Sorry, you need to enable JavaScript to visit this website.

ആലപ്പുഴയില്‍ കനത്ത പോളിംഗ്; ആത്മവിശ്വാസത്തോടെ മുന്നണികള്‍

ഉയര്‍ന്ന പോളിംഗ് ചേര്‍ത്തലയില്‍; കുറവ് ചെങ്ങന്നൂരില്‍

ആലപ്പുഴ- കോവിഡ് നിയന്ത്രണങ്ങള്‍ക്കിടയില്‍ വീറും വാശിയുമേറിയ തെരഞ്ഞെടുപ്പില്‍ ആലപ്പുഴ ജില്ലയില്‍ കനത്ത പോളിംഗ്. രാത്രി 7.40 വരെയുള്ള കണക്കനുസരിച്ച് 74.65 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണക്കില്‍ കാര്യമായ വ്യത്യാസം വരുമെന്നാണ് നിഗമനം. 2016ലെ തിരഞ്ഞെടുപ്പില്‍ 79.88 ആയിരുന്നു ജില്ലയുടെ പോളിംഗ് ശതമാനം. അവസാന കണക്കുകള്‍ എത്തുന്നതോടെ പോളിംഗ് ശതമാനം ഉയരാനാണിട.
2016ല്‍ 86.30 ശതമാനം വോട്ട് രേഖപ്പെടുത്തിയ ചേര്‍ത്തല തന്നെയാണ് ഇത്തവണയും മുന്നില്‍. 80.55 ശതമാനമാണ് ചേര്‍ത്തലയിലെ ഇതുവരെയുള്ള പോളിംഗ്. തൊട്ടുപിന്നില്‍ 80.02 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ അരൂരാണ്. കഴിഞ്ഞതവണ അരൂരിലെ പോളിംഗ് 85.43 ആയിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ ഏറ്റവും കുറവ് പോളിംഗ് രേഖപ്പെടുത്തിയത് ചെങ്ങന്നൂരായിരുന്നു.74.36 ശതമാനം പേരാണ് അന്ന് ചെങ്ങന്നൂരില്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ഇത്തവണ ലഭ്യമായ കണക്കുകള്‍ പ്രകാരം ചെങ്ങന്നൂരില്‍ 68.98 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
രാവിലെ പോളിംഗ് ആരംഭിച്ചത് മുതല്‍ തന്നെ ജില്ലയിലെ തീരദേശ ബൂത്തുകുളിലുള്‍പ്പടെ കനത്ത പോളിംഗാണ് രേഖപ്പെടുത്തിയത്. ഇരട്ട വോട്ടുകള്‍ സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്നറിയിപ്പും യു ഡി എഫിന്റെ പരാതിയും നിലനില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയാണ് ബൂത്തുകളില്‍ സജ്ജമാക്കിയിരുന്നത്. കള്ളവോട്ടിനെതിരെ ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ജാഗ്രതാ മുന്നറിയിപ്പുകള്‍ അടങ്ങിയ പോസ്റ്ററുകള്‍ പതിച്ചിരുന്നു.
വോട്ടര്‍മാര്‍ രാവിലെ തന്നെ കൂട്ടമായെത്തുന്ന കാഴ്ചയായിരുന്നു മിക്ക ബൂത്തുകളിലും. പ്രായമേറിയവര്‍ പോലും ആവേശത്തോടെയെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്. 80 വയസ്സിന് മുകളിലുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും തപാല്‍ വോട്ട് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ താത്പര്യപ്പെട്ട് നിരവധി പേരാണ് ഈ സൗകര്യം പ്രയോജനപ്പെടുത്താതിരുന്നത്. ഇതോടെ ഇത്തരമാളുകള്‍ ഏറെ പ്രയാസപ്പെട്ടും ബൂത്തുകളിലെത്തി തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കുന്ന കാഴ്ച ആരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
രാവിലെ പോളിംഗ് ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ ജില്ലയിലെ മിക്ക മണ്ഡലങ്ങളിലെയും ബൂത്തുകളില്‍ പത്ത് ശതമാനത്തോളം പേര്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.തീരദേശ മണ്ഡലങ്ങളിലാണ് വോട്ടര്‍മാര്‍ കൂട്ടത്തോടെയെത്തി അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയത്.രാവിലെ ഏഴിനാണ് വോട്ടെടുപ്പാരംഭിച്ചത്.ഇതിന് ഒന്നര മണിക്കൂര്‍ മുമ്പ് മോക് പോള്‍ ആരംഭിച്ചു.രണ്ട് സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെ സാന്നിധ്യത്തില്‍ വേണം മോക് പോള്‍ നടത്താന്‍ എന്ന നിബന്ധനയുള്ളതിനാല്‍ ചിലയിടങ്ങളില്‍ ഇവരെത്താന്‍ വൈകിയതിനാല്‍ 15 മിനിട്ട് നേരം കാത്തിരുന്ന ശേഷം ഉദ്യോഗസ്ഥര്‍ തന്നെ മോക് പോള്‍ നടത്തുകയായിരുന്നു.
