മംഗളൂരു- പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ ശാരീരികമായും ലൈംഗികമായും പീഡിപ്പിച്ച കുമ്പള അനാഥാലയത്തിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മംഗളൂരു സിറ്റി പോലീസ് കമ്മീഷണറേറ്റ് പരിധിയില്‍ വരുന്ന അനാഥാലയങ്ങളിലേയും ശിശുക്ഷേമ കേന്ദ്രങ്ങളിലേയും അന്തേവാസികള്‍ക്കായി നടത്തിയ ബോധവൽക്കരണ പരിപാടിയില്‍ ലഭിച്ച സൂചനകളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുമ്പള നൂറാനി യതീംഖാന ദാറുല്‍ മസാകീനിലെ കെയർടേക്കർ കൊണാജെ സ്വദേശി അയ്യൂബിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് കമ്മീഷണർ എൻ ശശി കുമാർ വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. 52 കാരനായ ഇയാള്‍ക്കെതിരെ പോക്സോ പ്രകാരം വനിതാ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പോലീസ് വകുപ്പും ശിശുക്ഷേമ സമിതിയും ചേർന്ന് ടിഎംഎ പൈ ഹാളിൽ നടത്തിയ ബോധവല്‍ക്കരണ പരിപാടില്‍ 480 കുട്ടികള്‍ സംബന്ധിച്ചിരുന്നു. മോശമായ സ്പർശനങ്ങൾ, കുട്ടികളുടെ അവകാശങ്ങൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായിരുന്നു പരിപാടി.
ഈ പരിപാടിയിലാണ് 14 കാരന്‍ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. തുടക്കത്തിൽ, കുട്ടി ചില പ്രശ്നങ്ങളെക്കുറിച്ച് മാത്രമാണ് പറഞ്ഞത്. രണ്ട് ഘട്ട കൗൺസിലിംഗിന് ശേഷം യഥാർത്ഥ പ്രശ്നം പുറത്തുവന്നു. ആറ് സ്ഥാപനങ്ങളില്‍ ഇത്തരത്തിലുള്ള 20 സംഭവങ്ങളെ കുറിച്ച് വിവരങ്ങളുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് കമ്മീഷണർ പറഞ്ഞു.
കുമ്പളയിലെ സ്ഥാപനത്തിൽ നിന്ന് ഇത്തരം നാല് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുട്ടികളെ രക്ഷപ്പെടുത്തി സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.
എന്തു പരിപാടിയാണെന്ന് കെയർടേക്കർമാർക്ക് ശരിയായ വിവരം നല്‍കാതെ രഹസ്യ സ്വഭാവത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
കോവിഡിനെക്കുറിച്ചുള്ള ബോധവല്‍ക്കരണമെന്നാണ് പറഞ്ഞത്. ശിശു സംരക്ഷണ കേന്ദ്രത്തിൽ കുട്ടികൾക്ക് ഒന്നും പങ്കുവെക്കാന്‍ കഴിയില്ലെന്ന് കരുതിയാണ് ടിഎംഎ പൈ ഹാളിൽ പരിപാടി നടത്തിയതെന്നും പോലീസ് കമ്മീഷണർ പറഞ്ഞു.
കുട്ടികൾക്ക് ചോദ്യാവലി നൽകി മറുപടികള്‍ ശേഖരിച്ചാണ് കൗണ്‍സലിംഗ് വേണ്ടവരെ തെരഞ്ഞെടുത്തത്.