Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

തെരഞ്ഞെടുപ്പ് ഉത്സവത്തിന്  അണിയറയിൽ ഒഴുകിയത് കോടികൾ


കോട്ടയം - തെരഞ്ഞെടുപ്പ് ഉത്സവത്തിന് ഇന്നു തിരശ്ശീല വീഴുമ്പോൾ അണിയറയിൽ ഒഴുകിയത്  കോടികൾ. തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചിരിക്കുന്ന പരമാവധി തുക 30.8 ലക്ഷം രൂപ. ഈ തുകയ്ക്ക് ഇലക്ഷൻ ചെലവ് പിടിച്ചു നിർത്തുക ബുദ്ധിമുട്ടാണ്. ഒരു മണ്ഡലത്തിൽ ഒന്നരക്കോടി രൂപ വരെയെങ്കിലും പൊടിച്ചിട്ടുണ്ടാകുമെന്നാണ് അനുഭവസ്ഥരുടെ അഭിപ്രായം. പ്രധാന സ്ഥാനാർഥികൾക്ക് ചെലവേറും. ഒരു ദിവസം കുറഞ്ഞത് അഞ്ചു ലക്ഷമെങ്കിലും വേണം. കൂടാതെ അനുബന്ധ ചെലവുകൾ.  
തെരഞ്ഞെടുപ്പിന് കൊടിയേറിയ അന്നു മുതൽ സ്ഥാനാർഥികൾക്ക് ചെലവോട് ചെലവാണ്. ഇതൊന്നും കണക്കിൽ വരില്ല. ഒരു പ്രമുഖ സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് മാനേജർ വെളിപ്പെടുത്തിയതനുസരിച്ച് 18 വാഹനങ്ങളെങ്കിലും പ്രതിദിനം ഓടണം. മണ്ഡലത്തിലൂടനീളം പര്യടനം നടത്താൻ ഇതിനു മാത്രം ഡീസലും ഡ്രൈവർ, മൈക്ക് അനൗൺസ്‌മെന്റ്  അടക്കം ഒന്നര ലക്ഷം രൂപയെങ്കിലും വേണം. ഇത്രയും വാഹനങ്ങൾ ഓടുന്നുണ്ടെന്നും ചെലവുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അറിയാം. പക്ഷേ നിരീക്ഷകരോ ബന്ധപ്പെട്ടവരോ ശ്രദ്ധിക്കാറില്ല. എല്ലാവർക്കും അറിയാവുന്ന ആരും പറയാത്ത രഹസ്യം. ഇതിനു പുറമേയാണ് റോഡ് ഷോകൾ, ബൈക്കുറാലികൾ, സ്ഥാനാർഥി പര്യടനം. തെരഞ്ഞെടുപ്പു ദിനം വോട്ടെടുപ്പ് കേന്ദ്രത്തിനു സമീപം ബൂത്തു വേണം. അവിടെ ബൂത്ത് എജന്റു വേണം. വോട്ടിംഗ് കേന്ദ്രത്തിനകത്തും ഏജന്റുമാർ വേണം. അവരുടെ ചെലവ് ചിലർക്ക് ദിവസക്കൂലിയാണ്. 


30.8 ലക്ഷം രൂപയാണ് ഒരു സ്ഥാനാർഥിക്ക് ചെലവാക്കാവുന്ന ഏറ്റവും കൂടിയ തുക. സ്ഥാനാർഥി നാമനിർദേശം ചെയ്യപ്പെട്ട തീയതിക്കും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെടുന്ന തീയതിക്കും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയ്ക്ക്, സ്ഥാനാർഥിയോ, സ്ഥാനാർഥിയുടെ ഏജന്റോ സ്ഥാനാർഥിക്കു വേണ്ടി മറ്റാരെങ്കിലുമോ തെരഞ്ഞെടുപ്പിനു വേണ്ടി ചെലവാക്കാവുന്ന പരമാവധി തുകയാണിത്.
സ്ഥാനാർഥിയുടെ സാധ്യതകൾ അനുസരിച്ച് സഹായിക്കാൻ അനവധി കരങ്ങളുണ്ട്. പിന്നീട് പുറത്തു വരുന്ന പല വിവാദങ്ങൾക്കും പിന്നിൽ തെരഞ്ഞെടുപ്പ് കാലത്തെ ചങ്ങാത്തം. രാഷ്ട്രീയ താരങ്ങൾക്ക് തെരഞ്ഞെടുപ്പ് മാമാങ്കമാണ്. പ്രമുഖ രാഷ്ട്രീയ പാർട്ടികൾ ചെലവിന്റെ ഒരു വിഹിതം പോക്കറ്റ് മണിപോലെ തുടക്കത്തിലേ നൽകും. പലരും ഈ തുകയിലാണ് തെരഞ്ഞെടുപ്പു കമ്മീഷനു നൽകുന്ന ചെലവ് ഉൾപ്പെടുത്തുക. അല്ലാതെ വരുന്ന സഹായങ്ങളെല്ലാം സ്വയം വികസനത്തിലേക്ക് സംഭാവന ചെയ്യും. മത്സരത്തിലെ ജയസാധ്യതയേക്കാൾ സ്ഥാനാർഥിത്വത്തിനുളള പിടിവലിക്കു മുന്നിലുളള സാമ്പത്തിക ശാസ്ത്രം അമ്പരപ്പിക്കുന്നതാണ്. കന്നിക്കാർക്ക് സഹായം കുറയും. പലിശക്കാരന്റെ വരെ പണം വാങ്ങിയാണ് പ്രചാരണം തീർക്കുന്നത്. ജയിച്ചില്ലെങ്കിൽ പടം പൊളിഞ്ഞ ചലച്ചിത്ര നിർമാതാവിന്റെ അവസ്ഥയാണ്.


