വോട്ട് ചെയ്ത ശേഷമുള്ള ഫോട്ടോ അഡള്‍ട് ഗ്രൂപ്പില്‍, വെറുതെ വിടില്ലെന്ന് ഡോ.ഷിംന

കോഴിക്കോട്- സാമൂഹിക ഇടപെടലുകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ ഡോ.ഷിംന അസീസ്  വോട്ട് ചെയ്ത ശേഷം  ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത ഫോട്ടോ വൃത്തികേട് എഴുതി അഡള്‍ട് ഗ്രൂപ്പില്‍ എത്തിച്ചു.
പോസ്റ്റിട്ട വ്യക്തിക്കെതിരേയും പോസ്റ്റ് വന്ന ഗ്രൂപ്പിനെതിരേയും നിയമപരമായി മുന്നോട്ടു പോകുമെന്ന് ഷിംന അസീസ് ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ഡോ.ഷിംന അസീസിന്‍റെ ഫേസ് ബുക്ക് കുറിപ്പ്

രാഷ്‌ട്രീയപരമായ വീക്ഷണങ്ങളിൽ വൈരുദ്ധ്യമുണ്ടാകാം. മതപരമായോ ഔദ്യോഗികമായോ വിദ്വേഷം സ്വാഭാവികമാണ്‌. ഇനിയും നൂറ്‌ കാരണങ്ങൾ കൊണ്ട്‌ എന്നോട്‌ എതിർപ്പ്‌ തോന്നാം. നിങ്ങൾക്ക്‌ യഥേഷ്‌ടം സ്‌ത്രീവിരുദ്ധതയുമാവാം. അതൊക്കെ നിങ്ങളുടെ സൗകര്യം, സ്വാതന്ത്ര്യം. ഇതൊന്നും ഇവിടെ പുത്തരിയല്ല.
എന്ന്‌ വെച്ച്‌, അത്‌ ഒരു സ്‌ത്രീയുടെ ചിത്രം ഫേക്ക്‌ ഐഡി വഴി ഒരു അഡൾട്ട്‌ ഗ്രൂപ്പിൽ കൊണ്ട്‌ പോയി തോന്നിയ പടി പോസ്‌റ്റ്‌ ചെയ്യുന്നിടം വരെയെത്തുന്നതിനെ ലഘുവായെടുക്കുമെന്ന്‌ കരുതേണ്ട.
കുറേയധികം സുഹൃത്തുക്കളായി ലിങ്കും സ്‌ക്രീൻഷോട്ടും സഹിതം ഈ വിവരം വന്ന്‌ പറയുന്നു.
പോസ്‌റ്റിട്ട വ്യക്‌തിക്കെതിരെയും പോസ്‌റ്റ്‌ വന്ന ഗ്രൂപ്പിനെതിരെയും നിയമപരമായി തന്നെ മുന്നോട്ട്‌ പോകും. വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല.

 

Latest News