Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കഴക്കൂട്ടത്ത് സി.പി.എം - ബി.ജെ.പി  സംഘർഷത്തിൽ നിരവധി പേർക്ക് പരിക്ക്

തിരുവനന്തപുരം - സംസ്ഥാനത്ത് വോട്ടെടുപ്പുമായി ബന്ധിപ്പെട്ട് പലയിടത്തും അക്രമം. കഴക്കൂട്ടം മണ്ഡലത്തിലെ കാട്ടായിക്കോണത്ത് സി.പി.എം - ബി.ജെ.പി സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയോടെയാണ് സംഘർഷത്തിന് തുടക്കം. പോളിംഗ് ബൂത്തിന് സമീപമുള്ള ബി.ജെ.പിയുടെ കൗണ്ടർ സി.പി.എം പ്രവർത്തകർ ആക്രമിച്ചതായി ബി.ജെ.പി ആരോപിച്ചു. പോലീസ് എത്തി രംഗം ശാന്തമാക്കി. ഇതിന് പിന്നാലെ കാറിൽ കൂടുതൽ ആർ.എസ്.എസ് പ്രവർത്തകർ ആയുധങ്ങളുമായി എത്തിയെന്നാരോപിച്ചാണ് വീണ്ടും സംഘർഷമുണ്ടായത്. വാഹനത്തിനുള്ളിൽ ആയുധങ്ങൾ ഉണ്ടെന്നാരോപിച്ച് കാർ സി.പി.എം പ്രവർത്തകർ തല്ലിത്തകർത്തു. ഇതോടെ സ്ഥലത്തെത്തിയ ബി.ജെ.പി സ്ഥാനാർഥി ശോഭ സുരേന്ദ്രൻ അക്രമം നടത്തിയവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുത്തിയിരിപ്പ് സമരം നടത്തി. ഇതിനു പിന്നാലെ ഏതാനും സി.പി.എം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.


അക്രമം നടത്തിയവർക്കു നേരെ പോലീസ് നടപടിയെടുത്തതോടെ രൂക്ഷ വിമർശനവുമായി സി.പി.എം സ്ഥാനാർത്ഥിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്തെത്തി. ബി.ജെ.പിയെ സന്തോഷിപ്പിക്കാനാണോ പോലീസിന്റെ നടപടിയെന്ന് അദ്ദേഹം ചോദിച്ചു. കാട്ടായിക്കോണം നേരത്തെ തന്നെ ബി.ജെ.പിയുടെ ടാർഗറ്റ് ഏരിയയാണ്. രണ്ട് കാറുകളിലെത്തിയ ആർ.എസ്.എസുകാർ സ്ഥലത്തെ ജനങ്ങളെ മർദിച്ചു. എന്നാൽ സ്ഥലത്തെത്തിയ പോലീസ് പ്രശ്‌നമുണ്ടാക്കിയവർക്ക് പകരം സി.പി.എം പ്രവർത്തകരെ പിടിച്ചുകൊണ്ടു പോയതായും മന്ത്രി ആരോപിച്ചു. സംഘർഷം ഉണ്ടാകുന്നതിന് മുമ്പ് ഇവിടെ ഇലക്ഷൻ പോലീസ് നിരീക്ഷകൻ വന്നിരുന്നു. അദ്ദേഹത്തെ സന്തോഷിപ്പിക്കാൻ പോത്തൻകോട് സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ആക്രമണം അഴിച്ചുവിടുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 


പ്രശ്‌നത്തിൽ തന്റെ പി.എ ആയ സാജു, കാട്ടായിക്കോണം വാർഡ് കൗൺസിലർ ഡി. രമേശ്, പോത്തൻകോട് പഞ്ചായത്ത് കാട്ടായിക്കോണം വാർഡ് കൗൺസിലർ എന്നിവർക്ക് മർദനമേറ്റു. പോലീസ് പലരുടെയും വീട്ടിൽ കയറി പരിശോധന നടത്തി. കൗൺസി ലറുടെ വീടും ആക്രമിച്ചുവെന്നും കടകംപള്ളി പറഞ്ഞു. വളരെ വലിയ അന്യായമാണ് പോലീസ് കാട്ടിയതെന്നും രാജാവിനേക്കാൾ വലിയ രാജഭക്തിയായിരുന്നു പോലീസിനെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ഇലക്ഷൻ കമ്മീഷനും പരാതി നൽകുമെന്നും മന്ത്രി അറിയിച്ചു. 

Latest News