Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവസാന മണിക്കൂറുകളിൽ വില്ലനായി നിശ്ശബ്ദ നുണപ്രചാരണം

കൊച്ചി - അവസാനത്തെ അടവും പുറത്തെടുത്താണ് അവസാന മണിക്കൂറുകളിൽ രാഷ്ട്രീയ പാർട്ടികളുടെ നിശ്ശബ്ദ പ്രചാരണം അരങ്ങു തകർത്തത്. 


വോട്ടർമാരെ തെറ്റിദ്ധരിപ്പിക്കാൻ വ്യാജ സന്ദേശങ്ങൾ അയച്ചും വ്യാജ പോസ്റ്ററുകൾ പതിച്ചും വ്യാജ ആരോപണങ്ങൾ ഉയർത്തിയും വോട്ടെടുപ്പിന്റെ തലേന്ന് പ്രവർത്തകർ പ്രചാരണം ഉഷാറാക്കി. അവസാന മണിക്കൂറുകളിലെ വ്യാജ പ്രചാരണത്തിന് മറുപടി നൽകാൻ എതിരാളികൾക്ക് കഴിയില്ലെന്നതിനാൽ സോഷ്യൽ മീഡിയയിലും പൊതു മതിലുകളിലും ഇവ വ്യാപകമായി പ്രചരിക്കുകയാണ്.

ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ശബരിമല കർമസമിതിയുടെ പേരിൽ തൃപ്പൂണിത്തുറയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതാണ് ഇന്നലെ കണ്ട ശ്രദ്ധേയമായ ഒരു വ്യാജ പ്രചാരണം. ബിജെപിക്ക് വോട്ട് ചെയ്ത് ഇടതിനെ ജയിപ്പിക്കരുത് എന്നാണ് പോസ്റ്ററുകളിൽ എഴുതിയിരിക്കുന്നത്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി ഡോ കെ.എസ് രാധാകൃഷ്ണന്റെ പോസ്റ്ററുകൾക്ക് സമീപത്താണ് ഈ പോസ്റ്റർ പതിച്ചിട്ടുള്ളത്. ക്ഷേത്ര പരിസരത്ത് പോസ്റ്ററുകൾ പതിച്ചതിന് പുറമെ വീടുകളിലും എത്തിച്ചു. എന്നാൽ തങ്ങളല്ല ഈ പോസ്റ്ററുകൾ പതിച്ചതെന്നാണ് ശബരിമല കർമ സമിതി നേതാക്കൾ പറയുന്നത്. വോട്ട് മറിക്കാനുള്ള കെ ബാബുവിന്റെ അടവാണിതെന്ന് ബിജെപിയും ആരോപിക്കുന്നു. കെ ബാബുവിനെതിരേ പരാതി നൽകുമെന്നും ബി ജെ പി സ്ഥാനാർഥി ഡോ. കെ എസ് രാധാകൃഷ്ണൻ പറഞ്ഞു. ഇതിനെതിരെ ശക്തമായ നിലപാട് എടുക്കുമെന്ന് കർമസമിതി നേതാവ് കൂടിയായ കെ എസ് രാധാകൃഷ്ണൻ പറയുന്നു.

ബി ജെ പി വോട്ടുകളിൽ കണ്ണുവെച്ചാണ് കെ ബാബു തുടക്കം മുതലേ പ്രചാരണം നയിക്കുന്നത്. അവസാന ദിവസം പൊട്ടിച്ച നുണ ബോംബ് കൂടിയായതോടെ ബിജെപി കോൺഗ്രസ് വോട്ടുകച്ചവടം എന്ന ആരോപണമുയർത്തിയാണ് എൽ ഡി എഫ് ഇതിനെ നേരിടുന്നത്. അഞ്ച് തെരഞ്ഞെടുപ്പുകളിൽ കെ ബാബു തുടർച്ചയായി ജയിച്ചുവന്ന മണ്ഡലം ആയിരുന്നു തൃപ്പൂണിത്തുറ. 2016 ൽ എം സ്വരാജ് 4467 വോട്ടുകൾക്കാണ് ബാബുവിനെ പരാജയപ്പെടുത്തിയത്. ബിജെപിക്ക് മുപ്പതിനായിരത്തിൽ അധികം വോട്ടുകളുള്ള മണ്ഡലം കൂടിയാണ് തൃപ്പൂണിത്തുറ. ഇടതു മുന്നണി സ്ഥാനാർത്ഥി എം സ്വരാജും യുഡിഎഫ് സ്ഥാനാർത്ഥി കെ. ബാബുവും തമ്മിൽ ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത്. 

