Sorry, you need to enable JavaScript to visit this website.

വോട്ട് കളയാന്‍ മനസില്ല; നാസര്‍ എത്തിയത് ഓക്‌സിജന്‍ സിലിണ്ടറുമായി

മലപ്പുറം-ശ്വാസ തടസ്സം മൂലം കഷ്ടപ്പെടുമ്പോഴും സമ്മതിദാനാവകാശം വിനിയോഗിക്കാതിക്കാന്‍ മുന്‍ പ്രവാസിയായ നാസറിന് മനസു വന്നില്ല.തന്റെ സന്തത സഹചാരിയായ ഓക്‌സിജന്‍ സിലിണ്ടറുമായി ബൂത്തിലെത്തി വോട്ട് ചെയ്ത് മടങ്ങി.വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ പുല്ലങ്കോട് ചടച്ചിക്കല്‍ കളത്തിങ്ങല്‍ നാസര്‍ (54) ആണ് രോഗത്തിനിടയിലും ആവേശം ചോരാതെ വോട്ടുചെയ്യാനെത്തിയത്.ചോക്കാട് പഞ്ചായത്തിലെ തൊണ്ണൂറ്റൊന്നാം നമ്പര്‍ ബൂത്തായ ഉദരംപൊയില്‍ സ്‌കൂളിലേക്ക് ബന്ധുക്കളുടെ സഹായത്തോടെ ഓക്‌സിജന്‍ സിലിണ്ടറുമായി വന്ന വോട്ടറെ കണ്ടപ്പോള്‍ പരിസരത്തുണ്ടായിരുന്നവര്‍ ആദ്യം അമ്പരന്നു.പൊതുപ്രവര്‍ത്തകന്‍ കൂടിയായ നാസറിന്റെ ആവേശത്തെ അവര്‍ അഭിനന്ദിച്ചു.
ദുബായില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്നതിനിടെ നാസറിന് ന്യൂമോണിയ ബാധിച്ച് ശ്വാസകോശത്തിന് കാര്യമായ തകരാര്‍ സംഭവിച്ചു.നിരവധി ദിവസങ്ങള്‍ വെന്റിലേറ്ററില്‍ കഴിഞ്ഞ് രോഗത്തിന്റെ കാഠിന്യം കുറഞ്ഞതോടെ നാട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു.നാട്ടിലെ പ്രമുഖ ആശുപത്രികളില്‍ ചികിത്സ തുടര്‍ന്നു . ഇപ്പോള്‍ ഫിസിയോ തറാപ്പി ചെയ്ത് കൊണ്ടിരിക്കുകയാണ്.നാട്ടിലായിരുന്ന സമയത്തും ദുബായില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സമയത്തുമെല്ലാം പൊതുപ്രവര്‍ത്തകനായിരുന്നു നാസര്‍.വിദേശത്തുള്ള സമയങ്ങളില്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമായി തുടരുന്നതിനിടെയാണ് രോഗ ബാധിതനായത്.ഇപ്പോള്‍ രോഗത്തിന് ശമനം വന്നതോടെ വീണ്ടും സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്.
ഇന്നലെ രാവിലെ ഏഴരയോടെ കുടുംബ സമ്മേതം ബൂത്തിലെത്തിയ നാസറിനെ വോട്ട് ചെയ്യാന്‍ ഉദ്യോഗസ്ഥരും സൈനികരും സഹായിച്ചു.മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശമായതിനാല്‍ കനത്ത സുരക്ഷാ വലയത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്.

 

Latest News