കൊച്ചി-എറണാകുളത്ത് പോളിംഗ് ശതമാനത്തിലുണ്ടായിരിക്കുന്ന കുറവ് ആരെയൊക്കെ എങ്ങനെയൊക്കെ ബാധിക്കുമെന്നറിയാതെ മുന്നണികള്‍. പോളിംഗ് കുറഞ്ഞാല്‍ എല്‍ ഡി എഫ് ജയിക്കുമെന്നും പോളിംഗ് കൂടിയാല്‍ യു ഡി എഫ് വിജയിക്കുമെന്നുമുള്ള പഴയ തിയറി ഇപ്പോള്‍ അപ്രസക്തമാണെങ്കില്‍ പോലും എറണാകുളത്തെ പല മണ്ഡലങ്ങളിലും പോളിംഗ് കുറഞ്ഞത് തങ്ങള്‍ക്കനുകൂലമാണെന്ന വ്യാഖ്യാനമാണ് മുന്നണികള്‍ നടത്തുന്നത്.
ജില്ലയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനത്തില്‍ മുന്നിലായിരുന്ന കുന്നത്തുനാട്ടില്‍ ഇക്കുറി ട്വന്റി 20 ഉണ്ടായിട്ടു പോലും പോളിംഗ് കുറഞ്ഞു. 85.93 ശതമാനം വോട്ടാണ് 2016ല്‍ കുന്നത്തുനാട്ടില്‍ പോള്‍ ചെയ്തത്. യു ഡി എഫ് സ്ഥാനാര്‍ഥി സജീന്ദ്രന്‍ അവിടെ ഗംഭീര വിജയം നേടി. ഇക്കുറി ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കുന്നത്തുനാട്ടിലെ പോളിംഗ് ശതമാനം 80.89 ആണ്. 84.25 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ പെരുമ്പാവൂരില്‍ 76.23 ആണ് ഇക്കുറി പോളിംഗ്. യു ഡി എഫിലെ എല്‍ദോസ് കുന്നപ്പിള്ളിക്ക് വിജയം ആവര്‍ത്തിക്കാന്‍ കഴിയുമോ എന്ന ചോദ്യം പോളിംഗിലെ കുത്തനെയുള്ള ഇടിവ് കണക്കിലെടുക്കുമ്പോള്‍ പ്രവചനാതീതാകുന്നു. വി ഡി സതീശന്റെ പറവൂരില്‍ 83.94 ശതമാനമായിരുന്നു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ്. ഇക്കുറി അത് 77.08 ആയി കുറഞ്ഞിരിക്കുന്നു. യു ഡി എഫിന് ഉറച്ച വിജയപ്രതീക്ഷയുള്ള മണ്ഡലത്തില്‍ പോളിംഗ് കുറഞ്ഞതിന്റെ പൊരുള്‍ അറിയാന്‍ വോട്ടെണ്ണിത്തീരുന്നതു വരെ കാത്തിരിക്കേണ്ടിവരും. യു ഡി എഫിലെ റോജി എം ജോണ്‍ വിജയിച്ച അങ്കമാലിയില്‍ 2016ലെ പോളിംഗ് ശതമാനം 83.18 ആയിരുന്നുവെങ്കില്‍ ഇത്തവണ 75.98 ആണ്. യു ഡി എഫിന്റെ അന്‍വര്‍ സാദത്തിന് വന്‍വിജയം സമ്മാനിച്ച ആലുവയില്‍ 2016ല്‍ പോളിംഗ് ശതമാനം 83.17 ആയിരുന്നു. ഇക്കുറി അത് 75.32 ആണ്.
വി കെ ഇബ്രാഹിംകുഞ്ഞ് കളമശേരിയില്‍ വിജയിച്ച 2016ല്‍ പോളിംഗ് ശതമാനം 81.29 ആയിരുന്നെങ്കില്‍ ഇക്കുറി 75.79 ശതമാനം പോളിംഗാണ് മകന്‍ അബ്ദുള്‍ ഗഫൂര്‍ മത്സരിക്കുമ്പോള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ടി എം ജേക്കബിന്റെ ആസ്ഥാനമായ പിറവത്ത് മകന്‍ അനൂപ് ജേക്കബ് കന്നി മത്സരത്തില്‍ വിജയിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 80.58 ശതമാനമായിരുന്നു പോളിംഗ്. ഇക്കുറി പോളിംഗ് ശതമാനം 72.43 ആയി ഇടിഞ്ഞിരിക്കുന്നു. പി ടി തോമസ് വിജയിച്ച തൃക്കാക്കരയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 74.65 ശതമാനമായിരുന്നു പോളിംഗ് എങ്കില്‍ ഇക്കുറി 69.25 ശതമാനമാണ്. മറ്റൊരു യു ഡി എഫ് സീറ്റായ എറണാകുളത്ത് 71.92 ശതമാനമായിരുന്നു പോളിംഗ്. ഇക്കുറി 65.82 ശതമാനമാണ് പോളിംഗ്.
എല്‍ ഡി എഫിലെ ആന്റണി ജോണ്‍ വിജയിച്ച കോതമംഗലത്ത് 2016ല്‍ പോളിംഗ് ശതമാനം 80.50 ആയിരുന്നു. ഇക്കുറി പോളിംഗ് ശതമാനം 76.71 ആണ്. എല്‍ദോ എബ്രഹാം വിജയിച്ച കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 80.15 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മൂവാറ്റുപുഴയില്‍ ഇക്കുറി പോളിംഗ് ശതമാനം 73.47 ആണ്. എസ് ശര്‍മ വിജയിച്ച വൈപ്പിനില്‍ 79.87 ആയിരുന്നു 2016ലെ പോളിംഗ്. ഇക്കുറി 74.60 ആണ്. കെ ബാബുവിനെ എം സ്വരാജ് അട്ടിമറിച്ച തൃപ്പൂണിത്തുറയില്‍ 2016ല്‍ പോളിംഗ് ശതമാനം 78.03 ആയിരുന്നു. ഇക്കുറി 73.03 ആണ്. യു ഡി എഫില്‍ നിന്ന് എല്‍ ഡി എഫിലെ കെ ജെ മാക്‌സി പിടിച്ചെടുത്ത കൊച്ചി മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 72.33 ശതമാനമായിരുന്നു പോളിംഗ്. ഇക്കുറി കൊച്ചിയില്‍ 69.71 ശതമാനമാണ് പോളിംഗ്.
പോളിംഗ് കണക്കുകളില്‍ അവസാന വിലയിരുത്തലില്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ടെങ്കിലും പോളിംഗ് ശതമാനം പൊതുവില്‍ കുറഞ്ഞിരിക്കുന്നുവെന്ന യാഥാര്‍ഥ്യം രാഷ്ട്രീയ പാര്‍ട്ടികള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. മെയ് 2ന് വോട്ടെണ്ണല്‍ കഴിയുന്നതു വരെ ഈ ആകാംക്ഷ തുടരും.