കൽപറ്റ- വയനാട്ടിൽ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയതു ബത്തേരി നിയോജക മണ്ഡലത്തിലെ കുറിച്യാട് ആദിവാസി ഗ്രാമത്തിൽ. 98.27 ശതമാനമാണിവിടെ പോളിംഗ്. ഗ്രാമത്തിൽ 58 പേർക്കാണ് വോട്ടവകാശം. ഇതിൽ സ്ഥലത്തുണ്ടായിരുന്ന 57 പേരും വോട്ടു ചെയ്തു. കർണാടകയിൽ പോയ വനിതയാണ് വോട്ടിന് എത്താതിരുന്നത്. ബത്തേരി-പുൽപള്ളി റോഡിലെ ചെതലയത്തു നിന്നു എട്ടു കിലോമീറ്റർ മാറിയാണ് കുറിച്യാട്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലാണ് ഈ പ്രദേശം. ചെതലയത്തുനിന്നു വനത്തിലൂടെയാണ് കുറിച്യാടിലേക്കു പാത. ഗ്രാമത്തിലെ ബദൽ വിദ്യാലയമാണ് പോളിംഗ് സ്റ്റേഷനാക്കി മാറ്റിയത്. ജില്ലയിലെ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളുടെ ഗണത്തിൽപ്പെട്ട കുറിച്യാട് കനത്ത സുരക്ഷയിലായിരുന്നു പോളിംഗ്. അതിർത്തി രക്ഷാസേനയിലെ എട്ടു പേർക്കു പുറമേ ലോക്കൽ പോലീസിനെയും സേവനത്തിനു നിയോഗിച്ചിരുന്നു. കേന്ദ്രാവിഷ്‌കൃത സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെട്ട പ്രദേശവുമാണ് കുറിച്യാട്.