ശ്രദ്ധേയമായ മറ്റൊരു മത്സരം നടക്കുന്ന കളമശ്ശേരിയിൽ പി രാജീവിനെതിരെ വ്യാജ ആരോപണങ്ങളുമായി പോസ്റ്ററുകളും പത്ര രൂപത്തിലുള്ള നോട്ടീസുകളും വ്യാപകമായി പ്രചരിച്ചു. രാജീവിനെ വ്യക്തിഹത്യ ചെയ്യുന്ന നോട്ടീസിന്റെ ആയിരക്കണക്കിന് കോപ്പികൾ യു ഡി എഫിലെ ചിലർ രാത്രിയുടെ മറവിൽ രഹസ്യമായി വീടുകളിലെത്തിച്ചതായി എൽ ഡി എഫ് ആരോപിക്കുന്നു. ഇതിൽ ചിലരെ പിടികൂടുകയും പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ഒളിഞ്ഞിരുന്നുള്ള അപവാദ പ്രചാരണത്തിന് പകരം നേർക്ക് നേർ സംവാദത്തിന തയാറാകണമെന്നായിരുന്നു പി രാജീവിന്റെ പ്രതികരണം. 

എന്നാൽ പ്രചാരണത്തിന്റെ തുടക്കം മുതൽ അവസാന ദിവസം വരെ നുണപ്രചാരണവും വ്യാജപ്രചാരണവും നടത്തിയത് എൽ ഡി എഫ് ആണെന്നും ഇത് ജനം തിരിച്ചറിഞ്ഞിട്ടുണ്ടെന്നും യു ഡി എഫ് സ്ഥാനാർഥി വി ഇ അബ്ദുൾ ഗഫൂർ പറഞ്ഞു. 
ട്വന്റി 20 യെ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നത് സി പി എം ആണെന്നതാണ് അവസാന ദിവസം ഉയർന്നു കേട്ട മറ്റൊരു ആരോപണം. എറണാകുളം ജില്ലയിൽ ട്വന്റി  20 പിടിക്കുന്ന വോട്ടുകൾ യു ഡി എഫിന് പ്രതികൂലമാകുമെന്ന സൂചന ശക്തമായതോടെയാണ് അവസാന ദിവസങ്ങളിൽ ഇത്തരമൊരു ആരോപണം യു ഡി എഫ് കേന്ദ്രങ്ങളിൽ നിന്നുയർന്നത്. യു ഡി എഫിനായി എൽ ഡി എഫ് ഒരുക്കിയ കെണിയാണ് ട്വന്റി 20 എന്നാണ് വി ഡി സതീശൻ പറഞ്ഞത്. പിണറായിയുടെ ബി ടീമാണ് ട്വന്റി 20 എന്ന് പി ടി തോമസും ആരോപിച്ചിരുന്നു. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ വോട്ടർമാർ വീഴില്ലെന്ന് ട്വന്റി 20 നേതാവ് സാബു ജേക്കബ് പ്രതികരിച്ചു. 

വാട്‌സ് ആപ്പിലൂടെയാണ് വ്യാജപ്രചാരണം അരങ്ങു തകർക്കുന്നത്. മതമേലധ്യക്ഷൻമാരുടെ പേരിലുള്ള ആഹ്വാനങ്ങളായും ലൈംഗിക അപവാദങ്ങളായും വ്യാജ ശബ്ദസന്ദേശങ്ങളായും സ്ഥാനാർഥികൾക്കെതിരെ നുണക്കഥകൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 


 

Latest News