തിരുവനന്തപുരം- എൻ.എസ്.എസിനെതിരേ സിപിഎം നടത്തുന്ന തുടർച്ചയായ കടന്നാക്രമണങ്ങൾ അങ്ങേയറ്റം അപലപനീയമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഇതു തെരഞ്ഞെടുപ്പ് പരാജയഭീതിമൂലമാണ്. തങ്ങളെ എതിർക്കുന്നവരെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ ശ്രമം കേരളത്തിൽ വിലപ്പോകില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. അഭിപ്രായം പറയാനും നിലപാടെടുക്കാനും സാമൂഹിക സംഘടനകൾ ഉൾപ്പെടെ എല്ലാവർക്കും സ്വാതന്ത്ര്യമുള്ള നാടാണ് കേരളം. ശബരിമല സംബന്ധിച്ച് എൻഎസ്എസിന്റെ നിലപാട് തെരഞ്ഞെടുപ്പ് കാലത്ത് പെട്ടെന്ന് ഉണ്ടായതല്ല. അവരുടേത് വിശ്വാസ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥായിയായ നിലപാടാണ്. അതിനുവേണ്ടി അവർ ശക്തമായി പോരാടുകയും വ്യക്തമായ നിലപാട് സ്വികരിക്കുകയും ചെയ്തിട്ടുണ്ട്. അതിന് അവരെ കടന്നാക്രമിക്കുന്നത് ജനാധിപത്യ വിരുദ്ധമാണ്.