Sorry, you need to enable JavaScript to visit this website.

SBI ഉപഭോക്താവ് ആണോ? എങ്കില്‍ ഈ തട്ടിപ്പിനെ കുറിച്ച് അറിയുക

SBI ഉപഭോക്താക്കൾ ഈ അടുത്ത കാലത്തായി ഇരയായിക്കൊണ്ടിരിക്കുന്ന ഒരു തട്ടിപ്പിനെക്കുറിച്ച് ടെക്ക് വിദഗ്ധൻ സുജിത് കുമാർ നൽകുന്ന മുന്നറിയിപ്പ്. കുറേ അധികം എസ് ബി ഐ ഉദ്യോഗസ്ഥരുമായി ഈ വിഷയത്തിൽ സംസാരിച്ചിരുന്നു എങ്കിലും എന്താണ്‌ യഥാർത്ഥത്തിൽ സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് അവർക്കും ഒരു വ്യക്തതക്കുറവുള്ളതുകൊണ്ടാണ്‌ സുജിത് കുമാർ വിശദമായി ഈ തട്ടിപ്പിനെ കുറിച്ച് എഴുതിയിരിക്കുന്നത്. 

എങ്ങിനെയെല്ലാമോ ഇന്റർനെറ്റ് ബാങ്കിംഗ് / യോനോ ബാങ്കിംഗ് യൂസർ ഐഡിയും പാസ് വേഡും തട്ടിപ്പുകാർക്ക് കിട്ടുന്നു. ഇത് പരമ്പരാഗത മാർഗ്ഗങ്ങളിലൂടെ തന്നെയാണോ അതോ ഏതെങ്കിലും തരത്തിലുള്ള സെക്യൂരിറ്റി ബ്രീച്ച് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമുണ്ട്. കാരണം ഒരിക്കൽ പോലും ഇന്റർനെറ്റ് ബാങ്കിംഗ് ഉപയോഗിക്കാത്തവരോ യോനോ ആപ്പ് ഉപയോഗിക്കാത്തവരോ എന്നാൽ ബാങ്കിൽ നിന്നും ഇതിനായി ക്രഡൻഷ്യൽസ് ലഭിച്ചവരും ഇത്തരത്തിലുള്ള തട്ടിപ്പിനിരയായതായി അറിയുന്നു അതായത് ബാങ്ക് ഉദ്യോഗസ്ഥർ യോനോയും ഇന്റർനെറ്റ് ബാങ്കിംഗുമെല്ലാം പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ ക്രഡൻഷ്യൽസ് ചില ഉപഭോക്താക്കൾക്ക് എഴുതി നൽകുന്ന ഒരു രീതിയും അതു വഴി എങ്ങനെയോ തട്ടിപ്പ് നടന്നതായും വാർത്തകൾ ഉണ്ടായിരുന്നു (https://trak.in/.../this-is-how-i-was-almost-robbed-off.../).

ഈ കഴിഞ്ഞ ദിവസം ഇതിനു സമാനമായ ഒരു തട്ടിപ്പ് ഒരു സുഹൃത്തിന്റെ പിതാവിനുണ്ടായി. അതും ഇന്റർനെറ്റ് ബാങ്കിംഗും മൊബൈൽ ബാങ്കിംഗും ഉപയോഗിക്കാത്ത ആൾക്ക്.

ഇനി തട്ടിപ്പിനെക്കുറിച്ച് പറയാം -

1. എസ് ബി ഐ കസ്റ്റമർക്ക് ഒരു നമ്പറിൽ നിന്ന് എസ് ബി ഐ ഉദ്യോഗസ്ഥനാണെന്ന പേരിൽ ഫോൺ വിളി വരുന്നു. ഉപഭോക്താക്കളുടെ അക്കൗണ്ട് ബാലൻസും മറ്റ് വ്യക്തിവിവരങ്ങളുമെല്ലാം അവർ ഇങ്ങോട്ട് പറയുന്നു.

2. അക്കൗണ്ട് ക്ലോസ് ചെയ്യാൻ പോവുകയാണെന്നോ ബ്രാഞ്ച് മെർജ് ആകാൻ പോവുകയാണെന്നോ ഒക്കെയുള്ള വിവരങ്ങൾ പറഞ്ഞ് അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യാനായി ഒരു കോഡ് വരും അത് പറഞ്ഞ് കൊടുക്കാൻ പറയുന്നു.

