മലപ്പുറം - പോളിംഗ് ബൂത്തുകളിൽ അടിസ്ഥാന സൗകര്യങ്ങൾ കുറവാണെന്ന് വ്യാപകമായി പരാതികളുയരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ പാലിക്കേണ്ട സാമൂഹിക അകലം പാലിക്കാൻ കഴിയാതെ വോട്ടർമാർക്ക് പല ബൂത്തുകളിൽ കൂട്ടംകൂടേണ്ടി വരുമെന്നതാണ് പോളിംഗ് തുടങ്ങുന്നതിന് മുമ്പു തന്നെ പരാതികളുയരുന്നത്.
ഇന്നലെ പോളിംഗ് സാമഗ്രികളുമായി ഉദ്യോഗസ്ഥർ ബൂത്തുകളിലെത്തിയതോടെയാണ് പരാതികൾ ആരംഭിച്ചത്. പല സ്‌കൂളുകളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബൂത്ത് ഒരുക്കുന്നതിന് ആവശ്യമായ സ്ഥലമില്ലെന്നാണ് പ്രധാന പരാതി. തവനൂർ മണ്ഡലത്തിലെ മംഗലം ഗ്രാമപഞ്ചായത്തിലെ വാളമരുതൂർ എ.എം .എൽ.പി സ്‌കൂളിൽ ആറ് ബൂത്തുകളാണ് ക്രമീകരിച്ചിട്ടുള്ളത്.
രണ്ട് ബൂത്ത് സജ്ജീകരിക്കാൻ മാത്രം സൗകര്യമുള്ള ഈ പോളിംഗ് സ്റ്റേഷനിൽ കോവിഡ് നിയമങ്ങളെ പാലിക്കാതെയാണ് ബൂത്തുകൾ ക്രമീകരിച്ചിട്ടുള്ളതെന്ന് ആരോപണമുണ്ട്. 4500 മുതൽ 6000 പേർ വരെ വോട്ടു ചേയ്യേണ്ട ഈ പോളിംഗ് സ്റ്റേഷനിൽ രണ്ടു ബൂത്തുകൾ തമ്മിലുള്ള വാതിലുകൾ തമ്മിലുള്ള അകലം മൂന്നു മീറ്ററിൽ താഴെയാണ്. മുഴുവൻ ബൂത്തുകളിലും ഒരേ വാതിലിലൂടെയാണ് രണ്ട് വരി ക്രമീകരിച്ചിട്ടുള്ളത്. ഇത് വോട്ടർമാർക്ക് അസൗകര്യമുണ്ടാക്കുമെന്നും പരാതികളുയരുന്നുണ്ട്.
പല ബൂത്തുകളിലും ആവശ്യത്തിന് ഫർണിച്ചറുകളില്ലെന്ന പരാതിയും ഉയർന്നിട്ടുണ്ട്. പോളിംഗ് സ്‌റ്റേഷനുകളിലെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രത്യേക മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ലെന്നതാണ് പ്രധാന പരാതി. പല ബൂത്തുകളിലും ഉദ്യോഗസ്ഥർ എത്തിയ ശേഷമാണ് ഫർണിച്ചറുകൾ സംഘടിപ്പിച്ചത്. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്ക് പല ബൂത്തുകളിലും പ്രാദേശികമായ സഹായങ്ങൾ ലഭിക്കാത്ത അവസ്ഥയുമുണ്ടായി.രാത്രി ബൂത്തുകളിൽ തങ്ങേണ്ട ഉദ്യോഗസ്ഥർക്ക് കുളിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമുള്ള സൗകര്യങ്ങളുമുണ്ടായിരുന്നില്ല.ബൂത്ത് ഒരുക്കുന്ന ജോലികൾ ഇന്നലെ രാത്രി 11 മണിയോടെയാണ് പലയിടത്തും പൂർത്തിയായത്.
അതിന് ശേഷമാണ് ഉദ്യോഗസ്ഥർ കുളിക്കുന്നതിനും ഭക്ഷണം കഴിക്കുന്നതിനും സ്ഥലം അന്വേഷിച്ചത്. എന്നാൽ പലർക്കും അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിച്ചിട്ടില്ല. വനിതാ ജീവനക്കാരാണ് ഏറെ ദുരിതത്തിലായത്. ബൂത്തുകളിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും ജീവനക്കാർക്ക് താമസ സൗകര്യമൊരുക്കുന്നതിനും പ്രാദേശിക തലത്തിൽ പ്രത്യേക സജ്ജീകരണങ്ങൾ ഏർപ്പെടുത്താതിരുന്നത് പോളിംഗ് ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി. ഇന്ന് രാവിലെ അഞ്ചര മണിക്ക് മോക്ക് പോളിംഗ് നടത്തുന്നതിനായി പോളിംഗ് സ്‌റ്റേഷനുകളിൽ എത്തുന്നതിന് ഉദ്യോഗസ്ഥർക്ക് വാഹന സൗകര്യവുമൊരുക്കിയിരുന്നില്ല.