- സൂര്യനാരായണന്റെ ഉള്ളിൽ അരവിന്ദ് ഇനിയൊരു സ്‌നേഹസൂര്യനായി ജ്വലിക്കും. നഷ്ടപ്പെട്ടു എന്ന് കരുതിയ ജീവിതം വീണ്ടെടുത്ത്, അരവിന്ദിന്റെ കുടുംബത്തിന് നന്ദി പറഞ്ഞു സൂര്യനാരായണൻ എറണാകുളം ലിസി ആശുപത്രിയിൽ നിന്നും യാത്രയായി. കഴിഞ്ഞ മാസം 18 നാണ് കായംകുളം സ്വദേശി സൂര്യനാരായണന് (18) തിരുവനന്തപുരത്ത് നിന്ന് വ്യോമമാർഗ്ഗം എത്തിച്ച അരവിന്ദിന്റെ ഹൃദയം ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ വച്ച് പിടിപ്പിച്ചത്. ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോ മയോപ്പതി എന്ന അസുഖമായിരുന്നു സൂര്യനാരായണന്. കേരളത്തിന് പുറത്തായിരുന്നു ആദ്യം ചികിത്സ തേടിയത്. അവിടെ നിന്ന് ഹൃദയം മാറ്റിവെയ്ക്കണമെന്ന് നിർദേശിച്ചതിനെത്തുടർന്ന് ലിസി ആശുപത്രിയിലേക്ക് കൊണ്ടുവരികയായിരുന്നു. സുര്യനാരായണനെ പരിശോധിച്ച ഡോ. ജോസ് ചാക്കോ പെരിയപ്പുറം രോഗത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഉടൻ തന്നെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

 

ഈ ഹൃദയവുമായി ഏതാനും ദിവസങ്ങൾ മാത്രമേ സൂര്യന് ജീവൻ നിലനിർത്താൻ കഴിയുകയുള്ളൂ എന്ന യാഥാർഥ്യം ഡോക്ടർ മാതാപിതാക്കളെ അറിയിച്ചു. അങ്ങനെ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപ്പാലത്തിൽ രണ്ട് ദിനങ്ങൾ. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ സൂര്യന് ചേരുന്ന ഹൃദയം ലഭ്യമാണെന്ന, കേരള നെറ്റ്വർക്ക് ഫോർ ഓർഗൺ ഷെയറിംഗിലെ  നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന്റെ സന്ദേശം എത്തിയത് മൂന്നാം ദിനമാണ്. മസ്തിഷ്‌കമരണം സംഭവിച്ച അരവിന്ദിന്റെ ഹൃദയം അടക്കമുള്ള അവയവങ്ങളെല്ലാം ദാനം ചെയ്യാൻ ബന്ധുക്കൾ സന്നദ്ധരാകുകയിരുന്നു. തമിഴ്‌നാട് കന്യാകുമാരി സ്വദേശി അരവിന്ദിന് (25) നാഗർകോവിലിൽ വച്ചാണ് അപകടം സംഭവിച്ചത്.വിദഗ്ധ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ അരവിന്ദ് അവയവദാനം ഉൾപ്പടെയുള്ള പുരോഗമന ആശയങ്ങളുടെ വക്താവായിരുന്നു. അതാണ് ഇരട്ട സഹോദരൻ അടക്കമുള്ള ഉറ്റവരെ അവയവദാനത്തിന് പ്രേരിപ്പിച്ചത്.


പതിവ് പോലെ ദൂരം തന്നെയായിരുന്നു പ്രധാന പ്രശ്‌നം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ സംസ്ഥാന സർക്കാർ വാടകയ്ക്ക് എടുത്തിരിക്കുന്ന ഹെലികോപ്ടർ വിട്ടുകിട്ടുമോ എന്ന ആശങ്കയോടെയാണ് ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടത്. എന്നാൽ കാര്യങ്ങൾ വളരെ വേഗം മുന്നോട്ട് നീങ്ങി. ഹെലികോപ്ടർ വിട്ട് നൽകാമെന്ന് പോലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചതിനെത്തുടർന്ന് ഡോ. ജേക്കബ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള നാലംഗ മെഡിക്കൽ സംഘം രാവിലെ ലിസി ആശുപത്രിയിൽ നിന്നും റോഡ് മാർഗ്ഗം കിംസ് ആശുപത്രിയിലേക്ക് യാത്ര തിരിച്ചു. ഉച്ചയോടെ കിംസിലെത്തിയ ഡോക്ടർമാർ 3.30 ന് അവയവങ്ങൾ എടുക്കുന്നതിനുള്ള ശസ്ത്രക്രിയ ആരംഭിച്ചു. 5.30 ന് ഹൃദയവുമായി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന ഹെലികോപ്ടർ 6.15 ന് ബോൾഗാട്ടി ഗ്രാന്റ് ഹയാത്ത് ഹോട്ടലിന്റെ ഹെലിപാഡിൽ ഇറങ്ങി. അവിടെ നിന്ന് എറണാകുളം അസി. കമ്മീഷണർ കെ. ലാൽജിയുടെ നേതൃത്വത്തിൽ ഗ്രീൻ കോറിഡോർ സൃഷ്ടിച്ച് നാല് മിനിറ്റിൽ താഴെ സമയം കൊണ്ട് ഹൃദയം ലിസി ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ ആരംഭിച്ചു. നാല് മണിക്കൂറിനുള്ളിൽ തന്നെ അരവിന്ദിന്റെ ഹൃദയം സൂര്യനാരായണനിൽ സ്പന്ദിച്ച് തുടങ്ങി.

 

രാത്രി 12 മണിയോടെ ശസ്ത്രക്രിയ പൂർത്തിയാക്കി സുര്യനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വളരെ വേഗം തന്നെ സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയ സൂര്യന്റെ അവയവങ്ങൾ എല്ലാം തന്നെ വളരെ നന്നായി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ, ജോ. ഡയറക്ടർ ഫാ. റോജൻ നങ്ങേലിമാലിൽ, അസി. ഡയറക്ടർമാരായ ഫാ. ഷനു മൂഞ്ഞേലി. ഫാ. ജോർജ്ജ് തേലക്കാട്ട്, ഫാ. ജോസഫ് മാക്കോതക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാർ ജീവനക്കാർ മധുരം പങ്കുവച്ചാണ് സൂര്യനാരായണനെ യാത്രയാക്കിയത്. തുടർചികിത്സയ്ക്കുള്ള സൗകര്യാർത്ഥം ആശുപത്രിക്ക് സമീപം വാടകയ്ക്ക് എടുത്തിരിക്കുന്ന വീട്ടിലേക്കാണ് സൂര്യൻ മാറിയിരിക്കുന്നത്.ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനോടൊപ്പം ഡോ. ജേക്കബ് എബ്രഹാം, ഡോ. റോണി മാത്യു, ഡോ. ഭാസ്‌ക്കർ രംഗനാഥൻ, ഡോ. ജോ ജോസഫ്, ഡോ. ജീവേഷ് തോമസ്,  ഡോ. പി. മുരുകൻ, ഡോ. ജോബ് വിൽസൺ, ഡോ. ഗ്രേസ് മരിയ ജോർജ്ജ്, ഡോ. ആന്റണി ജോർജ്ജ്, ഡോ. അതുൽ എബ്രഹാം എന്നിവർ ശസ്ത്രക്രിയയിലും തുടർചികിത്സയിലും പങ്കാളികളായിരുന്നു. സൂര്യനാരായണന്റേത് ലിസി ആശുപത്രിയിൽ നടന്ന ഇരുപത്തിയാറാമത് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആയിരുന്നു. 


 

Latest News