റിയാദ് - പരമ്പരാഗത രാഷ്ട്രീയ വാർപ്പ് മാതൃകകളെയല്ല, അടിസ്ഥാന ജനവിഭാഗങ്ങളെ പരിഗണിക്കുന്ന സാമൂഹിക നീതി, തുല്യത, ജനാധിപത്യ പങ്കാളിത്തം എന്നിവ ഉയർത്തിപ്പിടിക്കുന്ന നവ ജനാധിപത്യത്തെയാണ് നാം പിന്തുണക്കേണ്ടത്. വിജയിക്കുന്നവരെയല്ല വിജയിക്കേണ്ടവരെയാണ് നാം തെരഞ്ഞെടുക്കേണ്ടതെന്ന് പ്രവാസി സാംസ്‌കാരിക വേദി റിയാദ് സെൻട്രൽ കമ്മിറ്റി പ്രസി ഡന്റ് സാജു ജോർജ് പറഞ്ഞു.
പ്രവാസി സെൻട്രൽ കമ്മിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം സാമൂഹിക നീതിയുടെ രാഷ്ട്രീയം പ്രതിജ്ഞാബദ്ധമായി ഏറ്റെടുത്ത് നടപ്പിലാക്കാൻ നമുക്കാവണം. അത് മർദ്ദിത പാർശ്വവത്കൃത മനുഷ്യരെ ചേർത്ത് നിർത്തിയുള്ള സാഹോദര്യ രാഷ്ട്രീയമാണ്.
കേരളത്തിൽ ഉപരി, മധ്യ വിഭാഗങ്ങളുടെ കാഴ്ചപ്പാടുകളും താൽപര്യവുമാണ് പരമ്പരാഗത രാഷ്ട്രീയ പാർട്ടികൾ സ്വാംശീകരിച്ചിരിക്കുന്നത്. ഇത് ഫാസിസ്റ്റ് സവർണ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. ജാതി വ്യവസ്ഥ പുനഃസ്ഥാപിച്ച് ഫ്യൂഡൽ യൂണിറ്റുകൾ തിരിച്ച് കൊണ്ടുവന്ന് എല്ലാവിധ ജനാധിപത്യ ശബ്ദങ്ങളും ഇല്ലാതാക്കി ഏകശിലാത്മക ഇന്ത്യയെ സൃഷ്ടിക്കുകയെന്നതാണ് ഭാവനാത്മകമായ സംഘപരിവാര ആശയം.
അതു തന്നെയാണ് നിലവിലെ എല്ലാ രാഷ്ട്രീയ സംഘടനകളും മാതൃകയാക്കുന്നതും. ഇവിടെയാണ് ജാതി വ്യവസ്ഥയെ, ഉച്ചനീചത്വങ്ങളെ അഡ്രസ്സ് ചെയ്ത കൊണ്ട് വെൽഫെയർ പാർട്ടി ഒരു ബദൽ രാഷ്ട്രീയ ചിന്താധാരയെ മുന്നോട്ട് വെക്കുന്നത്. ധാർമ്മിക രാഷ്ട്രീയവും നവജനാധിപത്യ പ്രവർത്തന രീതിയും ഉൾച്ചേർന്ന ക്ഷേമരാഷ്ട്രം ലക്ഷ്യം വെക്കുന്ന ഒരു ന്യൂജൻ രാഷ്ട്രീയ പ്രസ്ഥാനമാണ് യഥാർഥത്തിൽ വെൽഫെയർ പാർട്ടി.
തുടർന്ന് പാർട്ടി മത്സരിക്കുന്ന 19 നിയമസഭാ ഇലക്ഷൻ പ്രവർത്തനങ്ങളും വിലയിരുത്തി. റഹ്മത്ത് തിരുത്തിയാട്, അംജദ് അലി, അജ്മൽ ഹുസൈൻ, അസീസ് എ.കെ, അഡ്വ.റെജി, ജാസ്മിൻ അഷ്‌റഫ്, അബ്ദുറഹിമാൻ ഒലയാൻ, ബാരിഷ് ചെമ്പകശ്ശേരി എന്നിവർ സംസാരിച്ചു. പ്രവാസി സാംസ്‌കാരിക വേദി സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മീഡിയ വൺ ബ്രേവ് ഹേർട്ട് അവാർഡ് നേടിയ സൈനുൽ ആബിദ്, നിഹ്മത്തുല്ല എന്നിവരെ യോഗം അനുമോദിച്ചു. ജനറൽ സെക്രട്ടറി വി.എം സമീഉല്ല സ്വാഗതവും എം.പി ഷഹ്ദാൻ നന്ദിയും പറഞ്ഞു.