Sorry, you need to enable JavaScript to visit this website.

കാര്‍ പൊതുസ്ഥലമാണ്, ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുമ്പോഴും മാസ്‌ക് നിര്‍ബന്ധം- ഹൈക്കോടതി

ന്യൂദല്‍ഹി- ഒരു കാറില്‍ ഒരാള്‍ ഒറ്റയ്ക്ക് ഡ്രൈവ് ചെയ്തു പോകുമ്പോഴും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ദല്‍ഹി ഹൈക്കോടതി. കാര്‍ ഒരു പൊതുസ്ഥലമാണന്നും കോടതി വ്യക്തമാക്കി. ധരിക്കുന്നവര്‍ക്കും ചുറ്റുമുള്ളവര്‍ക്കും മാസ്‌ക് ഒരു സുരക്ഷാ കവചമാണെന്നും കോടതി പറഞ്ഞു. ഒറ്റയ്ക്ക് ഡ്രൈവ് ചെയ്യുന്നതിനിടെ മാസ്‌ക് ധരിക്കാത്തതിന് പിഴയിട്ടത് ചോദ്യം ചെയ്തുള്ള ഹരജിയിലാണ് ജസ്റ്റിസ് പ്രതിഭ എം സിങിന്റെ ഉത്തരവ്. കാറില്‍ ഒറ്റയ്ക്കാണെങ്കിലും മാസ്‌ക് ധരിക്കുന്നതിന് തടസ്സമെന്താണ്, ഇത് സ്വയം സുരക്ഷയ്ക്കാണ്. രോഗവ്യാപനം വര്‍ധിച്ചിട്ടുണ്ട്. വാക്‌സിന്‍ സ്വീകരിച്ചവരും അല്ലാത്തവരും മാസ്‌ക് ധരിക്കണം- ജഡ്ജി പറഞ്ഞു. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തുമ്പോള്‍ വിന്‍ഡോ താഴ്ത്തുന്ന സമയത്തു പോലും കോവിഡ് മറ്റുള്ളവരിലേക്ക് പടരാന്‍ സാധ്യതയുണ്ടെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.

മാസ്‌ക് ധരിക്കാത്തിന് ദല്‍ഹി പോലീസില്‍ നിന്നും 500 രൂപ ലഭിച്ച അഭിഭാഷകന്‍ സൗരഭ് ശര്‍മയാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഒറ്റയ്ക്ക് വാഹനമോടിച്ചു പോകുന്നവര്‍ മാസ്‌ക് ധരിക്കണമെന്നതു സംബന്ധിച്ച് ചട്ടങ്ങളൊന്നും ഇല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കോടതിയെ അറിയിച്ചിരുന്നു. മാസ്‌ക് ധരിക്കുന്നതു സംബന്ധിച്ച ഏതു ചട്ടങ്ങളും സംസ്ഥാനങ്ങള്‍ക്ക് ഏര്‍പ്പെടുത്താമെന്നും കേന്ദ്രം അറിയിച്ചിരുന്നു.
 

Latest News