3. ഇത്തരത്തിൽ ബാങ്കുകളിൽ നിന്നുള്ള ഫോൺ കാളുകൾ തട്ടിപ്പാണെന്ന് ചെറിയ ഒരു ബോധമുള്ള കസ്റ്റമർ അതിനു വഴങ്ങാതെ ഫോൺ കട്ട് ചെയ്യുന്നു. ഒന്നും സംഭവിച്ചില്ലെന്ന് കരുതി ആശ്വസിക്കുന്നു. സ്വന്തം ജാഗ്രതയിൽ അഭിമാനിക്കുന്നു.

4. കുറച്ച് ദിവസം കഴിഞ്ഞ് എന്തെങ്കിലും കാരണത്താൽ അക്കൗണ്ട് പരിശോധിക്കുമ്പോൾ മനസ്സിലാകുന്നു അക്കൗണ്ടിൽ ബാലൻസ് ഇല്ല എന്നും തുക മുഴുവൻ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെട്ടിരിക്കുന്നു എന്നും. പക്ഷേ പണം പിൻവലിക്കപ്പെട്ടതായുള്ള ഒരു തരം മെസേജുകളും ഫോണിലേക്ക് വന്നിട്ടുമില്ല.

5. ബാങ്കിൽ ചെന്ന് പരിശോധിക്കുമ്പോൾ മനസ്സിലാകുന്നു സ്വന്തം പേരിൽ തന്നെ ഇന്റർനെറ്റ് ബാങ്കിംഗ് / യോനോ വഴി ഒരു ഫിക്സഡ് ഡിപ്പോസിറ്റ് (E-TDR) ഉണ്ടാക്കപ്പെടുകയും അതിലേക്കാണ്‌ പണം ട്രാൻസ്ഫർ ചെയ്യപ്പെട്ടിരിക്കുന്നത് എന്നും. അതായത് പണം നഷ്ടപ്പെട്ടിട്ടില്ല പക്ഷേ തട്ടിപ്പുകാരൻ തന്നെയാണ്‌ ഈ പണി ചെയ്തിരിക്കുന്നത്.

6. ഇത്തരത്തിൽ ഒരു ടേം ഡെപ്പോസിറ്റ് ഉണ്ടാക്കിയതുകൊണ്ട് തട്ടിപ്പുകാരനെന്താണ്‌ പ്രയോജനം? ടേം ഡെപ്പോസിറ്റ് ഈടു നൽകി 90 % ഓവർ ഡ്രാഫ്റ്റ് അഥവാ ലോൺ എടുക്കാൻ കഴിയും എന്നതിനാൽ ഈ ടേം ഡെപ്പോസിറ്റിനെ ലോൺ ആക്കി മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആയിരിക്കും ഉദ്ദേശം. ഇതിനായി ഓ ടി പി ആവശ്യമാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല. യഥാർത്ഥത്തിൽ ഇതെങ്ങിനെയാണ്‌ നടക്കുന്നതെന്ന് എസ് ബി ഐ ഉദ്യോഗസ്ഥരോട് സംസാരിച്ചെങ്കിലും അവർക്കും കാര്യമായി ഇതിനെക്കുറിച്ച് അറിവൊന്നുമില്ല.

7. യോനോയും ഇന്റർനെറ്റ് ബാങ്കിംഗുമായും ബന്ധപ്പെട്ട് ഇതുപോലെയുള്ള തട്ടിപ്പുകൾ ധാരാളം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് (https://bfsi.economictimes.indiatimes.com/.../79522310 ).

