Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദേവഗണങ്ങള്‍ അസുരന്മാര്‍ക്കൊപ്പം നില്‍ക്കില്ല, പിണറായിയെ പരിഹസിച്ച് കെ. സുധാകരന്‍

കണ്ണൂര്‍- പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുടെ ദൈവ വോട്ട് പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡണ്ട് കെ.സുധാകരന്‍.
   അയ്യപ്പന്‍ ഉള്‍പ്പെടെയുള്ള ദേവഗണങ്ങള്‍ എല്ലാം നിയമസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനൊപ്പമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവര്‍ക്കൊപ്പമാണ് എല്ലാ കാലത്തും ദേവഗണങ്ങളെന്നും പിണറായി അഭിപ്രായപ്പെട്ടിരുന്നു.
കോടിയേരി ബാലകൃഷ്ണന്‍ ഒരു പടി കൂടി കടന്നാണ് അഭിപ്രായപ്രകടനം നടത്തിയത്. ദൈവങ്ങള്‍ക്ക് വോട്ടുണ്ടായിരുന്നുവെങ്കില്‍ ഇടതുപക്ഷത്തിനായിരുന്നു വോട്ടു ചെയ്യുകയെന്നും, വിശ്വാസികള്‍ കൂട്ടത്തോടെ ഇടതു പക്ഷത്തിന് വോട്ടു ചെയ്യാനെത്തുന്ന കാഴ്ചയാണ് കാണാനാവുന്നതെന്നുമായിരുന്നു കോടിയേരിയുടെ പ്രതികരണം. എം. എം.മണിയും, കടകംപള്ളിയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സമാനമായ അഭിപ്രായപ്രകടനങ്ങളാണ് നടത്തിയത്.
             ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് കെ.സുധാകരന്‍ ഉയര്‍ത്തിയത്. ദേവഗണങ്ങള്‍ അസുരഗണങ്ങളോട് യോജിക്കില്ലെന്നായിരുന്നു സുധാകരന്റെ ആദ്യ പ്രതികരണം. ദേവഗണത്തില്‍ നിന്ന് ഞങ്ങള്‍ക്ക് എതിരായ ഒരു നിലപാടും ഉണ്ടാകില്ല എന്ന് ഉറപ്പുണ്ട്. കാരണം ഞങ്ങള്‍ സത്യസന്ധമായി കാര്യങ്ങള്‍ ചെയ്തവരാണ്.
ഭക്തിയുള്ളവരുടെ വികാരത്തെ ചൂഷണം ചെയ്യാനുള്ള തന്ത്രമാണ് സി.പി.എമ്മിന്റെത്. അത് മനസ്സിലാക്കാനുള്ള ബുദ്ധി കേരളത്തിലെ സാമാന്യ ജനങ്ങള്‍ക്ക് ഉണ്ടെന്നും സുധാകരന്‍ പറഞ്ഞു.
ശബരിമല അയ്യപ്പനെ ഇതിനപ്പുറം നിന്ദിക്കാന്‍ പിണറായി വിജയന്‍ അല്ലാതെ
ആര്‍ക്ക് സാധിക്കും.?
തേരാപ്പാര നടക്കുന്ന രണ്ട് പെണ്‍കുട്ടികളെ കസ്റ്റഡിയില്‍ എടുത്തുകൊണ്ടുപോയി അയ്യപ്പനെ അപമാനിച്ച പിണറായി വിജയനോട് കേരളത്തിലെ ഭക്തജനങ്ങള്‍ ക്ഷമിക്കുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് മൂഢവിശ്വാസം ആണെന്നും സുധാകരന്‍ പറഞ്ഞു.
പിണറായി വിജയന്‍ നികൃഷ്ടമായ മനസ്സിന്റെ ഉടമയാണ്  എന്ന് സ്വന്തം പ്രവര്‍ത്തിയിലൂടെ തെളിയിച്ചു. ആരുടെ മനസ്സിന്റെ അകത്തും ഒരു സംശയത്തിന് ഇടം നല്‍കാതെ താന്‍ എന്താണ് , ഏതാണ് എന്ന് കേരളത്തിലെ ജനങ്ങളെ ബോധ്യപ്പെടുത്തിയ ഒരു ഭരണ കര്‍ത്താവിന്റെ ചിന്തകള്‍ വോട്ടര്‍മാര്‍ വിലയിരുത്തും. എല്ലാ ഇലക്ഷനിലും  തല്ല് നടത്തുക എന്നത് സി.പി.എമ്മിനെ പ്രവര്‍ത്തന ശൈലിയുടെ ഭാഗമാണ്.
തളിപ്പറമ്പ് മോറാഴയില്‍ കള്ളവോട്ട് ചെയ്തയാളെ പോലീസ് പിടിച്ചില്ല.
എം.വി.ഗോവിന്ദന്‍ മാഷ് കള്ള വോട്ട് ചെയ്യാന്‍ ആഹ്വാനം നടത്തിയ സംഭവത്തില്‍ പോലീസ് കേസെടുക്കേണ്ടതാണ്. നാല് കിറ്റ് കൊടുത്ത് ജനങ്ങളെ മാറ്റി വളയ്ക്കാം എന്ന് കരുതുന്നത് ഇടത് പക്ഷത്തിന്റെ മൗഢ്യമാണെന്നും സുധാകരന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അനുകൂല ഫലമുണ്ടാവും. കണ്ണൂരില്‍ 6 ഇടത്ത് ജയിക്കും. യു.ഡി.എഫ് അധികാരത്തില്‍ തിരിച്ചു വരുമെന്നും സുധാകരന്‍ പറഞ്ഞു.

 

Latest News