Sorry, you need to enable JavaScript to visit this website.

അബഹയിൽ തെരുവു വിളക്കിൽനിന്ന് ഷോക്കേറ്റ് ബാലികയുടെ മരണം: ഉദ്യോഗസ്ഥർക്ക് തടവ്

ജിനാ അൽശഹ്‌രി

അബഹ - മജാരിദയിൽ പൊതുപാർക്കിൽ വെച്ച് തെരുവ് വിളക്കു കാലിൽ നിന്ന് ഷോക്കേറ്റ് ഒമ്പതു വയസുകാരി ജിനാ അൽശഹ്‌രി മരണപ്പെട്ട കേസിൽ മജാരിദ ബലദിയയിലെ നാലു ഉദ്യോഗസ്ഥരെ അബഹ ക്രിമിനൽ കോടതി തടവിന് ശിക്ഷിച്ചു. രണ്ടര വർഷം മുമ്പാണ് ബാലിക ഷോക്കേറ്റ് മരിച്ചത്. നഗരസഭാ ഉദ്യോഗസ്ഥർ ഔദ്യോഗിക കൃത്യനിർവഹണം നടത്തുന്നതിൽ വരുത്തിയ വീഴ്ചയും അശ്രദ്ധയുമാണ് അൽഫൻ റോഡ് പാർക്കിൽ വെച്ച് തെരുവിളക്കു കാലിൽ നിന്ന് ഷോക്കേറ്റ് ബാലികയുടെ മരണത്തിന് ഇടയാക്കിയതെന്ന് വിധി പ്രസ്താവിച്ച് കോടതി പറഞ്ഞു. 
പൊതുഅവകാശ കേസിൽ നാലു ഉദ്യോഗസ്ഥരെയും രണ്ടു മാസം വീതം തടവിനാണ് കോടതി ശിക്ഷിച്ചത്. അന്വേഷണ വിധേയമായി കസ്റ്റഡിയിൽ കഴിഞ്ഞ കാലം ശിക്ഷാ കാലയളവായി പരിഗണിക്കാനും കോടതി ഉത്തരവിട്ടു. സ്വകാര്യ അവകാശ കേസിൽ നാലു ഉദ്യോഗസ്ഥരെയും രണ്ടു മാസം വീതം തടവിനു കൂടി കോടതി ശിക്ഷിച്ചു. 
ബാലിക ഷോക്കേറ്റ് മരണപ്പെട്ടയുടൻ പട്രോൾ പോലീസും സിവിൽ ഡിഫൻസും നഗരസഭാ പ്രതിനിധിയും തെരുവു വിളക്കു കാൽ പരിശോധിച്ചിരുന്നു. സമാന രീതിയിൽ ആളുകളുടെ ജീവന് ഭീഷണിയായ ആറു തെരുവു വിളക്കു കാലുകൾ പ്രദേശത്തുള്ളതായി പരിശോധനയിൽ വ്യക്തമായി. തുടർന്ന് അൽഫൻ റോഡിലെ മുഴുവൻ തെരുവു വിളക്കു കാലുകളിലേക്കുമുള്ള വൈദ്യുതി വിച്ഛേദിച്ചിരുന്നു. ഷോക്കേറ്റാണ് ബാലിക മരിച്ചതെന്ന് ഫോറൻസിക് റിപ്പോർട്ടും വ്യക്തമാക്കി. 
അപകടത്തിന്റെ പശ്ചാത്തലത്തിൽ അൽമജാരിദ ബലദിയ മേധാവിയെയും സേവന വിഭാഗം മേധാവിയെയും നഗരസഭയിലെ വൈദ്യുതി വിഭാഗം മേധാവിയെയും അന്ന് പദവിയിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഇവർക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തിരുന്നു. ബാലികയുടെ ബന്ധുക്കൾക്ക് മജാരിദ ബലദിയ ഒന്നര ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകണമെന്ന് അടുത്തിടെ കോടതി വിധിച്ചിരുന്നു. 

Latest News