Sorry, you need to enable JavaScript to visit this website.
Tuesday , April   13, 2021
Tuesday , April   13, 2021

കൊറോണ കാലത്തെ ദ്വീപ് യാത്ര

ഏത് സഞ്ചാരിയും ജീവിതത്തിലൊരിക്കലെങ്കിലും കാണാൻ കൊതിക്കുന്ന ഭൂപ്രദേശമാണ് ലക്ഷദ്വീപ്. അറബിക്കടലിന്റെ പവിഴമുത്തുകളായ ദ്വീപുകൾക്ക് കേരളക്കരയുമായുള്ള ബന്ധത്തിന് പഴക്കമേറെയാണ്. ആധുനിക കാലത്ത് ബേപ്പൂർ തുറമുഖമാണ്  ദ്വീപുകാർക്ക് കേരളത്തിലേക്കുള്ള ഗേറ്റ് വേ. പല കാരണങ്ങളാൽ ബേപ്പൂരിലേക്കാൾ കണക്റ്റിവിറ്റി കർണാടകയിലെ മംഗളുരു, കൊച്ചി തുറമുഖങ്ങളിലേക്കാണെന്നത് വേറെ കാര്യം. 
ലക്ഷദ്വീപിന്റെ സ്‌നേഹ വാത്സല്യങ്ങൾ ഏറ്റുവാങ്ങി വളർന്ന് പിൽക്കാലത്ത് സൗദി അറേബ്യയിലെ ജിദ്ദയും കോഴിക്കോട് നഗരവും തട്ടകമായി മാറിയെങ്കിലും മനസ്സിൽ നിറഞ്ഞു നിൽക്കുന്നത് ലക്ഷദ്വീപാണ്. 


പെട്ടെന്ന് തീരുമാനിച്ചതായിരുന്നു ജന്മനാടായ ആന്ത്രോത്തിലേക്ക് കോവിഡ് കാലത്ത് യാത്ര ചെയ്യാൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലക്ഷദ്വീപിലേക്ക് പോകാൻ യാത്രക്കാർക്കുള്ള നിയന്ത്രണം  ആദ്യം മുതൽ വളരെ കർശനമായിരുന്നു. നിയമപ്രകാരം  പതിനാല് ദിവസം കേരളത്തിൽ ക്വാറന്റൈൻ  ഇരിക്കണം.  എന്റെ  യാത്ര പുതിയ നിബന്ധനകളിൽ ഇളവ് വന്നതിനുശേഷമായിരുന്നു. അത് പ്രകാരം ക്വാറന്റൈൻ നിർബന്ധമില്ല.  ദ്വീപിലേക്ക് തിരിക്കുന്നതിന് 48 മണിക്കൂർ മുമ്പ് ആർടിപിസി ടെസ്റ്റ് നടത്തിയാൽ മാത്രം മതി.  ഇത്  കൊണ്ടുള്ള പ്രയോജനം എത്ര ആലോചിച്ചിട്ടും എനിക്ക് പിടികിട്ടിയില്ല.

ലക്ഷദ്വീപ് സമൂഹത്തിൽ വളരെയധികം വിമർശിക്കപ്പെട്ട  നടപടി ആയിരുന്നു ഈ വിഷയം.  ഒരു വർഷം മുഴുവൻ കോവിഡ് വിമുക്ത പ്രദേശമായി നിലകൊണ്ട ലക്ഷദ്വീപിൽ കോവിഡ് എത്തുകയും ചെയ്തു. കപ്പൽ യാത്രാ ടിക്കറ്റിന് വലിയ ഡിമാന്റ് ആണിപ്പോൾ.   സാമൂഹിക അകലം പാലിക്കേണ്ടതിനാൽ കപ്പലിലെ മുഴുവൻ സീറ്റുംകൊടുക്കുന്നില്ല, പകുതി  സീറ്റിലേക്ക് മാത്രമാണ് ടിക്കറ്റ് കൊടുക്കുന്നത്.  ഓൺലൈനിലാണ് ടിക്കറ്റ് നൽകുന്നത്. അവസാന നിമിഷമാണ്  ടിക്കറ്റ് ലഭിച്ചത്.  മിനിക്കോയി എന്ന ചെറിയ യാത്ര കപ്പലിലാണ് യാത്ര.

 പുഷ് ബാക്ക് സീറ്റ് മാത്രമാണ് ഉള്ളത്. സുദീർഘ യാത്രയൊന്നുമില്ലെന്നത് ആശ്വാസം. ബേപ്പൂരിൽ നിന്നും ഒരു രാത്രി മാത്രം യാത്ര ആയതിനാൽ വലിയ  ക്ലേശം ഉണ്ടായില്ല. ആദ്യം അറിയിച്ചത്  രാവിലെ പതിനൊന്ന് മണിക്കാണ് ബോർഡിങ് ടൈം.  പിന്നീട് അത് മാറ്റി മൂന്ന് മണിക്കാക്കി. കോവിഡ് കാലമായതിനാൽ ബേപ്പൂർ തുറമുഖത്തേക്ക് യാത്രക്കാരെ  മാത്രമേ കയറ്റി വിടുകയുള്ളു. അതിനാൽ നമ്മുടെ സാധനങ്ങൾ സ്വയം എടുത്ത് കപ്പലിൽ വെക്കണം. കപ്പൽ ജീവനക്കാരുടെത് വളരെ നല്ല സഹകരണമായിരുന്നു.  എല്ലാ സാധനങ്ങളും കയറ്റി എന്റെ സീറ്റിൽ സുഖമായി ഇരുന്നു. സീറ്റിന്റെ  തൊട്ടടുത്ത് തന്നെ കപ്പലിലെ കാന്റീൻ ഉള്ളത് കൊണ്ട് ചായ, കാപ്പി, സ്‌നാക്‌സ് ഒക്കെ ഇഷ്ടം പോലെ ലഭിക്കുമായിരുന്നു. ഒരു വർഷത്തെ സുദീർഘ ഇടവേളയ്ക്ക്  ശേഷം ഉള്ള യാത്ര. നാട്ടിലെ പല കൂട്ടുകാരേയും കണ്ടപ്പോൾ കുശലാന്വേഷണവും വിശേഷങ്ങളും പങ്കുവെച്ചു. നാട്ടിലെ പൊതു, രാഷ്ട്രീയ വിഷയങ്ങളെല്ലാം ചർച്ചയായി. 