ഓരോ ഭാഗവും സ്‌പോൺസർ ചെയ്യാൻ റെഡി. ചുവരെഴുത്തും, പോസ്റ്ററും. വാഹനങ്ങളും ചെലവും എല്ലാം വഹിച്ചുകൊള്ളും. ഒന്നു അറിയേണ്ട. ഇടേണ്ട ഷർട്ടുവരെ തേച്ച് എത്തിക്കും. പക്ഷേ ഇതൊന്നും പുറത്തു പറയില്ല.  ഉദ്ദിഷ്ടകാര്യത്തിനുളള ഉപകാര സ്മരണ പിന്നീട് മാത്രം മതി. ടി.എൻ ശേഷൻ തെരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കേ ഈ രംഗം ഒന്നു ശുദ്ധീകരിച്ചതാണ്. പിന്നീട് എല്ലാം പോയി. 
തെരഞ്ഞെടുപ്പ് തലേന്ന് ഡീലുകളുടെ ദിനമാണ്. വോട്ടുറപ്പിക്കാനും ആടിയുലയുന്നവയെ പിടച്ചുനിർത്താനും സകല അടവുകളും രാഷ്ട്രീയ പാർട്ടികൾ പുറത്തെടുക്കുന്ന ദിവസം. വോട്ടെടുപ്പ് അവസാനിക്കും വരെ ഓരോ കേന്ദ്രങ്ങളിലും രാഷ്ട്രീയ പാർട്ടികളുടെ ഏജന്റുമാരുടെ നിരീക്ഷണത്തിലാണ്. പ്രത്യേകിച്ച് വിജയത്തിനായി വിയർപ്പൊഴുക്കുന്നവർ. സമ്മർദ ശക്തികളുടെ വോട്ടുകൾ ഒറ്റക്കെട്ടായി വീഴുത്തുക എന്നതാണ് ആദ്യ അടവ്. ഇതിനുളള വിശാലമായ അടവു നയം നേരത്തെ തന്നെ രൂപപ്പെടുത്തിയിരിക്കും. സംഘടനകൾ, സമുദായ സംഘടനകൾ, റസിഡൻ്‌സ് അസോസിയേഷനുകൾ ഇവയുമായെല്ലാം ധാരണയിലായിരിക്കും. പിന്നീട് കോളനികളാണ് ലക്ഷ്യം. കോളനികളിൽ സ്വാധീനിക്കാനായി പ്രത്യേക വിഭാഗം തന്നെയുണ്ട്. ഭരണ പക്ഷത്തുളളവരേക്കാൾ ഇക്കാര്യങ്ങളിൽ എതിർപക്ഷത്തുളളവർക്ക് അധ്വാനിക്കേണ്ടിവരും.
പണമായും സ്ഥാനമാനങ്ങളായും  ഡീലുകൾ ഉറപ്പിക്കും. തെരഞ്ഞെടുപ്പ് ബഹിഷ്‌കരണമുള്ള പ്രദേശങ്ങളിലും മുന്നണിക്കു സാധ്യത കുറവുള്ള മേഖലകളിലും പ്രാദേശികമായ ജനവികാരത്തെ മാനിച്ചായിരിക്കും വോട്ട് പിടിത്തം നടക്കുന്നത്. പ്രാദേശിക പ്രശ്‌നങ്ങൾക്കു വാക്കാലും രേഖാമൂലവും പരിഹാരം നൽകി വോട്ട് പിടിക്കും.

 

Latest News