മുസ്ലിംകള്‍ ക്രിസ്ത്യാനിയെ പച്ച ബീഫ് തീറ്റിച്ചു; ഇല്ലാക്കഥ പരത്തി വയനാട്ടില്‍ വര്‍ഗീയ മുതലെടുപ്പിനു ശ്രമം

കല്‍പറ്റ-കര്‍ഷക കൂട്ടായ്മയായ കിസാന്‍ മിത്ര ഈസ്റ്റര്‍ തലേന്നു വയനാട്ടില്‍ നടത്തിയ മാംസ വിതരണവുമായി ബന്ധപ്പെട്ടു വര്‍ഗീയ മുതലെടുപ്പിനുശ്രമം. ഏകദേശം 65 കിലോഗ്രാം പോത്തിറച്ചിയുമായി ഓട്ടോറിക്ഷയില്‍ ശനിയാഴ്ച രാത്രി ഏഴരയ്ക്കും എട്ടിനും ഇടയില്‍ മീനങ്ങാടി അമ്പലപ്പടിയില്‍ എത്തിയ കിസാന്‍ മിത്ര പ്രവര്‍ത്തകന്‍ മാനന്തവാടി എള്ളുമന്ദം സ്വദേശി ഷാജിയെ ആറംഗ സംഘം പച്ചയിറച്ചി തീറ്റിച്ചുവെന്ന പ്രചാരണമാണ് വര്‍ഗീയ മുതലെടുപ്പിനു നടന്നത്.

സംഘ്പരിവാര്‍ ആഭിമുഖ്യമുള്ള യൂ ടൂബ് ചാനലിലായിരുന്നു മാംസ വിതരണവുമായി ബന്ധപ്പെട്ടു ആദ്യം പ്രചാരണം. പിന്നാലെ ഒരു വാര്‍ത്താചാനലില്‍ ചര്‍ച്ചയും നടന്നു.


നോണ്‍ ഹലാല്‍ മാംസത്തിനൊപ്പം പന്നിയറച്ചിയും കയറ്റിയ ഓട്ടോറിക്ഷയാണ് അമ്പലപ്പടിയില്‍ ഒരു സംഘം ആളുകള്‍ തടഞ്ഞതെന്നു യൂ ട്യൂബ് ചാനലില്‍ പറയുന്നു. കിസാന്‍ മിത്ര പ്രവര്‍ത്തകന്റെ വായിലേക്കു പച്ചമാസം കുത്തിക്കയറ്റിയതായും വര്‍ഗീയച്ചുവയോടെ യൂട്യൂബ് ചാനലില്‍ വിശദീകരിക്കുന്നുണ്ട്. എന്നാല്‍ വാഹനത്തിലുള്ളതു ശുദ്ധമായ  പോത്തിറച്ചിയല്ലെന്നു ആരോപിച്ചാണ് അപരിചിതസംഘം പ്രശ്‌നമുണ്ടാക്കിയതെന്നും പോത്തിറച്ചി മാത്രമാണ് വാഹനത്തിലുള്ളതെന്നു അറിയിച്ചപ്പോള്‍ എന്നാല്‍ നീ തിന്നെന്നു പറഞ്ഞു മാംസക്കഷണം മുഖത്തിനുനേരേ നീട്ടുകയാണുണ്ടായതെന്നും ഷാജി പറഞ്ഞു. മുഖത്തിനുനേരേ നീട്ടിയ മാംസക്കഷണം തട്ടിമാറ്റിയതായും ഷാജി വെളിപ്പെടുത്തി.

സംഭവത്തിനു പിന്നില്‍ കര്‍ഷക മിത്രയുടെ മാംസ വിതരണത്തില്‍ എതിര്‍പ്പുള്ള കുത്തക ഇറച്ചിവ്യാപാരികളാണെന്നാണ് ഷാജിയുടെ സംശയം. സംഭവവുമായി ബന്ധപ്പെട്ടു  ഷാജി തിങ്കളാഴ്ച മീനങ്ങാടി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


ഈസ്റ്റര്‍ തലേന്നു പോത്തിറച്ചി ലഭ്യമാക്കുന്നതിനു അംഗങ്ങളില്‍നിന്നു കര്‍ഷകമിത്ര ഓര്‍ഡര്‍ സ്വീകരിച്ചിരുന്നു. കോറോത്തു എത്തിച്ചു അറുത്ത പോത്തുകളുടെ മാംസത്തില്‍ ഒരു ഭാഗമാണ്  പായ്ക്കറ്റുകളിലാക്കി ജില്ലയില്‍ കിസാന്‍മിത്ര ഏകോപനച്ചുമതലയുമുള്ള ഷാജി തനിച്ചു പാസഞ്ചര്‍ ഓട്ടോറിക്ഷയില്‍ വിവിധ കേന്ദ്രങ്ങളില്‍ വിതരണത്തിനു എത്തിച്ചത്. പുല്‍പള്ളി, നടവയല്‍ ഉള്‍പ്പെടെ പ്രദേശങ്ങളില്‍  വിതരണത്തിനുശേഷമാണ്  അമ്പലപ്പടിയില്‍ എത്തിയത്. ദേശീയപാതയോരത്തുള്ള സ്ഥലമാണ് അമ്പലപ്പടി.


പകല്‍ കനത്ത ചൂടായതിനാല്‍   മാംസം നിറച്ച പായ്ക്കറ്റുകളില്‍നിന്നു  സന്ധ്യയായപ്പോഴേക്കും ദുര്‍ഗന്ധം വമിച്ചുതുടങ്ങിയിരുന്നതായി ഷാജി പറഞ്ഞു. പ്രശ്‌നം ഉണ്ടായതിനെത്തുടര്‍ന്നു അമ്പലപ്പടിയില്‍ വിതരണത്തിനു നില്‍ക്കാതെ ഷാജി വീട്ടിലേക്കു പോകുകയാണു ചെയ്തത്. ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നതും എടവക പഞ്ചായത്തില്‍ വിതരണം ചെയ്യുന്നതിനു വീട്ടില്‍ സൂക്ഷിച്ചിരുന്നതുമടക്കം ഒന്നര ക്വിന്റലോളം മാംസം രാത്രി കുഴിച്ചുമൂടി.


ഷാജിയുടെ പരാതിയില്‍ അന്വേഷണം നടത്തിവരികയാണെന്നു മീനങ്ങാടി പോലീസ് അറിയിച്ചു. ഹലാല്‍ മാംസം മാത്രമാണ് കര്‍ഷക മിത്ര വിതരണം ചെയ്തതെന്നാണ് ഷാജി പോലീസില്‍ അറിയിച്ചത്. മാനന്തവാടി മാംസ മാര്‍ക്കറ്റില്‍നിന്നുള്ളവര്‍ക്കു പ്രതിഫലം നല്‍കിയാണ് കോറോത്ത് ഉരുക്കളെ അറുത്തത്. മാംസത്തില്‍ കുറെ സമീപ ജില്ലയിയിലും വിതരണത്തിനു കൊണ്ടുപോയിരുന്നു.

Latest News