പങ്കില്ലെന്ന് ബി.ജെ.പി
കണ്ണൂർ- മുഖ്യമന്ത്രിയുടെ കട്ടൗട്ടിൽ നിന്നും തല വെട്ടിമാറ്റിയ സംഭവത്തിന് പിന്നിൽ മമ്പറത്തെ ആർ.എസ്.എസ് സംഘമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ പറഞ്ഞു. കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്പറത്തെ ആർ.എസ്.എസ് ഗുണ്ടാസംഘമാണ് ഇതിന് പിന്നിൽ. ക്വട്ടേഷൻ ഗാംങായി പ്രവർത്തിക്കുന്ന സംഘത്തിൽ പെട്ടവരാണിവർ. പ്രകോപനമുണ്ടാക്കി തെരഞ്ഞെടുപ്പു നടപടികൾ അട്ടിമറിക്കാനുള്ള നീക്കമാണിതിന് പിന്നിൽ. എൽ.ഡി.എഫ് വിജയം ഉറപ്പായപ്പോൾ വ്യക്തിഹത്യയിലൂടെ അപമാനിക്കുക എന്ന ലക്ഷ്യമാണിതിന് പിന്നിൽ. മുഖ്യമന്ത്രിയുടെ കട്ടൗട്ടിലെ തല വെട്ടിമാറ്റിയ സംഭവം ഇവരുടെ വികൃത മനസ്സും ദുഷ്ടചിന്തയുമാണ് വെളിവാക്കുന്നത്- ജയരാജൻ പറഞ്ഞു.
ഇടതുപക്ഷത്തെ അപകീർത്തിപ്പെടുത്തുന്നതിന് വ്യാപകമായി വ്യാജ നോട്ടീസുകൾ വിതരണം ചെയ്തു വരുന്നുണ്ട്. കഴിഞ്ഞ രാത്രി തന്നെ ഇക്കാര്യം വ്യക്തമായിരുന്നു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡിൽ നോട്ടീസ് വിതരണം ചെയ്ത മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതിനെതിരെ പോലീസിൽ പരാതി നൽകി. യു ഡി.എഫ് സ്ഥാനാർഥിക്കെന്ന പേരിൽ ഇടതു സ്ഥാനാർഥികളെ അപമാനിക്കുന്ന ഇത്തരം പ്രചാരണത്തിനെതിരെ നിയമ നടപടിയുണ്ടാവും. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അഴീക്കോട് മണ്ഡലത്തിൽ ഇത്തരത്തിൽ നോട്ടീസ് വിതരണം നടത്തുകയും പോലീസ് ഇവ പിടിച്ചെടുക്കുകയും ഇത് തെരഞ്ഞെടുപ്പ് കേസാവുകയും യു.ഡി.എഫ് സ്ഥാനാർഥിയെ കേരള ഹൈക്കോടതി അയോഗ്യനാക്കുകയും ചെയ്ത കാര്യം ഇത്തരം നോട്ടീസുകൾ വിതരണം ചെയ്യുന്നവർ ഓർക്കുന്നത് നല്ലതാണെന്നും ജയരാജൻ പറഞ്ഞു.
മമ്പറത്ത് മുഖ്യമന്ത്രിയുടെ കട്ടൗട്ട് വെട്ടിമാറ്റിയ സംഭവത്തിൽ പാർട്ടി പ്രവർത്തകർക്ക് ബന്ധമില്ലെന്ന് ബി.ജെ.പി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.കെ. വിനോദ് കുമാർ പറഞ്ഞു.
ബൈക്ക് റാലി നിരോധിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ലംഘിച്ചുകൊണ്ട് പ്രചാരണം നടത്തിയത് മുഖ്യമന്ത്രിയാണ്. നൂറിലധികം ബിജെപിയുടെ പ്രചാരണ ബോർഡുകൾ സി.പി.എം നശിപ്പിച്ചു. എന്നിട്ടും പ്രവർത്തകർ ആത്മസംയമനം പാലിച്ചുകൊണ്ടാണ് മണ്ഡലത്തിൽ പ്രവർത്തനം നടത്തുന്നത്. കട്ടൗട്ട് മുറിച്ചുമാറ്റിയ സംഭവത്തിൽ ബിജെപിക്ക് പങ്കില്ലെന്നും വിനോദ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.