തലശ്ശേരി- സ്വാമി അയ്യപ്പന് മാത്രമല്ല, ഈ നാട്ടിലെ എല്ലാ ദേവഗണങ്ങളും നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സർക്കാരിനൊപ്പമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ധർമടത്തെ പിണറായിയിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിശ്വാസികളുടെയും ആരാധനാമൂർത്തികൾ സർക്കാരിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.ദേവഗണങ്ങളും ദൈവഗണങ്ങളും സർക്കാരിനൊപ്പമാണ്.
സംസ്ഥാനത്ത് ഭരണ തുടർച്ചയുണ്ടാവില്ലെന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരുടെ പ്രസ്താവനയ്ക്കാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടാകുമെന്നും മനസമാധാനം തരുന്ന സർക്കാർ അധികാരത്തിലെത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും രാവിലെ വോട്ട് രേഖപ്പെടുത്തിയ ശേഷം സുകുമാരൻ നായർ പറഞ്ഞിരുന്നു.
എൽഡിഎഫ് ഇത്തവണ ചരിത്ര വിജയം നേടുമെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. ജനങ്ങളുടെ കരുത്ത് പ്രകടമാകുന്ന തെരഞ്ഞെടുപ്പായിരിക്കും ഇത്. സർക്കാരിനെ തെറ്റിദ്ധരിപ്പിാനുള്ള ഒട്ടേറെ കാര്യങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ടപോലെ എല്ലാ അപവാദ പ്രചാരണങ്ങളും തള്ളിക്കൊണ്ടുള്ള നിലയാണ് ജനങ്ങൾ സ്വകീരിച്ചിട്ടുള്ളത്.
2016 മുതൽ എൽഡിഎഫ് സർക്കാർ ഏതെല്ലാം പ്രവർത്തനങ്ങൾ നടത്തിയെന്ന് ജനങ്ങൾക്കറിയാം. വികസനപ്രവർത്തനങ്ങൾക്കും, ദുരന്തങ്ങൾ നേരിടുന്നതിനും ജനങ്ങൾ സർക്കാരിനൊപ്പം ഉണ്ടായിരുന്നു. ജനങ്ങളാണ് സർക്കാരിന്റെ കൂടെ ഈ അഞ്ച് വർഷക്കാലം അണിനിരന്നത്. എൽഡിഎഫിന് ജനങ്ങൾ ചരിത്രവിജയം സമ്മാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേമത്തെ ബിജെപി അക്കൗണ്ട് ക്ലോസ് ചെയ്യും. കേരളത്തില്‍ മറ്റെവിടെയെങ്കിലും യുഡിഎഫ്-ബിജെപി ധാരണയുണ്ടോ എന്നറിയില്ല. എല്‍ഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.