വോട്ട് ചെയ്യാത്തത് ഒരു വനിത മാത്രം; ആദിവാസി ഗ്രാമത്തില്‍ പോളിംഗ് 98.27 ശതമാനം

-വയനാട്ടിലെ കുറിച്യാട് പോളിംഗ് സ്റ്റേഷനു കാവല്‍ നില്‍ക്കുന്ന അതിര്‍ത്തി രക്ഷാസേനാംഗങ്ങള്‍.
കല്‍പറ്റ-വയനാട്ടില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയതു ബത്തേരി നിയോജകമണ്ഡലത്തിലെ കുറിച്യാട് ആദിവാസി ഗ്രാമത്തില്‍. 98.27 ശതമാനമാണിവിടെ പോളിംഗ്. ഗ്രാമത്തില്‍ 58 പേര്‍ക്കാണ് വോട്ടവകാശം. ഇതില്‍ സ്ഥലത്തുണ്ടായിരുന്ന 57 പേരും വോട്ടുചെയ്തു. കര്‍ണാടകയില്‍ പോയ വനിതയാണ് വോട്ടിനു എത്താതിരുന്നത്.

ബത്തേരി-പുല്‍പള്ളി റോഡിലെ ചെതലയത്തുനിന്നു എട്ടു കിലോമീറ്റര്‍ മാറിയാണ് കുറിച്യാട്. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റേഞ്ചിലാണ് ഈ പ്രദേശം. ചെതലയത്തുനിന്നു വനത്തിലൂടെയാണ് കുറിച്യാടിലേക്കു പാത. ഗ്രാമത്തിലെ ബദല്‍ വിദ്യാലയമാണ് പോളിംഗ് സ്റ്റേഷനാക്കി മാറ്റിയത്.
ജില്ലയിലെ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളുടെ ഗണത്തില്‍പ്പെട്ട കുറിച്യാട് കനത്ത സുരക്ഷയിലായിരുന്നു പോളിംഗ്. അതിര്‍ത്തി രക്ഷാസേനയിലെ എട്ടു പേര്‍ക്കു പുറമേ ലോക്കല്‍ പോലീസിനെയും സേവനത്തിനു നിയോഗിച്ചിരുന്നു. കേന്ദാവിഷ്‌കൃത സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രദേശവുമാണ് കുറിച്യാട്.

Latest News