കോട്ടയം - രാഷ്ട്രീയത്തിലെ സമദൂര നിലപാട് തിരുത്തി ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എന്‍എസ്എസ്്. കേരളം വോട്ടുരേഖപ്പെടുത്തുന്നതിനിടെ ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ ഭരണമാറ്റം ജനം ആഗ്രഹിക്കുന്നുവെന്ന് തുറന്നടിക്കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ എന്നും രാഷ്ട്രീയ സമദൂരം സ്വീകരിച്ച എന്‍.എസ്.എസ് സമീപകാലത്ത് ഇതാദ്യമായാണ് ആ നിലപാടില്‍ നിന്നും വ്യതിചലിക്കുന്നത്്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നെന്നാണ് തന്റെ വിശ്വാസമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ചങ്ങനാശേരിയില്‍ പറഞ്ഞു. ഇടതു സര്‍ക്കാരിന്റെ ശബരിമല യുവതിപ്രവേശന നിലപാടിനെതിരെ അതിശക്തമായി പ്രതികരിച്ച എന്‍എസ്എസ്് ഇടതു സര്‍ക്കാരിനെ തെരഞ്ഞെടുപ്പ് ദിനം പരസ്യമായി തന്നെ തള്ളിക്കളഞ്ഞു. വാഴപ്പളളി സെന്റ് തെരേസാസില്‍ വോട്ടുരേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുകുമാരന്‍നായര്‍
സാമൂഹ്യ നീതിയും മതേതരത്വവും സംരക്ഷിക്കുന്ന സര്‍ക്കാര്‍ ഉണ്ടാകണം. കുറച്ചുകാലമായി വിശ്വാസികളുടെ പ്രതിഷേധമുണ്ട്.വിശ്വാസം തകര്‍ക്കാന്‍ വന്നാല്‍ തടയും. ഇടതുപക്ഷം ഭരിക്കുമ്പോള്‍ വിശ്വാസത്തെക്കുറിച്ചു പറയാന്‍ പാടില്ല എന്നാണോ എന്ന് എ.കെ ബാലന്‍ തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്‍കിയതിനെക്കുറിച്ച്് വിശ്വാസം എങ്ങനെ സംരക്ഷിക്കണമെന്നു വിശ്വാസികള്‍ തീരുമാനിക്കും. താന്‍ തന്റെ വഴി നോക്കിക്കൊള്ളാം. എ.കെ.ബാലന്‍ അദ്ദേഹത്തിന്റെ വഴി നോക്കട്ടെ.
ഇവിടെ പ്രധാന മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നില്ല എന്ന അഭിപ്രായമാണ് തനിക്കുളളത്. ആ മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനങ്ങള്‍ മുന്‍കൈ എടുക്കും എന്നാണ് പ്രതീക്ഷ. ഈ തെരഞ്ഞെടുപ്പ് അതിന് ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നു. വിശ്വാസികളുടെ പ്രതിഷേധത്തിന് കുറവൊന്നും സംഭവിച്ചിട്ടില്ല. കുറവ് സംഭവിച്ചു കാണണമെന്ന് ആരും ആഗ്രഹിച്ചിട്ടില്ല. അതിന്റെ പ്രതികരണം തീര്‍ച്ചയായിട്ടും ഉണ്ടാകും സുകുമാരന്‍ നായര്‍ പറഞ്ഞു.ഈ നാടിന്റെ അവസ്ഥ അതാണ്. അത് ജനങ്ങള്‍ മനസിലാക്കി ഒരു നല്ല സര്‍ക്കാര്‍, ജനങ്ങള്‍ക്ക് സൈ്വര്യവും സമാധാനവും നല്‍കുന്ന സര്‍ക്കാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
ഭരണമാറ്റം വേണമോയെന്ന് ജനങ്ങള്‍ തീരുമാനിക്കേണ്ടതാണെന്നും ഭരണമാറ്റം ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് എന്നാണ് താന്‍ മനസിലാക്കുന്നത്. അത് ജനങ്ങള്‍ ജനഹിതം അനുസരിച്ച് ചെയ്യട്ടെ. അതേപ്പറ്റി കൂടുതലൊന്നും പറയാനില്ല.