വോട്ടിംഗ് മെഷീന്‍ തകരാറുകള്‍ സാധാരണയേക്കാള്‍ കുറവായിരുന്നെങ്കിലും ചിലയിടങ്ങളില്‍ വി വി പാറ്റ് മെഷീനുകള്‍ തകരാറായി.ഇത് മൂലം ചിലയിടങ്ങളില്‍ വോട്ടെടുപ്പ് വൈകുകയും ചെയ്തു.കൃത്യം ഏഴ് മണിക്ക് തന്നെ വോട്ടെടുപ്പ് ആരംഭിച്ചു.ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ജില്ലയിലെ പോളിംഗ് ഏഴ് ശതമാനത്തോളമായി.തുടക്കത്തില്‍ ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത് പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ ഹരിപ്പാടായിരുന്നു.ഇവിടെ 6.70 ശതമാനം പോളിംഗ് രേഖപ്പെടുത്തി.തൊട്ടുപിന്നില്‍ 6.65 ശതമാനവുമായി ചേര്‍ത്തലയായിരുന്നു.എന്നാല്‍ പിന്നീടങ്ങോട്ട് ചേര്‍ത്തല തന്നെയായിരുന്നു മുമ്പില്‍.തുടക്കം മുതല്‍ കുട്ടനാട്ടിലായിരുന്നു കുറവ് പോളിംഗ് രേഖപ്പെടുത്തിയത്.ഇത് അവസാനം വരെ തുടരുന്ന കാഴ്ചയായിരുന്നു.
പോളിംഗ് മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ജില്ലയില്‍ 21.81 ശതമാനം പേര്‍ വോട്ട് ചെയ്തിരുന്നു.ചേര്‍ത്തല തന്നെയായിരുന്നു പോളിംഗില്‍ മുന്നില്‍.12 മണിയോടെ പോളിംഗ് ശതമാനം 41.99 ആയി.ഈ സമയം ജില്ലയിലെ പോളിംഗ് ശഥമാനത്തേക്കാള്‍ ഉയര്‍ന്ന് ചേര്‍ത്തലയിലെ ശതമാനം 44.16 ആയി.മാവേലിക്കരയിലാകട്ടെ, കുട്ടനാട്ടിലേതിനേക്കാള്‍ പോളിംഗ് ശതമാനം താഴുന്ന സ്ഥിതിയുമായി.
മാവേലിക്കരയില്‍ 12 മണിക്ക് 39.92 ശതമാനം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്.ഈ സമയം കുട്ടനാട്ടിലെ പോളിംഗ് ശതമാനം 40.17 ആയി ഉയര്‍ന്നു.ഉച്ചക്ക് ഒന്നര മണിയായതോടെ ജില്ലയിലെ പകുതിയിലധികം പേരും വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു.അതേസമയം, കുട്ടനാട്, ഹരിപ്പാട്, അമ്പലപ്പുഴ, മാവേലിക്കര, ചെങ്ങന്നൂര്‍ മണ്ഡലങ്ങളിലെ പോളിംഗ് ശതമാനം ഈ സമയത്ത് ജില്ലയിലെ ശതമാനത്തേക്കാള്‍ കുറവായിരുന്നു.ചേര്‍ത്തല തന്നെയായിരുന്നു മുന്നിട്ടു നിന്നത്.
ഉച്ച സമയമാകുമ്പോള്‍ വോട്ട് ചെയ്യാനെത്തുന്നവരുടെ എണ്ണം പൊതുവെ കുറയുന്നതാണെങ്കിലും ഈ സമയത്തും ജില്ലയിലെ വോട്ടര്‍മാര്‍ കൂട്ടത്തോടെ ബൂത്തുകളിലേക്ക് എത്തുന്ന കാഴ്ചയായിരുന്നു.നാല് മണിയോടെ ജില്ലയിലെ പോളിംഗ് ശതമാനം 62.93 ആയി ഉയര്‍ന്നു.ഈ സമയം ചേര്‍ത്തലയില്‍ 67.86 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞിരുന്നു.അഞ്ച് മണിയോടെ ചേര്‍ത്തലയുള്‍പ്പെടെ ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലെ പോളിംഗ് 70 ശതമാനം പിന്നിട്ടു.ചേര്‍ത്തലയിലാകട്ടെ ഈ സമയത്ത് 75 ശതമാനത്തോളം പേര്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു കഴിഞ്ഞിരുന്നു.
പോളിംഗ് അവസാനിക്കാന്‍ ഒരു മണിക്കൂര്‍ മാത്രം ശേഷിക്കെ ജില്ലയിലെ അരൂര്‍, ചേര്‍ത്തല മണ്ഡലങ്ങളിലെ പോളിംഗ് 80 ശതമാനം പിന്നട്ടു.ചേര്‍ത്തയില്‍ 81.20 ശതമാനം പേരും അരൂരില്‍ 80.92 ശതമാനം പേരും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു.ഈ സമയത്ത് മാവേലിക്കകര, ചെങ്ങന്നൂര്‍ മണ്ഡലങ്ങള്‍ 70 ശതമാനത്തില്‍ താഴെ മാത്രമായിരുന്നു പോളിംഗ് നടന്നത്.പോളിംഗ് പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ പോളിംഗ് ശതമാനം 80 കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

Latest News