Sorry, you need to enable JavaScript to visit this website.

പ്രവാസി സംരക്ഷണത്തിനും സമാധാനത്തിനും യു.ഡി.എഫ് അധികാരത്തിലെത്തണം- സൗദി കെ.എം.സി.സി

റിയാദ്- വികസനത്തിനും സമാധാനത്തിനും സാഹോദര്യത്തിനും സൈ്വര്യ ജീവിതത്തിനും പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ഐക്യ ജനാധിപത്യ മുന്നണിയെ അധികാരത്തിലേറ്റണമെന്ന് കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി പൊതുജനങ്ങളോടും പ്രവാസി സമൂഹത്തോടുമായി അഭ്യര്‍ഥിച്ചു. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങളെ പൊറുതിമുട്ടിച്ച ഭരണമാണ് കഴിഞ്ഞ അഞ്ച് വര്‍ഷം അരങ്ങേറിയത്. അഴിമതിയും സ്വജനപക്ഷപാതവും അക്രമവും അനീതിയും അഴിഞ്ഞാടിയ ഭരണത്തില്‍ മറ്റുള്ളവരെ പോലെ പ്രവാസി സമൂഹവും പല തവണ അപമാനിക്കപ്പെട്ടു. പല തരത്തിലുള്ള വാഗ്ദാനങ്ങള്‍ നല്‍കി പ്രവാസി സമൂഹത്തെ വഞ്ചിച്ചവര്‍ ജാടകളിലൂടെ പിടിച്ചു നില്‍ക്കാനുള്ള ശ്രമമാണ് ഇക്കാലമത്രയും നടത്തിയത്. കോവിഡ് കാലത്ത് പ്രവാസികളോട് ഇടതു സര്‍ക്കാര്‍ കാട്ടിയ ക്രൂരത കാലമെത്ര പിന്നിട്ടാലും മറക്കാന്‍ സാധിക്കില്ല.

