പ്രവാസി കോഴിക്കോട് ജില്ലാ പ്രവർത്തക സംഗമം

സൗദി പ്രവാസി സാംസ്‌കാരികവേദി കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക സംഗമം.

ജിദ്ദ- പൗരന്മാരുടെ ജീവിക്കാനുള്ള അവകാശത്തെയും അഴിമതി രഹിതമായ ഭരണം ലക്ഷ്യം വെച്ചും വോട്ട് വിനിയോഗിക്കണമെന്ന് വെൽഫെയർ പാർട്ടി നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർഥികൾ ആവശ്യപ്പെട്ടു. പ്രവാസി സാംസ്‌കാരിക വേദി സൗദി കോഴിക്കോട് ജില്ലാ വെസ്‌റ്റേൺ, ഈസ്‌റ്റേൺ പ്രൊവിൻസുകൾ സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു സ്ഥാനാർഥികൾ. കോഴിക്കോട് കുന്ദമംഗലം നിയോജക മണ്ഡലം സ്ഥാനാർഥി ഇ.പി അൻവർ സാദത്ത്, ബാലുശ്ശേരി മണ്ഡലം സ്ഥാനാർഥി എൻ.കെ ചന്ദ്രിക, എലത്തൂർ മണ്ഡലം സ്ഥാനാർഥി താഹിർ മൊക്കണ്ടി എന്നിവർ പ്രവർത്തകരെ അഭിസംബോധന ചെയ്തു. ബി.ജെ.പി കൊണ്ടുവന്ന സാമ്പത്തിക സംവരണത്തിന്റെ ചുവടു പിടിച്ചു സവർണ സംവരണം നടപ്പിലാക്കിയ ഇടതു സർക്കാർ നിലപാട് വഞ്ചനാപരമാണ്. ബി.ജെ.പിക്കു സാധ്യതയുള്ള മണ്ഡലങ്ങളിൽ പക്ഷം നോക്കാതെ ജയസാധ്യതയുള്ള ഇടതു-വലതു സ്ഥാനാർഥികളെ പിന്തുണക്കും. നീതി നിഷേധിക്കപ്പെടുന്നവർക്ക് അത്താണിയാണ് വെൽഫെയർ പാർട്ടിയെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. പാർട്ടി ജില്ലാ പ്രസിഡന്റ് അസ്‌ലം ചെറുവാടി സംഗമം ഉദ്ഘാടനം ചെയ്തു. ഈസ്‌റ്റേൺ പ്രൊവിൻസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജമാൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു. വെസ്‌റ്റേൺ പ്രൊവിൻസ് കോർഡിനേറ്റർ കെ.എം. ഷാഫി സ്വാഗതം പറഞ്ഞു. ഷബീർ ചാത്തമംഗലം ദമാം, റഹീം ഒതുക്കുങ്ങൽ ജിദ്ദ എന്നിവർ ആശംസ നേർന്നു. കെ.എം സാബിഖ് നന്ദി പറഞ്ഞു. സിറാജ് ഇബ്രാഹിം, എം.കെ.ഷാജഹാൻ, അൻവർ സലീം എന്നിവർ സംബന്ധിച്ചു.

 

 

Latest News