സുരേഷ് ഗോപി വോട്ടു ചെയ്യാന്‍ തിരുവനന്തപുരത്തേക്ക് ഹെലികോപ്റ്ററില്‍ പോകും

തൃശൂര്‍ - നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ പ്രമുഖരായ വ്യക്തികള്‍ വിവിധ ബൂത്തുകളില്‍ രാവിലെത്തന്നെ വോട്ടു ചെയ്യാനെത്തും. തൃശൂരിലെ എന്‍.ഡി.എ സ്ഥാനാര്‍ഥി സുരേഷ്‌ഗോപിക്ക് തിരുവനന്തപുരത്താണ് വോട്ട്. രാവിലെ തൃശൂര്‍ മണ്ഡലത്തിലെ വിവിധ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തുന്ന അദ്ദേഹം ഉച്ചക്ക് പന്ത്രണ്ടരയോടെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് പോകും.
അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്, സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവര്‍ ബിഷപ്പ് ഹൗസിനു സമീപത്തു തന്നെയുള്ള സെന്റ് ക്ലയേഴ്‌സ് സ്‌കൂളില്‍ രാവിലെ ഏഴേ കാലിന് വോട്ട് രേഖപ്പെടുത്തും.  യു.ഡി.എഫ് സ്ഥാനാര്‍ഥി പത്മജ വേണുഗോപാലിന് പൂങ്കുന്നം ഹരിശ്രീ സ്‌കൂളിലാണ് വോട്ട്. രാവിലെ ഏഴിനു വോട്ട് രേഖപ്പെടുത്തിയതിനു ശേഷം പത്മജ ബൂത്തുകള്‍ സന്ദര്‍ശിക്കും.
ഗവണ്‍മെന്റ് ചീഫ് വിപ്പ് കെ. രാജന്‍ രാവിലെ 7.30ന് അന്തിക്കാട് ഹൈസ്‌കൂളില്‍ ബൂത്ത് 35ലും മന്ത്രി വി.എസ്. സുനില്‍കുമാര്‍ രാവിലെ ഏഴിന് മാങ്ങാട്ടുകര എ.യു.പി സ്‌കൂള്‍ ബൂത്ത് 26ല്‍ കുടുംബസമേതവും എത്തി വോട്ട് രേഖപ്പെടുത്തും.
മുന്‍ എം.പിയും ചലച്ചിത്ര താരവുമായ ഇന്നസെന്റ് ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളിലും ചലച്ചിത്ര താരം ടൊവിനോ തോമസ് ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് സ്‌കൂളിലും വോട്ട് രേഖപ്പെടുത്തും. ഇരിങ്ങാലക്കുട സ്വദേശിനി നടി അനുപമ പരമേശ്വരന്‍ ഹൈദരാബാദില്‍ തെലുങ്ക് സിനിമയുടെ ഷൂട്ടിംഗ് തിരക്കായതിനാല്‍ വോട്ട് രേഖപ്പെടുത്താനെത്തില്ല.
ടി.എന്‍. പ്രതാപന്‍ എം.പി തളിക്കുളം കൈതയ്ക്കല്‍ കുന്നത്തുപള്ളി നൂറുല്‍ഹുദ മദ്രസ പോളിംഗ് ബൂത്ത് 14 എയില്‍ രാവിലെ ഏഴിന് വോട്ട് ചെയ്യും. അതിന് ശേഷം ജില്ലയില സംഘര്‍ഷ ബാധിത ബൂത്തുകളായി യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയ ബൂത്തുകളില്‍ സന്ദര്‍ശനം നടത്തും. അനില്‍ അക്കര എം.എല്‍.എ പുറനാട്ടുകര ശ്രീരാമകൃഷ്ണാശ്രമം ബോയ്‌സ് ഹൈസ്‌കൂളില്‍ രാവിലെ ഏഴിന് വോട്ട് രേഖപ്പെടുത്തും.
മുന്‍ മന്ത്രി കെ.പി. രാജേന്ദ്രന്‍  രാവിലെ ഏഴിന് പൂങ്കുന്നം സ്‌കൂളിലും നാട്ടികയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി സി.സി. മുകുന്ദന്‍ അന്തിക്കാട് എല്‍.പി സ്‌കൂളിലും വോട്ട് ചെയ്യാനെത്തും.
ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മുകുന്ദപുരം ഗവ. എല്‍പി സ്‌കൂളിലാണ് വോട്ടു ചെയ്യുക.  
ഇരിങ്ങാലക്കുട നിയോജകമണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്‍ ബസ് സ്റ്റാന്‍ഡിനു സമീപമുള്ള ഇന്‍ഡസ്ട്രിയല്‍ സ്‌കൂളിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. ആര്‍ ബിന്ദു തൃശൂര്‍ കേരള വര്‍മ്മ കോളേജിലും എന്‍ഡിഎ സ്ഥാനാര്‍ഥി ഡോ. ജേക്കബ് തോമസ് എറണാകുളം കടവന്ത്ര ബൂത്തിലും വോട്ട് രേഖപെടുത്തും.

 

Latest News