ഗള്‍ഫില്‍ കോവിഡ് വ്യാപനം രൂക്ഷമായ സമയത്ത് മാറാവ്യാധികള്‍ പേറി നടന്ന പ്രായമായ പ്രവാസികള്‍ നാട്ടിലെത്താന്‍ സര്‍ക്കാരിന്റെ കാലു പിടിച്ചു കരഞ്ഞു. കോവിഡിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍, നാട്ടിലെത്തിക്കാന്‍ അവര്‍ കേണപേക്ഷിച്ചു. കരളലയിക്കുന്ന ആ രോദനങ്ങള്‍ കണ്ടില്ലെന്ന് നടിച്ച പിണറായി സര്‍ക്കാര്‍ കനിഞ്ഞില്ലെന്ന് മാത്രമല്ല കേന്ദ്രത്തിന് മേല്‍ കെട്ടിവെച്ച് തടി തപ്പുകയാണ് ചെയ്തത്. പ്രയാധിക്യമുള്ളവരെയും മാറാവ്യാധികള്‍ പിടിപെട്ടവരെയും അടിയന്തരമായി നാട്ടിലെത്തിക്കണമെന്ന പ്രവാസി സംഘടനകളുടെ നിരന്തരമായ ആവശ്യങ്ങളും അവഗണിച്ചു തള്ളി.
ആ ദീനരോദനങ്ങള്‍ തീര്‍ത്തവരില്‍ പലരും ഇന്ന് ഗള്‍ഫ് രാജ്യങ്ങളിലെ
ആറടി മണ്ണില്‍ അന്ത്യവിശ്രമത്തിലാണ്. അവരുടെ കുടുംബങ്ങള്‍ അനാഥരുമാണ്. കോവിഡിന്റെ പിടിയില്‍ അകപ്പെട്ട് മരിച്ച പ്രവാസികളുടെ കുടുംബങ്ങളെ ഈ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ല. അനാഥരായ ആ പ്രവാസി കുടുംബങ്ങള്‍ക്ക് കെ.എം.സി.സി പോലുള്ള പ്രവാസി സംഘടനകളാണ് അല്‍പമെങ്കിലും തുണയായത്.
അഹന്തയും അഹങ്കാരവും അലങ്കാരമായി കൊണ്ടുനടന്നവരും ഏകാധിപതിയെ പോലുള്ളവരുടെ ധാര്‍ഷ്ട്യവും തകര്‍ത്തത് കേരളത്തിന്റെ സന്തോഷവും സമാധാനവുമാണ്.
മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ മാത്രം നിര്‍വഹിച്ച ഇടതു സര്‍ക്കാര്‍ സി.പി.എമ്മിനും നേതാക്കള്‍ക്കും നേട്ടമുണ്ടാക്കുന്ന ചില പദ്ധതികള്‍ക്ക് മാത്രം പച്ചക്കൊടി കാട്ടി. പി.ആര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ മാധ്യമങ്ങളിലൂടെ പരസ്യങ്ങള്‍ നല്‍കി ജനശ്രദ്ധ നേടാന്‍ ശ്രമിച്ചവര്‍ കോവിഡ് കാലത്തെ റിപ്പോര്‍ട്ടിങ് സര്‍ക്കാരിന്റെ വീമ്പ് പറയാനുള്ള വേദിയുമാക്കി. ഇങ്ങനെ മഹാമാരിയെ പോലും തന്റെ ഇമേജ് ഉയര്‍ത്താന്‍ ഉപയോഗിച്ച മുഖ്യമന്ത്രി പ്രവാസികളെ മരണത്തിന്റെ വ്യാപാരികളെന്നും കോവിഡ് വാഹകരെന്നും വിളിച്ച് അപമാനിച്ചു. ഇത്തരത്തില്‍ ഭരണചക്രം കേരള ജനതയുടെ പൊതുവികാരത്തിനെതിരായി ചലിപ്പിച്ചവര്‍ ഇനിയും നിയമസഭയില്‍ ഉണ്ടാകരുത്.
പ്രവാസി വിഷയങ്ങളടക്കം പഠിച്ച് സഭയില്‍ അവതരിപ്പിക്കാന്‍ ശേഷിയും പ്രാപ്തിയുമുള്ളവര്‍ക്കും ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായിട്ടുള്ളവര്‍ക്കുമായിരിക്കണം പ്രവാസികളും കുടുംബങ്ങളും കേരള ജനതയും വോട്ട് ചെയ്യേണ്ടത്. പ്രവാസികള്‍ക്ക് അര്‍ഹമായ പരിഗണനയും അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നവര്‍ക്കും പ്രവാസത്തിനു വിരമാമിടാന്‍ പ്രവാസികളെ പ്രാപ്തരാക്കുന്ന വികസന കാഴ്ചപ്പാടുകളുമായി സംസ്ഥാനത്ത് വികസനം സാധ്യമാക്കാന്‍ ശേഷിയുമുള്ള യു.ഡി.എഫ് സംവിധാനമാണ് അധികാരത്തിലെറേണ്ടത്. ഇടതു ഭരണത്തിന് അന്ത്യം കുറിക്കുന്നതിനാകണം നമ്മുടെ വോട്ട്. അതോടൊപ്പം ജനകീയ പ്രകടന പത്രികയുമായി വന്ന, മലയാളിയുടെ മനസ്സറിയുന്ന യു.ഡി.എഫിനെ അധികാരത്തിലേറ്റാനായി നമ്മുടെ സമ്മതിദാനവകാശം വിനിയോഗിക്കണം. സാധാരണക്കാര്‍ക്കും പ്രവാസികള്‍ക്കും ഇടപഴകാന്‍ സാധിക്കുന്ന കരുത്തരും കരുണയുള്ളവരുമായവരുടെ കരങ്ങളിലാകണം നാടിന്റെ ഭരണമെന്നും കെ.എം.സി.സി സൗദി നാഷണല്‍ കമ്മിറ്റി നേതാക്കളായ കെ.പി മുഹമ്മദ്കുട്ടി, ഖാദര്‍ ചെങ്കള, കുഞ്ഞിമോന്‍ കാക്കിയ, എ.പി ഇബ്രാഹിം മുഹമ്മദ് എന്നിവര്‍ ആഹ്വാനം ചെയ്തു.

 

Latest News