8. തട്ടിപ്പിനാധാരമായ വിവരങ്ങൾ പരിശോധിച്ചാൽ മനസ്സിലാകുന്ന കാര്യം ഇന്റർനെറ്റ് ബാങ്കിംഗ് / യോനോ ആപ്പ് ക്രഡൻഷ്യൽസ് എങ്ങിനെയോ തട്ടിപ്പുകാർക്ക് ലഭിക്കുന്നുണ്ട്. അത് ബാങ്കിന്റെ ഭാഗത്തുനിന്നുള്ള ലൂപ് ഹോളുകൾ മുഖേന ആണോ‌എന്നാണ്‌ സംശയിക്കേണ്ടീയിരിക്കുന്നത്. വ്യാപകമായി ഇത്തരം ഒരു സെക്യൂരിറ്റി ബ്രീച്ച് ഉണ്ടായതുകൊണ്ടാണോ ഈ കഴിഞ്ഞ ദിവസം മുതൽ എസ് ബി ഐ ഓൺ ലൈൻ ബാങ്കിംഗ് ലോഗിൻ ചെയ്യാനും ഒ ടി പി നിർബന്ധമാക്കിയത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

9. ഈ അടുത്ത കാലത്തായി എസ് ബി ഐ വളരെ അഗ്രസീവ് ആയിത്തന്നെ യോനോ ആപ്പ് പ്രമോട്ട് ചെയ്യുന്നു. ഇത്തരത്തിൽ പ്രമോട്ട് ചെയ്യനായി ഏതെങ്കിലും സെക്യൂരിറ്റി പ്രോട്ടോക്കോളുകൾ ബൈപ്പാസ് ചെയ്യപ്പെടുന്നുണ്ടോ അതുവഴി ആണോ തട്ടിപ്പുകൾ നടക്കുന്നതെന്ന് പരിശോധിക്കപ്പെടേണ്ടതുണ്ട്. ബാങ്ക് ഉദ്യോഗസ്ഥർക്ക് യൂസർ ഐഡിയും പാസ് വേഡും ജനറേറ്റ് ചെയ്ത് പേപ്പറിൽ എഴുതി യൂസേഴ്സിനു നൽകാൻ കഴിയുന്നതെല്ലാം വലിയ സെക്യൂരിറ്റി ബ്രീച്ച് ആയിത്തന്നെ കണക്കാക്കണം.

10. എന്തൊക്കെ ആയാലും ബാങ്കിൽ നിന്നാണെന്ന വ്യാജേന അല്ലെങ്കിൽ ഇനി ബാങ്കിൽ നിന്ന് തന്നെ ആകട്ടെ എന്ത് വിവരവും ഫോണിൽ ആവശ്യപ്പെട്ടാൽ അത് നൽകാതിരിക്കുക. മെസേജുകളിൽ വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്ത് ഒരു തരത്തിലൂള്ള വിവരങ്ങളും നൽകാതിരിക്കുക. ഒ ടി പി മാത്രമല്ല ഒരു തരത്തിലുള്ല വ്യക്തി വിവരങ്ങളും. നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉള്ള ബ്രാഞ്ചിന്റെ ഫോൺ നമ്പർ സേവ് ചെയ്ത് വയ്ക്കുക. ആവശ്യമെങ്കിൽ അങ്ങോട്ട് വിളിക്കുക. ഇത്രയും കാര്യങ്ങളേ ഒരു ഉപഭോക്താവെന്ന നിലയിൽ ചെയ്യാനുള്ളൂ. ബാങ്കിന്റെ ഭാഗത്തു നിന്നുള്ള എന്തെങ്കിലും പ്രശ്നം കൊണ്ടാണ്‌ പണം നഷ്ടമായതെങ്കിൽ അത് തിരിച്ച് കിട്ടൂക തന്നെ ചെയ്യും.

11. അക്കൗണ്ടിൽ പണം ഡെബിറ്റ് ആയെന്ന സന്ദേശങ്ങൾ എന്തെങ്കിലും ലഭിച്ചാൽ പരിഭ്രാന്തരായി അതിനെ തുടർന്ന് ബാങ്കിൽ നിന്നാണെന്ന വ്യാജേന വരുന്ന ഫോൺ വിളികളോട് പ്രതികരിക്കാതിരിക്കുക. യഥാർത്ഥത്തിൽ പണം ഇതുപോലെ തട്ടിപ്പിന്റെ ആദ്യ പടിയായി ഫിക്സഡ് ഡെപ്പോസിറ്റ് ആയോ മറ്റോ ട്രാൻസ്ഫർ ചെയ്യപ്പെട്ടതാകാം. ഈ സാഹചര്യത്തിൽ ബാങ്കുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെടുക.

Latest News