പോളിംഗ് ദിനത്തില്‍ പി.ജെ. പോസ്റ്റര്‍, കണ്ണൂരില്‍ വിവാദം

കണ്ണൂര്‍ - ക്യാപ്റ്റന്‍ വിവാദം കത്തിനില്‍ക്കുന്ന കണ്ണൂരില്‍ വോട്ടെടുപ്പ് ദിവസം സി.പി.എം ശക്തി കേന്ദ്രത്തില്‍ വീണ്ടും പി.ജയരാജനെ സ്തുതിച്ച് പോസ്റ്ററുകള്‍. പാപ്പിനിശ്ശേരി മാങ്കടവിലാണ് വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. മിക്ക വീടുകളുടെയും മുറ്റത്ത് പോസ്റ്ററുകള്‍ ഇട്ടതിന് പുറമെ പത്രങ്ങള്‍ക്കൊപ്പവും  ഇവ ലഭിച്ചതായി പറയുന്നു.
          പിണറായിയിലെ പി.ജെ.ഫ്‌ളക്‌സ് വിവാദവും, ഫേസ് ബുക്കിലെ ക്യാപ്റ്റന്‍ വിവാദവും അടങ്ങിയതിന് പിന്നാലെയാണ് ഈ പോസ്റ്ററുകള്‍ എത്തിയത്. 'രണ്ടടി മുന്നോട്ടു പോകാന്‍ ഒരടി പിന്നോട്ട് എന്ന അടവുനയം. ക്യാപ്റ്റന്‍ തുലയട്ടെ, പി.ജെ. നമ്മുടെ ഉറപ്പ്. പി.ജെയെ ഒതുക്കിയവര്‍ക്ക് കൂലി  വരമ്പത്ത് തന്നെ കൊടുക്കണം സഖാക്കളെ ' എന്നിങ്ങനെയാണ് പോസ്റ്ററിലെ വരികള്‍. അച്ചടിച്ച പോസ്റ്ററിനടിയില്‍ റെഡ് വോയ്‌സ് കണ്ണൂരിന്റെ പേരിലാണുള്ളത്.
അതേ സമയം, തെരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍, ജനങ്ങളില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനായി പുറത്തുവിട്ടതാണീ പോസ്റ്ററുകളെന്നും, ഇതിനെതിരെ വളപട്ടണം പോലീസില്‍ പരാതി നല്‍കിയതായും ഇടതു നേതാക്കള്‍ പറഞ്ഞു.

 

Latest News