മഡിക്കേരി- പെട്രോൾ ഒഴിച്ച് വീടിനു തീയിട്ട് ഏഴു പേരെ കൊലപ്പെടുത്തിയ ആളുടെ മൃതദേഹം കണ്ടെത്തി. കുടക് ജില്ലയിലെ പൊന്നാംപേട്ട് താലൂക്കിലെ മുഗുതാഗേരിയിലാണ് സംഭവം. മുഗുതാഗേരിയിലെ കാപ്പിത്തോട്ടത്തിലാണ് ബോജ എന്നയാളുടെ മൃതദേഹം കണ്ടെത്തിയത്.
വീടിന് തീകൊളുത്തിയ ശേഷം ബോജ തന്റെ മറ്റൊരു മകളുമായി ഫോണിൽ സംസാരിക്കുന്ന വീഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയില്‍ പ്രചരിച്ചിരുന്നു. മകളുമായി സംസാരിച്ചയുടൻ ബോജ ജീവനൊടുക്കിയെന്നാണ് കരുതുന്നത്.
നാല് ചെറിയ കുട്ടികൾ ഉൾപ്പെടെ ഏഴ് പേരാണ് മരിച്ചത്. രണ്ട് മക്കളെ നഷ്ടപ്പെട്ട തോല എന്നയാളുടടെ ഭാര്യ ഭാഗ്യ (28) മൈസുരുവിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ മരിച്ചതോടെയാണ് മരണ സംഖ്യ ഏഴായത്. തീപിടിത്തത്തില്‍ തോലയ്ക്കും പരിക്കുണ്ട്.
കുട്ടികളടക്കം ഏഴ് പേരുടെ മരണത്തിന് കാരണക്കാരനായ ബോജയെ കണ്ടെത്താന്‍ കുടുക് ജില്ലാ പോലീസ് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിരുന്നു.






