പ്രശ്‌നബാധിത ബൂത്തുകൾ 27 കൊച്ചി- നിയമസഭാ തെരഞ്ഞെടുപ്പിന് എറണാകുളം ജില്ല പൂർണതോതിൽ സജ്ജമായതായി ജില്ലാ കലക്ടർ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സജ്ജമാക്കിയിരിക്കുന്നത് 3899 പോളിംഗ് ബൂത്തുകളാണ്. 2016 ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ 1647 പോളിംഗ് ബൂത്തുകളാണ് ഇത്തവണ അധികമായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ ആകെ പോളിംഗ് ബൂത്തുകളുടെ എണ്ണം 2108 ആയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ബൂത്തിൽ പരമാവധി 1000 പേർക്ക് മാത്രമാണ് വോട്ടിംഗ് സൗകര്യം സജ്ജമാക്കുന്നത്. അതുകൊണ്ടുതന്നെ പോളിംഗ് ബൂത്തുകളുടെ എണ്ണം ഇത്തവണ ഇരട്ടിയാണ്.
ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലും സജ്ജമാക്കിയ പോളിംഗ് ബൂത്തുകളുടെ എണ്ണം യഥാക്രമം. പെരുമ്പാവൂർ 270, അങ്കമാലി 257, ആലുവ 286, പറവൂർ 298,വൈപ്പിൻ 259, കളമശ്ശേരി 298, തൃക്കാക്കര 287, കൊച്ചി 270, എറണാകുളം 248, തൃപ്പൂണിത്തുറ 308, മൂവാറ്റുപുഴ 284, കുന്നത്തുനാട് 273, പിറവം 312, കോതമംഗലം 254.
ജില്ലയിലെ പ്രശ്‌ന ബാധിത സാഹചര്യമുള്ളതായി കണക്കാക്കുന്ന ബൂത്തുകളിലെല്ലാം സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ പൂർത്തിയാക്കി. 13 പ്രദേശങ്ങളിലായി 27 പ്രശ്‌നബാധിത ബൂത്തുകളാണ് ഉള്ളത്. ഇവിടെ സുരക്ഷക്കായി കൂടുതൽ പോലീസുകാരെ വിന്യസിച്ചു. കൂടാതെ ഈ ബൂത്തുകളിൽ മൈക്രോ ഒബ്‌സർവർമാരെ നീരീക്ഷണത്തിനായി ചുമതലപ്പെടുത്തി. ബൂത്തുകളിലെ പോളിംഗ് പ്രക്രിയകളെല്ലാം വെബ് കാസ്റ്റ് ചെയ്യുന്നതിനുള്ള നടപടികളും പൂർത്തിയാക്കി. 3899 ബൂത്തുകളാണ് ജില്ലയിലുള്ളത്. ഇതിൽ 1846 പോളിംഗ് ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ 14 പോളിംഗ് സ്റ്റേഷനുകൾ വനിതാ പോളിംഗ് സ്റ്റേഷനുകളാണ്.