VIDEO ഇതും പ്രതിഷേധം, സൈക്കിളിൽ വോട്ട് ചെയ്യാനെത്തി നടൻ വിജയ്

ചെന്നൈ- തമിഴ് സൂപ്പര്‍ താരം വിജയ് സൈക്കിള്‍ ചവിട്ടി എത്തി വോട്ടു ചെയ്തത് സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. സൈക്കിളില്‍ പോളിങ് ബൂത്തിലേക്ക് ദളപതി എത്തുന്ന വിഡിയോ വൈറലായിരിക്കുകയാണ്. കൂടെ ഇരുചക്രവാഹനങ്ങളില്‍ ആരാധകരുടെ ആരവങ്ങളില്‍ മുങ്ങിയ അകമ്പടിയും. ഇന്ധന വില വര്‍ധനയ്‌ക്കെതിരായ പ്രതിഷേധമായി വിജയിന്റെ സൈക്കിള്‍ യാത്രയെ കാണാമെന്നാണ് ആരാധകര്‍ പറയുന്നത്. രാഷ്ട്രീയവും സാമൂഹികവുമായി കാര്യങ്ങളില്‍ തന്റെ ഉറച്ച നിലപാടുകള്‍ സിനിമയിലൂടെയും സംഗീതത്തിലൂടെയും വ്യക്തമാക്കുന്ന താരമാണ് വിജയ്. 

വിജയ് ചിത്രം മെര്‍സല്‍ തീവ്ര വലതുപക്ഷത്തെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. തമിഴ്‌നാട് ബിജെപിയും വിജയിനെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ഏറ്റവും ഒടുവിലില്‍ ഇറങ്ങിയ വിജയ് ചിത്രമായ മാസറ്റര്‍ ചിത്രീകരണത്തിനിടെ ആദായ നികുതി വകുപ്പിന്റെ റെയ്ഡും നടന്നത് വലിയ വാര്‍ത്തയായിരുന്നു. 

തമിഴകത്തെ മറ്റു സൂപ്പര്‍ താരങ്ങളെ പോലെ തന്നെ വലിയൊരു യുവസമൂഹം വിജയ് ആരാധകരാണ്. നോട്ടു നിരോധനം, ജിഎസ്ടി എന്നിവയ്‌ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച വിജയ് സിനിമകള്‍ തമിഴ്‌നാട്ടില്‍ വന്‍ വിജയമായിരുന്നു.

Latest News