കോഴിക്കോട്- ജമാഅത്തെ ഇസ്‌ലാമി മുൻ ഉപാധ്യക്ഷനും കേരള മുൻ അമീറുമായ പ്രൊഫ. കെ.എ സിദ്ദീഖ് ഹസൻ അന്തരിച്ചു. 76 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഏറെ നാളായി കോഴിക്കോട് കോവൂരിലെ മകന്റെ വീട്ടിൽ വിശ്രമ ജീവിതം നയിക്കുകയായിരുന്നു.
ഇന്ത്യയിലെ സാമൂഹിക വിദ്യാഭ്യാസ മേഖലയില്‍ പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങളുടെ പുരോഗമനത്തിനായി ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ ഡെവലപ്‌മെന്‍റ് ഫൗണ്ടേഷന്‍റെ വിഷന്‍ 2016 പദ്ധതിയുടെ ഡയറക്ടറായി ശ്രദ്ധേയ പ്രവർത്തനങ്ങളാണ് കാഴ്ച വെച്ചിരുന്നുത്.
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് അഖിലേന്ത്യാ അസിസ്റ്റൻറ് അമീറും 1990 മുതല്‍ 2005 വരെയുള്ള നാലു തവണ ജമാഅത്തെ ഇസ്‌ലാമി കേരള അമീറും ആയിരുന്നു
ബഹുഭാഷ പണ്ഡിതനും എഴൂത്തുകാരനും വാഗ്മിയുമാണ്.മാധ്യമം ദിനപത്രം, വാരിക എന്നിവ പ്രസിദ്ധീകരിക്കുന്ന ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്‍റെ സ്ഥാപക സെക്രട്ടറിയായിരുന്നു. പ്രബോധനം വാരികയുടെ സഹ പത്രാധിപർ, മുഖ്യ പത്രാധിപർ, കേരള ഭാഷ ഇൻസ്ററിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ഇസ്‌ലാം ദർശനത്തിന്റെ അസിസ്റ്റൻറ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
കെ.എം അബ്ദുല്ല മൗലവിയുടേയും പി.എ. ഖദീജയുടേയും മകനായി 1945 മെയ് 5 ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്‌ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എ (അറബിക്) യും നേടി.
തിരുവനന്തപുരം യൂനിവേഴസിറ്റി കോളജ്, എറണാകുളം മഹാരാജാസ് കോളജ്, കൊയിലാണ്ടി, കോടഞ്ചേരി, കാസർകോട് ഗവൺമെൻറ് കോളജുകളിൽ അധ്യാപകനായിരുന്നു.
ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍, ഹ്യൂമന്‍ വെല്‍ഫെയര്‍ ട്രസ്റ്റ്, എ.പി.സി.ആര്‍, സൊസൈറ്റി ഫോര്‍ ബ്രൈറ്റ് ഫ്യൂച്ചര്‍, മെഡിക്കല്‍ സര്‍വിസ് സൊസൈറ്റി എന്നിവയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു.
ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്‍റ് ആന്‍റ് ക്രെഡിറ്റ് ലിമിറ്റഡിന്‍റെ അദ്ധ്യക്ഷനായും, ബൈത്തുസ്സകാത്ത് കേരളയുടെ സ്ഥാപക അദ്ധ്യക്ഷനായും പ്രവർത്തിച്ചിരുന്നു.
ഭാര്യ: വി.കെ. സുബൈദ. മക്കൾ: ഫസലുർറഹ്മാൻ, സാബിറ, ശറഫുദ്ദീൻ, അനീസുർറഹ്മാൻ.