വർഷങ്ങൾക്കു മുമ്പ് ആന്ത്രോത്ത് ദ്വീപിൽ മർഹൂം പി.എം.സഈദ് സാഹിബിന്റെ  പരിശ്രമം കൊണ്ടുണ്ടാക്കിയ ബ്രൈക്ക് വാട്ടർ സിസ്റ്റത്തിന്റെ കാര്യം സംവാദത്തിൽ കടന്നുവന്നു. ആന്ത്രോത്തിൽ  എല്ലാ സൗകര്യവും ഉണ്ടായിട്ടും വലിയ കപ്പലുകൾ അടുപ്പിക്കാത്തതിന്റെ  പേരിൽ കക്ഷി രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ സമരത്തിലാണെന്ന വസ്തുത വേദനിപ്പിച്ചു.  ഇതെഴുമ്പോൾ ആ സമരം  ലക്ഷ്യം കണ്ടതിന്റെ ആഹ്ലാദമുണ്ട്.  ഇത്രയും കാലം സാഹസിക യാത്ര നടത്തിയാണ് ആന്ത്രോത്തുകാർ കരയ്ക്കണഞ്ഞത്.  എത്രയോ സ്ത്രീകൾ അടക്കമുള്ളവർ കപ്പലിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും കടലിൽ വീണ് പരിക്കേറ്റിട്ടുണ്ട്. ബ്രൈക്ക് വാട്ടർ സൗകര്യം ഉണ്ടായിട്ടും ചിലരുടെ ധാർഷ്ട്യം മാത്രമായിരുന്നു നാട്ടുകാരെ കഷ്ടപ്പെടുത്തിയതിന് പിന്നിൽ. 


അതിരാവിലെ 5 മണിക്ക് തന്നെ കപ്പൽ ആന്ത്രോത്ത് ദ്വീപിലെത്തി.  കപ്പലിൽനിന്നും ദ്വീപിന്റെ  ദൃശ്യം കാണുന്നത് പ്രത്യേക അനുഭൂതി പകർന്നു.  തെങ്ങുകൾ തിങ്ങി വിങ്ങി നിൽക്കുന്ന ആ കാഴ്ചയുടെ അനുഭവം ഒന്ന് വേറെ തന്നെയാണ്. ചെറിയ കപ്പൽ ആയതിനാൽ കപ്പൽ ബ്രൈക്ക് വാട്ടറിൽ അടുപ്പിക്കും.  അതിന്  നല്ല വെളിച്ചം വേണം. രാവിലെ  ഏഴരമണിയോടെ കപ്പൽ അടുപ്പിച്ചു. നേരിട്ട് കപ്പലിൽനിന്ന് കരക്ക് ഇറങ്ങുമ്പോൾ റിസ്‌ക്കൊന്നുമില്ല. ഒരു കാര്യം എടുത്തു പറയാതെ വയ്യ. കപ്പൽ ജീവനക്കാർ എല്ലാ യാത്രക്കാരേയും വേണ്ട രീതിയിൽ സഹായിക്കുന്നു എന്നത് യാത്രക്കാരുടെ എല്ലാ പ്രയാസങ്ങളും അകറ്റുന്നു. ദ്വീപിലിറങ്ങിയ ഉടൻ അസുഖമായി  കഴിയുന്ന മാതാവിനെ കാണുകയാണ്  ആദ്യം ചെയ്തത്. സ്വയം ക്വാറന്റൈനിൽ  ഇരിക്കാൻ തീരുമാനിച്ചതിനാൽ ഏഴു ദിവസം അടുത്ത റൂമിലുള്ള ഉമ്മയെ  കാണാൻ മാത്രമാണ് സാധിച്ചത്.

പന്ത്രണ്ട് ദിവസം ആന്ത്രോത്തിൽ ചെലവഴിച്ചു. അതിന്  ശേഷം അതേ കപ്പലിൽ തന്നെ എന്റെ  മരുമകളും പേരക്കുട്ടിയും ഒന്നിച്ച് ബേപ്പൂരിലേക്ക് തിരിച്ചുവന്നു. കോവിഡ് കാലത്ത് കപ്പലിൽ പകുതി സീറ്റിലേക്ക് മാത്രമാണ് ടിക്കറ്റ് കൊടുക്കുന്നത്.  തിരിച്ചു വരുമ്പോൾ ചെറിയ കുട്ടി ഉള്ളതിനാൽ കിടക്കാൻ സൗകര്യമുള്ള ഓണേഴ്‌സ് കാബിൻ എടുത്തു. ഇത് വളരെ സൗകര്യമായി. ആകെ രണ്ട് ഓണേഴ്‌സ് കാബിൻ മാത്രമേ ഉള്ളൂ ഈ കപ്പലിൽ,  അതിനാൽ അത് എപ്പോഴും ലഭ്യമല്ല. ഏതായാലും കോവിഡ് കാലത്തെ ദ്വീപ് കപ്പൽ യാത്ര എന്നും ഓർക്കാവുന്ന അനുഭവമായി. 

Latest News